ജ്ഞാനവാസിഷ്ഠത്തിലൂടെ
(ഭൂസുണ്ഡന്റെ കഥ തുടര്‍ച്ച)
ഗുരുസത്ഗുണസിന്ധോ! ശ്രീരാമ! കരാടാധിപന്‍ ഇങ്ങനെ പറഞ്ഞനേരം അറിവുണ്ടെന്നാകിലും
പിന്നെയും ഞാന്‍ സരസമായി ‘
പ്രാണചിന്തയെന്നുള്ളതെന്ത്’ എന്നു ചോദിച്ചു. അതുകേട്ട് മഹാശയനായ ഭൂസുണ്ഡന്‍ പിന്നെയും ഇപ്രകാരം പറയുവാന്‍ തുടങ്ങി. ‘ഉന്നതമായ പ്രാണസമാധാനത്തെ ഞാന്‍ വിവരിച്ചു പറയാം, സകൗതുകം നീ കേട്ടാലും മഹാമുനേ! ശരീരമായ സുന്ദരമന്ദിരത്തിന്റെ മദ്ധ്യത്തില്‍ ഹൃദയമായ താമര വര്‍ത്തിക്കുന്നു. അതില്‍
പ്രാണാപാനന്മാരെന്ന (പ്രാണനും അപാനനും) ഏറെ പറയപ്പെടുന്ന രണ്ടു വായുക്കളുണ്ട്. അവ മേലും കീഴുമായും സഞ്ചരിക്കുന്നു. ഞാന്‍ എന്നും അതിന്റെ ഗതിയെ അനുസരിക്കുന്നു. ആകാശത്തിങ്കല്‍ എന്നും സഞ്ചാരം ചെയ്തീടുന്നതായ ശീതോഷ്ണവപുസ്സുകളാണവ രണ്ടും. ശരീരമാകുന്ന മഹായന്ത്രത്തെ വഹിക്കുന്ന അവയ്‌ക്ക് ക്ഷീണമൊട്ടും ഒരിക്ക്‌ലുമില്ലെന്ന് ഓര്‍ത്താലും. ഹൃദയാകാശസൂര്യചന്ദ്രന്മാരായീടുന്ന അവ എപ്പോഴും ജാഗ്രത്സ്വപ്‌നസുഷുപ്തങ്ങളില്‍ ഭേദംകൂടാതെ വര്‍ത്തിച്ചീടുന്നു. അതിന്റെ ഗതിയെ ഞാന്‍ അനുസരിക്കുന്നു. നല്ലവണ്ണം സുഷുപ്തസ്ഥിതനായുള്ളവന്റെ എന്നപോലെ എന്റെ വാസനാജാലം അകന്നുപോയി. ആയിരമാക്കിക്കീറീട്ടുള്ള താമരനൂലായ അവയ്‌ക്കെല്ലാം ഉള്ള ഗതിയെന്നപോല്‍ സൂക്ഷ്മമല്ല, അതില്‍ പ്രാണന്‍ സദാ ചലനാത്മികയായ ശക്തിയോടുകൂടിയതാണ്. സന്തതം സഞ്ചരിക്കുന്ന അത് ദേഹത്തില്‍ ബാഹ്യാഭ്യന്തരങ്ങളില്‍ ഊര്‍ദ്ധ്വഗതിയായി വര്‍ത്തിക്കുന്നു. അതുപോലെ അപാനനും ചലനാത്മികയായീടുന്ന ശക്തിയോടുകൂടിയതാണ്. അതും സതതം സഞ്ചരിച്ച് ദേഹത്തില്‍ ബാഹ്യാഭ്യന്തരങ്ങളില്‍ അധോമുഖമായി വര്‍ത്തിക്കുന്നു.
ഉണര്‍ന്നിരിക്കുമ്പോഴും നിദ്രചെയ്തീടുമ്പോഴും ലോകത്തില്‍ ജ്ഞാനിക്കുണ്ടാകുന്ന ഉത്തമമാകുന്ന പ്രാണായാമത്തെക്കുറിച്ച് ഞാനിപ്പോള്‍ പറയാം. അതു കേള്‍ക്കുകില്‍ അങ്ങേയ്‌ക്കു മംഗളകരമാകും. അല്പം പോലുംയത്‌നംകൂടാതെതന്നെ ഹൃത്പത്മത്തില്‍നിന്നു പ്രാണങ്ങള്‍ നന്നായിട്ട് ബഹിര്‍മുഖമായി ഭവിക്കുന്നതാണ് ഉള്ളിലുള്ള രേചകമെന്നു പറയുന്നത്. നന്നായി പുറത്തേക്ക് പന്ത്രണ്ടംഗുലത്തോളം ചെന്നീടും പ്രാണങ്ങളുടെ വിസ്തൃതമായീടുന്ന അംഗസ്പര്‍ശം പുറത്തുള്ളോരു പൂരകമെന്ന് ചൊല്ലെഴും മനീഷികള്‍ പറയുന്നു. ബാഹ്യത്തില്‍നിന്ന് അപാനനായ സമീരണന്‍ (വായു) ദേഹാഭ്യന്തരത്തിങ്കല്‍ ചെന്നീടുന്ന നേരത്ത് എളുപ്പമായി സിദ്ധിക്കും ശരീരപ്രപൂരകസ്പര്‍ശം അന്തഃപൂരകമായീടുന്നു. അപാനന്‍ അസ്തമിച്ച് പ്രാണന്‍ ഹൃത്തില്‍ അഭ്യുദിതമാകാതെയുള്ള അവസ്ഥയെ സന്തതം യോഗീന്ദ്രന്മാര്‍ അനുഭവിച്ചീടുന്നു, ആയതിനെ അന്തഃകുംഭകമെന്നു പറയുന്നു.
ബാഹ്യോന്മുഖനാകുന്ന പ്രാണന്റെ നാസാഗ്രത്തോളമായ ഗതിതന്നെ ആദ്യമായീടുന്ന ഒരു ബാഹ്യപൂരകമെന്നു വിദ്വാന്മാരൊക്കെയും പറയുന്നു. പ്രാണമാരുതന്‍ നാസാഗ്രത്തിങ്കല്‍നിന്നു ഊനംകൂടാതെ പന്ത്രണ്ടംഗുലത്തോളം ചെല്ലുന്നത് അപരമാകുന്ന ബാഹ്യപൂരകമെന്നു വിഖ്യാതരായ യോഗവിത്തുക്കളെല്ലാം പറയുന്നു. പ്രാണന്‍ ബഹിര്‍ഭാഗമായതിലസ്തമിച്ച് അപാനന്‍ ഉല്‍ഗതനാകാതിരുന്നീടുന്നത് പൂര്‍ണസമാവസ്ഥമായി വിളങ്ങുന്ന പുറകംഭകമെന്നു കോവിദന്മാര്‍ പറയുന്നു. ചിന്തിച്ചീടുക, വായുവിന്റെ അപാനോദയമാകുന്ന അന്തര്‍മുഖത്വം ബാഹ്യരേചകമായീടുന്നു. ഉള്ളില്‍ എപ്പോഴും ധ്യാനിക്കപ്പെടും ഇത് മാമുനേ! മുക്തിയെ കൊടുക്കുന്നതാകുന്നു. ഉള്ളിലും പുറമെയും കംഭകം മുതലായിട്ടുള്ളവയാകുന്ന പ്രാണാപാനസ്വഭാവങ്ങളെ നന്നായിട്ടറിഞ്ഞിരിക്കുന്നവന്‍ ആരെന്നാലും ഭൂമിയില്‍ പിന്നെ ജനിക്കുകയില്ല. പ്രാണനും അപാനനുമുള്ള സ്വഭാവങ്ങള്‍ ഞാന്‍ ഉരചെയ്തത് എട്ടും നിശ്ചയമായും മുക്തിയെ നല്‍കും. മാനസത്തിനെ അല്പവും പുറത്തേക്കയക്കാതെ ദീനതവെടിഞ്ഞ് ഇവ ചെയ്തുകൊണ്ടീടുന്നവന്‍ സന്ദേഹമില്ല, ചില ദിവസംകൊണ്ടുതന്നെ നന്നായി കേവലമാകുന്ന പദത്തെ പ്രാപിക്കും. നിശ്ചയമായും ഈ എട്ടും അഭ്യസിപ്പവന് ഉള്ളില്‍ വിഷയസ്‌നേഹമുണ്ടായീടുകയില്ല. ഈ ദൃഷ്ടിയെ കൈക്കൊണ്ട് ലോകത്തില്‍ സ്ഥിരബുദ്ധികളായി ആരെല്ലാം വര്‍ത്തിക്കുന്നു അവരാല്‍ പ്രാപിക്കേണ്ടതഖിലവും പ്രാപിക്കപ്പെട്ടു, അവരാണ് ഈ ലോകത്തില്‍ അഖിന്നന്മാരായുള്ളവര്‍.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: