‘സൈക്കി’ ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ട് നാസയുടെ സൈക്കി പേടകം കുതിച്ചു. ഇന്നലെ വൈകുന്നേരം 7.49 ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലാണ് ദൗത്യം. ഒക്ടോബര്‍ 12 ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം കാലാവസ്ഥാ പ്രശ്‌നത്തെ തുടര്‍ന്ന് ഒക്ടോബര്‍ 13 ലേക്ക് മാറ്റുകയായിരുന്നു.
ചൊവ്വയ്‌ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഛിന്നഗ്രഹ വലയത്തിന്റെ പുറംഭാഗത്തായാണ് സൈക്കി ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്. പാറയേക്കാളും ഐസിനേക്കാളും കൂടുതല്‍ ലോഹങ്ങളുള്ള ഒരു ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാനുള്ള നാസയുടെ ആദ്യ ദൗത്യമാണിത്. ആഗോള സമ്പദ് വ്യവസ്ഥയെ മറികടക്കാന്‍ സാധ്യതയുള്ള ആകാശഗോളത്തെ പര്യവേക്ഷണം ചെയ്യുകയാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് നാസ വ്യക്തമാക്കി.
1852-ല്‍ ഇറ്റാലിയന്‍ വാനശാസ്ത്രജ്ഞനായ അനിബെലെ ഡി ഗ്യാസപാരിസ് ആണ് ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ഗ്രീക്ക് പുരാണപ്രകാരം ആത്മാവിന്റെ ദേവന്റെ പേരാണ് ഇതിന് നല്‍കിയിരിക്കുന്നത്. ലോഹങ്ങളാല്‍ സമ്പുഷ്ടമാണ് സൈക്കി ഛിന്നഗ്രഹം. ഗ്രഹങ്ങളുടെ വിവിധ ഭാഗങ്ങള്‍ ചേര്‍ന്നാണ് ഇവ രൂപം കൊണ്ടത്. പ്രപഞ്ചം എങ്ങനെ സൃഷ്ടിക്കപ്പെട്ടു, ഭൂമി ഇന്നത്തെ അവസ്ഥയിലേക്ക് എങ്ങനെ എത്തി എന്നെല്ലാം മനസ്സിലാക്കാന്‍ സൈക്കിക്ക് കഴിയുമെന്നാണ് ശാസ്ത്രലേകത്തിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: