ബെംഗളൂരു: പ്രമുഖ മാധ്യമപ്രവര്ത്തകന് കെ.എസ്. സച്ചിദാനന്ദമൂര്‍ത്തി (68) അന്തരിച്ചു. ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ബെംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം.
മലയാള മനോരമയുടേയും ദ വീക്കിന്റേയും ദല്‍ഹി മുന്‍ റസിഡന്റ് എഡിറ്ററായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിലെ മികവിന് ദര്‍ലഭ് സിങ് സ്മാരക മീഡിയ അവാര്‍ഡ്, കര്‍ണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മനോരമയില്‍ ദേശീയം, ദ വീക്കില്‍ പവര്‍ പോയിന്റ് എന്നീ പംക്തികള്‍ കൈകാര്യംചെയ്തിരുന്നു.
ദല്‍ഹിയിലെ രാഷ്ട്രീയ-മാധ്യമ വൃത്തങ്ങളില്‍ മുഖവുരകള്‍ ആവശ്യമില്ലാത്ത ആളായിരുന്നു സച്ചിദാനന്ദ മൂര്‍ത്തി. 1982 നവംബറില്‍ ദി വീക്കിന്റെ ബെംഗളൂരു ലേഖകനായി ചേര്‍ന്നു. 2022 സപ്തംബറില്‍ വിരമിക്കുന്നതുവരെ മലയാള മനോരമ ഗ്രൂപ്പില്‍ തുടര്‍ന്നു.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും സെന്‍ട്രല്‍ പ്രസ് അക്രഡിറ്റേഷന് കമ്മിറ്റിയിലെയും അംഗവുമായിരുന്നു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ അഷ്ടഗ്രാമ ഗ്രാമങ്ങളിലായിരുന്നു കുടുംബ വേരുകള്‍. ഭാര്യ ചന്ദ്രിക, മക്കള്‍: നിതിന്‍, രോഹന്, മരുമക്കള്‍: ലക്ഷ്മി ഭരദ്വാജ്, വൈഷ്ണവി നാരായണ്‍.
കേന്ദ്രസര്‍ക്കാരിന്റെ പ്രസ് അക്രഡിറ്റേഷന് കമ്മിറ്റി, പ്രസ് കൗണ്‍സില്‍ അംഗം, എഡിറ്റേഴ്സ് ഗില്‍ഡ് സെക്രട്ടറി, ലോക്സഭ പ്രസ് അഡൈ്വസറി കമ്മിറ്റി ചെയര്മാന് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മ് ഖാന്, ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്, മുഖ്യമന്ത്രി പിണറായി വിജയന്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി. മുരളീധരന്, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കര്‍ണാടക മുന്‍മുഖ്യമന്ത്രിമാരായ ബി.എസ്. യെഡിയൂരപ്പ, ബസവരാജ് ബൊമ്മെ, എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: