Categories: Kerala

വിഴിഞ്ഞത്ത് ലത്തീന്‍ സഭ വീണ്ടും ഇടഞ്ഞു; അനുനയത്തിന് സര്‍ക്കാര്‍ നെട്ടോട്ടമോടി

Published by

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിലേക്ക് എത്തിയതിന്
പിന്നാലെ ലത്തീന്‍ കത്തോലിക്ക സഭ വീണ്ടും ഉടക്കുമായി രംഗത്ത്. സഭയെ അനുനയിപ്പിക്കാന്‍ നെട്ടോട്ടമോടി സര്‍ക്കാര്‍. മന്ത്രി സജിചെറിയാന്റെ നേതൃത്വത്തില്‍ അനുനയ ചര്‍ച്ച നടത്തി.

വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണില്‍ പൊടിയിടലാണെന്നും സര്‍ക്കാര്‍ പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കസഭ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര രംഗത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അനുനയ ശ്രമവുമായി ഇറങ്ങിയത്. ജോലി നഷ്ടപ്പെടുന്ന കട്ടമരത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ഒരാള്‍ക്ക് 4.22 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് ഉത്തരവ്. നേരത്തെ ഒരാള്‍ക്ക് 82,440 രൂപയായിരുന്നു വാഗ്ദാനം. ജോലി നഷ്ടപ്പെടുന്ന 53 കട്ടമരത്തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
വിഴിഞ്ഞം ലത്തീന്‍ പള്ളി ഇടവക വികാരിയുമായി മന്ത്രി സജി ചെറിയാന്‍ ചര്‍ച്ച നടത്തി.

വികാരി മോണ്‍സിഞ്ചര്‍ നിക്കോളാസ് അടക്കമുള്ളവരെ ചടങ്ങിലേക്ക് ഔേദ്യാഗികമായി മന്ത്രി ക്ഷണിച്ചു. ലത്തീന്‍സഭ ഉന്നയിച്ച ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിയില്‍ നിന്നും അനുകൂലമായ സമീപനമാണ് ഉണ്ടായത്. തങ്ങള്‍ വികസനത്തിന് എതിരല്ല. എന്നാല്‍ ജനത്തിന്റെ ആവശ്യം പരിഗണിക്കണം. മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയെ വിഴിഞ്ഞം എംഡി അദീല അബ്ദുള്ള നേരിട്ട് ബിഷപ്പ്ഹൗസിലെത്തി ക്ഷണിച്ചു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് സഭാനേതൃത്വം  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഭയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെന്നും അതിനാലാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതെന്നും സഭാ നേതൃത്വം അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക