കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്ന് എല്‍എല്‍ബി പാസായ വിദ്യാര്‍ത്ഥിനിക്ക് നല്‍കിയത് എല്‍എല്‍എം സര്‍ട്ടിഫിക്കറ്റ്. ബിരുദ സര്‍ട്ടിഫിക്കറ്റിന് പകരം ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കിയതു സര്‍വകലാശാലയോ വിദ്യാര്‍ഥിനിയോ വര്‍ഷങ്ങളോളം അറിഞ്ഞില്ല. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥിനി സര്‍ട്ടിഫിക്കറ്റ് മാറിയ കാര്യം അറിഞ്ഞത്.
വിദ്യാര്‍ഥിനി ഉദ്യോഗത്തിനായി സമര്‍പ്പിച്ച അപേക്ഷയില്‍ സമര്‍പ്പിച്ചിരുന്ന രേഖകള്‍ പരിശോധിച്ച നിയമന ഏജന്‍സി തെറ്റ് ചൂണ്ടിക്കാട്ടിയപ്പോഴാണ് വിദ്യാര്‍ഥിനിയും ഇക്കാര്യം ശ്രദ്ധിച്ചത്. സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിക്കിട്ടാന്‍ വിദ്യാര്‍ഥിനി സമീപിച്ചപ്പോഴാണു അമളി പറ്റിയെന്നു സര്‍വകലാശാലയ്ക്കും മനസ്സിലാക്കിയത്.
2013-ലാണ് വിദ്യാര്‍ഥിനി എല്‍എല്‍ബി പാസായത്. സര്‍ട്ടിഫിക്കറ്റിലെ പിഴവ് കണ്ടെത്തിയത് 2023-ലും. ഇതേവര്‍ഷം നല്കിയ മറ്റ് എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റുകളിലൊന്നും ഈ പിഴവ് സംഭവിച്ചിട്ടില്ലെന്ന് സര്‍വകലാശാല പറയുന്നു. സര്‍ട്ടിഫിക്കറ്റിലെ പിഴവ് എങ്ങനെ സംഭവിച്ചുവെന്നു അന്വേഷിക്കാന്‍ വൈസ്ചാന്‍സലര്‍ ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: