എം.പി.രാജീവന്
ദക്ഷിണ ക്ഷേത്ര സഹസംഘടനാ സെക്രട്ടറി
ഭാരതീയ മസ്ദൂര്‍ സംഘം
”അസാധ്യം എന്ന വാക്ക് സ്വന്തം നിഘണ്ടുവില്‍ ഇല്ലാത്ത കര്‍മയോഗി”; രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന ഗുരുജിഗോള്‍വള്‍ക്കര്‍, രണ്ട് സംഘപ്രചാരകന്മാരെ കുറിച്ച് വിശേഷിപ്പിച്ച വാക്കുകളാണ് മേല്‍ ഉദ്ധരിച്ചത്. ഒരാള്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സ്ഥാപകനായ ദത്തോപാന്ത് ഠേംഗ്ഡിജി. മറ്റെയാള്‍ സംഘത്തിന്റെ സര്‍കാര്യവാഹ്, കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുത്ത ഏകനാഥ റാനഡെ. എല്ലാ പ്രതിസന്ധികളെയും, വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റി ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ഇവര്‍ അസാമാന്യ സംഘടനാ പാടവമുള്ളവരും, ധിഷണാശാലികളുമായിരുന്നു.
ഠേംഗ്ഡിജിയെ സ്മരിക്കുമ്പോള്‍, നമുക്ക് എന്നും മാതൃകയാക്കാന്‍ കഴിയുന്ന സംഘാടകന്‍, വാഗ്മി, ചിന്തകന്‍ എല്ലാത്തിലും ഉപരി മനുഷ്യസ്നേഹിയായ തൊഴിലാളി പ്രവര്ത്തകന്, ലളിത ജീവിതം നയിക്കുമ്പോഴും ഉയര്‍ന്ന ചിന്തയും ദീര്‍ഘദര്‍ശിത്വവും ഒത്തിണങ്ങിയ ഋഷിവര്യന് തുടങ്ങിയ സവിശേഷതകളാണ് ഓര്‍മ്മിക്കപ്പെടുക. രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനായി സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 1920 ല്‍ മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ ആര്‍വ്വി നഗരത്തില്‍ ദത്താത്രേയ ബാപ്പുറാവു എന്ന ദതോപന്ത് ഠേംഗ്ഡിജി ജനിച്ചു. അമ്മ ജാനകിഭായിക്കും അച്ഛന് ബാപ്പുറവ് ദജീബാ ഠേംഗ്ഡിക്കും ഒരു വരദാനമായി ലഭിച്ച ജന്മമായിരുന്നു അദ്ദേഹത്തിന്റെത്.
വിദ്യാഭ്യാസകാലത്ത് തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകി. അച്ഛനെപ്പോലെ തന്നെ നിയമ ബിരുദം നേടി. അച്ഛന്റെ പിന്‍ഗാമിയായി മികച്ച അഭിഭാഷകനായി തീരും എന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ചു. എന്നാല്‍ ദൈവനിയോഗം മറിച്ചായിരുന്നു. ഭാരത മാതാവിന്റെ ഉയര്‍ച്ചയ്ക്കായി തന്റെ ജീവിതം സമര്‍പ്പിക്കാന്‍ നിശ്ചയിക്കുകയായിരുന്നു അദ്ദേഹം. സംഘത്തിന്റെ പ്രചാരകനായി 1942 ല്‍ ഗുരുജിയുടെ നിര്‍ദ്ദേശാനുസരണം സംഘപ്രവര്‍ത്തനത്തിനായി കേരളത്തിലേക്ക് നിയോഗിക്കപ്പെട്ടു. തന്റെ കയ്യില്‍ ഗുരുജി ഏല്‍പ്പിച്ച കോഴിക്കോടുള്ള വക്കീലിന്റെ മേല്‍വിലാസം തേടി ബന്ധപ്പെട്ടപ്പോള്‍ നിരാശാജനകമായ പ്രതികരണമായിരുന്നു അവിടെനിന്നും ലഭിച്ചത്.
കേരളത്തിന്റെ പരിതസ്ഥിതികളെക്കുറിച്ച് ഒന്നുമറിയാത്ത ഠേംഗ്ഡിജി അവഗണനയും, എതിര്‍പ്പുകളും അതിജീവിച്ചുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖ കോഴിക്കോട് ആരംഭിച്ചു. കേരളത്തില്‍ സംഘപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച അദ്ദേഹം പിന്നീട് കേരളം പോലെ തന്നെ ദുഷ്കരമായ ബംഗാളില്‍ സംഘപ്രചാരകനായി പ്രവര്‍ത്തിച്ചു.
1955 ജൂലൈ 23ന് ലോകമാന്യ ബാലഗംഗാധര തിലകന്റെ ജയന്തി ദിനത്തില്‍ ഭാരതീയ മസ്ദൂര്‍ സംഘം എന്ന ദേശീയതയില്‍ അധിഷ്ഠിതമായ വേറിട്ട ഒരു തൊഴിലാളി പ്രസ്ഥാനം രൂപീകരിച്ച് വിവിധ ക്ഷേത്ര സംഘടനയായി പ്രവര്‍ത്തനം ആരംഭിച്ചു. ഭാരതീയ മസ്ദൂര്‍ സംഘം രൂപീകരിക്കപ്പെടുന്നതിനു മുമ്പ് ഇന്നാട്ടിലും ലോകം മുഴുവന്‍ തന്നെയും ഉണ്ടായിരുന്ന അന്തരീക്ഷം എന്തായിരുന്നു? തൊഴില്‍ മേഖലയിലും തൊഴിലാളികള്‍ക്കിടയിലും സ്ഥിതി എന്തായിരുന്നു? അത്തരത്തിലുള്ള വിഷയങ്ങളെ എല്ലാവശങ്ങളില്‍ നിന്നുമുള്ള പരിചിന്തനങ്ങളോടെ ഭാരതീയ മസ്ദൂര്‍ സംഘം ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങി ഇന്ന് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി മാറി. വിശിഷ്യാ ലോകത്തിലെ തന്നെ മാതൃകയായ തൊഴിലാളി സംഘടനയായി വളര്‍ന്നു. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഠേംഗ്ഡിജിയുടെ സംഘാടകത്വം സമാനതകളില്ലാത്തതാണ്.
യൂറോപ്പില്‍ വ്യാവസായിക വിപ്ലവത്തിന് ശേഷം സമൂഹം രണ്ടായി വിഭജിക്കപ്പെട്ട നിലയിലായിരുന്നു. വ്യവസായശാല ഉടമകളായ മുതലാളിമാരും വ്യവസായശാലകളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളും. മുതലാളിമാര്‍ അളവില്ലാത്ത സമ്പത്തിന്റെ അധികാരം ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ഭരണത്തെ പോലും നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. തൊഴിലാളികളില്‍ നിന്നും പരമാവധി അധ്വാനം ഊറ്റിയെടുത്ത് പരമാവധി കുറഞ്ഞ കൂലി കൊടുക്കുക എന്നതായിരുന്നു അവരുടെ താല്പര്യം. ഇത് തൊഴിലാളികളുടെ ശേഷി ചോര്‍ത്തി കളയുകയും അവരില്‍ നിരാശയും, വിദ്വേഷവും വളരാനും ഇടയാക്കി.
1919 ല്‍ ലോക തൊഴിലാളി സംഘടന (ഐഎല്‍ഓ)നിലവില്‍ വന്നു. ഈ സംഘടനയില്‍ ഭാരതത്തിലെ തൊഴിലാളി സംഘടനയുടെ പ്രതിനിധിയായി സര്‍ക്കാര്‍ എം.എന്‍.റോയിയെ അയച്ചു. എന്നാല്‍ അത് സ്വീകരിക്കപ്പെട്ടില്ല. തൊഴിലാളി സംഘടനയുടെ പ്രതിനിധിയായല്ല അദ്ദേഹത്തെ അയച്ചതെന്ന കാരണത്താലായിരുന്നു അത്. എന്നാല്‍ അക്കാലത്ത് കേന്ദ്ര തൊഴിലാളി സംഘടനകള്‍ ഒന്നും നിലവില്‍ വന്നിരുന്നില്ല. ട്രേഡ് യൂണിയനുകള്‍ പല സ്ഥലങ്ങളിലും 1919 നു മുന്‍പുതന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പല സ്ഥലങ്ങളിലും സമരങ്ങളും നടത്തിയിരുന്നു. 1920 ഒക്ടോബര്‍ 20ന് ലാലാ ലജ്പത്റായ് യുടെ നേതൃത്വത്തില്‍ എഐറ്റിയുസി രൂപീകരിച്ചു. പിന്നീട് അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിടിച്ചടക്കുകയും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാക്കുകയും ചെയ്തു. 1947 മെയ് മാസം 3ന് ഐഎന്റ്റിയുസി രൂപീകരിച്ചത് അടക്കം നിരവധി തൊഴിലാളി സംഘടനകള്‍ നിലവില്‍ വന്നു. ഭാരതത്തിന്റെ ഉരുക്കു മനുഷ്യന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍, ആചാര്യ കൃപലാനി ഇവരുടെ നേതൃത്വത്തിലാണ് ഐഎന്റ്റിയുസി രൂപീകരിച്ചത്. തുടര്‍ന്ന് എച്ച്എംഎസ്, യുടിയു. സി എന്നീ തൊഴിലാളി സംഘടനകളും രൂപീകൃതമായി.
1920 മുതല്‍ 1948 വരെ നിലവില്‍ വന്ന കേന്ദ്രീയ തൊഴില്‍ സംഘടനകള്‍ ഒന്നിച്ചു ചേര്‍ന്നും, പിളര്‍ന്നും, വീണ്ടും കൂടിചേര്‍ന്നുമൊക്കെ രൂപംകൊണ്ട സംഘടനകളാണ് അക്കാലത്ത് ഭാരതത്തില്‍ നേതൃനിരയില്‍ ഉണ്ടായിരുന്നവര്‍. അവരെല്ലാം തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം വിസ്മരിച്ച നിലയിലായിലായിരുന്നു. തൊഴില്‍രംഗത്ത് ഭാരതീയ ചിന്താധാരയുടെ അടിസ്ഥാനത്തിലുള്ള സംഘടനകളുടെ ആവശ്യം അനിവാര്യമായി കഴിഞ്ഞിരുന്നു. ഈ ഉദ്ദേശ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി ഗുരുജി, ഠേംഗ്ഡിജിയെ ചുമതലപ്പെടുത്തി.
ഇക്കാര്യം അത്ര ലളിതമായ ഒരു ഉത്തരവാദിത്വമായിരുന്നില്ല. തൊഴില്‍ മേഖലയിലെ പ്രത്യേക അനുഭവങ്ങള്‍ക്കായി ഠേംഗ്ഡിജി കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഐഎന്‍ടിയുസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. വളരെയേറെ സമയമെടുത്ത് അദ്ദേഹം 10 വ്യത്യസ്ത യൂണിയനുകളുടെ ചുമതലകള്‍ വഹിച്ചു പ്രവര്‍ത്തിക്കുകയുണ്ടായി. 1952 മുതല്‍ 1955 വരെയുള്ള കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് ബന്ധമുള്ള ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ പ്രൊവിന്‍ഷ്യല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഠേംഗ്ഡിജി ഇപ്രകാരം തന്റെ പരിശ്രമവും കഴിവും ഉപയോഗിച്ച് തൊഴിലാളികളുമായി പുതിയ ബന്ധം ഉണ്ടാക്കുകയും വ്യത്യസ്ത തൊഴില്‍ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും, തൊഴില്‍ നിയമങ്ങള്‍, ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ എന്നിവയൊക്കെ പഠനവിധേയമാക്കുകയും ചെയ്തു. അദ്ദേഹം കമ്മ്യൂണിസത്തിന്റെ താത്വികവും പ്രായോഗികവുമായ വിഷയങ്ങളിലും വേണ്ടത്ര അവഗാഹം നേടുകയുണ്ടായി. തൊഴില്‍ മേഖലയില്‍ അധികവും സമൂഹത്തിലെ ദരിദ്രരും, പീഡിതരും ആണെന്ന് മനസ്സിലാക്കിയാണ് ഠേംഗ്ഡിജി സംഘടനാ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങനെയാണ് 1955 ജൂലൈ 23ന് ഭോപ്പാലില്‍ ഭാരതീയ മസ്ദൂര്‍ സംഘം രൂപീകൃതമായത്.
ഗുരുജിയുടെ അനുഗ്രഹാശിസുകളോടെ രൂപീകരണത്തിനായി ഒരുമിച്ചു കൂടിയവരില്‍ ഒരാള്‍ പിന്നീട് ഭാരതത്തിന്റെ പ്രധാനമന്ത്രിയായി മാറിയ അടല്‍ ബിഹാരി വാജ്പേയിയായിരുന്നു. അന്ന് അവിടെ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത് രാജ്യത്തെ തൊഴിലാളി സംഘടന ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാകാതെ സ്വതന്ത്രമായിരിക്കണം എന്നായിരുന്നു. അന്ന് വൈകുന്നേരം നടന്ന പൊതുസമ്മേളനത്തില്‍ ഗോപാല്‍ റാവു താക്കൂര്‍ ആയിരുന്നു അധ്യക്ഷന്‍. വാജ്പേയ് പ്രസംഗിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ മധ്യപ്രദേശിലെ അറിയപ്പെടുന്ന പ്രാസംഗികനും രാഷ്ട്രീയപ്രവര്‍ത്തകനുമായ അദ്ദേഹം സ്വയം ഒഴിഞ്ഞുമാറി. ആദ്യം സംസാരിച്ചത് ശിവകുമാര്‍ ത്യാഗി ആയിരുന്നു. തുടര്‍ന്ന് ഠേംഗ്ഡിജി പ്രസംഗിച്ചു.
ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം ആദ്യമായി തൊഴിലാളികള്‍ക്കിടയില്‍ ഉയര്‍ന്നുവന്നു. ഈ തീഷ്ണമായ രാഷ്ട്ര ഭാവന തൊഴിലാളികളില്‍ ഉണ്ടാക്കിയതിനാല്‍ 1962ല്‍ ചൈനയും, 1965ല്‍ പാക്കിസ്ഥാനും ഭാരതത്തിന്റെ മേല്‍ ആക്രമണം നടത്തിയപ്പോള്‍ മസ്ദൂര്‍ സംഘം സര്‍ക്കാരിന് എല്ലാവിധത്തിലുള്ള സഹായസഹകരണങ്ങളും നല്കി. 1971 ലെ ബംഗ്ലാമുക്തി യുദ്ധത്തില്‍ മസ്ദൂര്‍ മോര്‍ച്ച ഉണ്ടാക്കി യുദ്ധത്തില്‍ ഭാഗഭാക്കായി. രാഷ്ട്രത്തില്‍ സംഭവിക്കാന്‍ പോകുന്ന വിപത്തുകളെ മുന്‍കൂട്ടി കാണുന്ന ദീര്‍ഘദര്‍ശിയായിരുന്നു ഠേംഗ്ഡിജി. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ നാലാം സമ്മേളനം 1975 ഏപ്രില്‍ 19,20 തീയതികളില്‍ അമൃതസറില്‍ നടന്നു. ആ സമ്മേളനത്തില്‍ രാഷ്ട്രത്തിന്റെ മേല്‍ ഏകാധിപത്യത്തിന്റെ കഷ്ടകാലം വരാനിടയുണ്ട് എന്ന മുന്നറിയിപ്പ് അദ്ദേഹം നല്കി. അതേ വര്‍ഷം ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യത്തിന്റെ കരിനിഴല്‍ വീഴ്ത്തി. ഈ അടിയന്തരാവസ്ഥക്കെതിരെയുള്ള സമരത്തിന്റെ സൂത്രധാരന്മാരില് പ്രധാനിയായിരുന്നു ദത്തോപാന്ത് ഠേംഗ്ഡിജി.
ഭാരതത്തിന്റെ ഭാവിയെ കുറിച്ചും, സാമ്പത്തിക നയങ്ങളെ കുറിച്ചും, ഭാരതം നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുമെല്ലാം നിരന്തരം സംവാദങ്ങളും അഭിപ്രായങ്ങളും അദ്ദേഹം നടത്തിയിരുന്നു. നിരവധി പുസ്തകങ്ങളിലൂടെ അദ്ദേഹം വ്യത്യസ്ത മേഖലകളെ പ്രതിപാദിച്ചു. ”തേര്‍ഡ് വേ”എന്ന പുസ്തകത്തിലൂടെ രാജ്യത്തിന്റെ പുരോഗതിക്ക് മൂന്നാമതൊരു വഴിയെ കുറിച്ചുള്ള വലിയ ചിന്തകള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. ഭാരതീയ മസ്ദൂര്‍ സംഘത്തിനെ കൂടാതെ ഭാരതീയ കിസാന്‍ സംഘ്, സാമാജിക് സമരസതാ മഞ്ച്, സര്‍വപന്ഥ് സമാദര്‍ മഞ്ച്, സ്വദേശി ജാഗരണ്‍ മഞ്ച്, പര്യാവരണ്‍ മഞ്ച് തുടങ്ങിയ സംഘടനകളും അദ്ദേഹം സ്ഥാപിച്ചു. 1964 മുതല്‍ 76 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. ചൈന, ഇസ്രായേല്‍, ഈജിപ്ത്, ഉഗാണ്ട, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക, സോവിയറ്റ് യൂണിയന്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ഇംഗ്ലണ്ട്, കാനഡ, ബംഗ്ലാദേശ്, മലേഷ്യ, തുടങ്ങി 35 രാജ്യങ്ങള്‍ സന്ദര്‍ശനം നടത്തുകയും തൊഴില്‍ മേഖലയിലെ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ സംബന്ധിക്കുകയുംചെയ്തു. ഭാരതത്തിന്റെ കാഴ്ചപ്പാടും ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ നിലപാടുകളും വിശദീകരിച്ചു. തൊഴിലാളികളുടെ കര്‍മ്മശേഷി രാഷ്ട്ര പുരോഗതിക്ക് എന്ന മഹത്തായ ആശയം ഠേംഗ്ഡിജി തൊഴിലാളി സമൂഹത്തിന്റെ മുന്നില്‍ വെച്ചു.
ഭാരതത്തിന്റെ ചരിത്രത്തില്‍ നിന്ന് ഒരിക്കലും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത മഹാ വ്യക്തിത്വമായി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എന്നും നിലനില്ക്കും. അദ്ദേഹം കാണിച്ച പാതയിലൂടെ മുന്നേറുന്ന സംഘടനകള്‍ ഇന്ന് ഭാരതത്തിന്റെ ഭാവി നിര്‍ണയിച്ചു കൊണ്ടിരിക്കുന്നു. ദത്തോപാന്ത് ഠേീഗ്ഡിജി എന്ന ധിഷണാശാലി തന്റെ ജീവിതോദ്ദേശ്യം പൂര്‍ത്തീകരിച്ച് 2004, ഒക്ടോബര്‍ 14ന് ദിവംഗതനായി. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: