ന്യൂദല്‍ഹി: സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും നിറഞ്ഞ ലോകം ആര്‍ക്കും ഗുണം ചെയ്യില്ലെന്നും ഇത് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സമയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . ന്യൂദല്‍ഹിയിലെ യശോഭൂമിയില്‍ ഒമ്പതാമത് ജി 20 പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ ഉച്ചകോടി (പി 20) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഭജിക്കപ്പെട്ട ലോകത്തിന് അതിന്റെ മുമ്പിലുള്ള വെല്ലുവിളികള്‍ക്ക് പരിഹാരം നല്കാന് കഴിയില്ല. എല്ലാവരുടെയും വികസനത്തിനും ക്ഷേമത്തിനുമായി ഒരുമിച്ച് മുന്നേറേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി അത് എവിടെയും ഏത് രൂപത്തിലും ഏത് കാരണത്താലും കൊണ്ടാണെങ്കിലും മനുഷ്യത്വത്തിന് എതിരാണെന്ന് മോദി പറഞ്ഞു. 2001ല്‍ പാര്‍ലമെന്റ് മന്ദിരത്തിനു നേരെയുണ്ടായ ഭീകരാക്രമണവും അദ്ദേഹം അനുസ്മരിച്ചു.
ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന് അടിവരയിട്ട്, ജനാധിപത്യ സ്ഥാപനങ്ങളുടെ സമ്പന്നമായ ചരിത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് മോദി പറഞ്ഞു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടത്തുക മാത്രമല്ല, അതിലെ ജനങ്ങളുടെ പങ്കാളിത്തം തുടര്‍ച്ചയായി വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് ഏറ്റവും വലിയ ഉത്സവമായാണ് കണക്കാക്കപ്പെടുന്നതെന്നും സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ 17 പൊതുതെരഞ്ഞെടുപ്പുകളും 300-ലധികം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും കണ്ടിട്ടുണ്ടെന്നും മോദി പറഞ്ഞു. 600 ദശലക്ഷത്തിലധികം വോട്ടര്‍മാര്‍ പങ്കെടുത്ത മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വോട്ടെടുപ്പ് പ്രക്രിയയാണ് 2019 ലെ പൊതുതെരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയെ രാജ്യം ആധുനികമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള സര്‍ക്കാരിന്റെ സമീപകാല തീരുമാനം രാജ്യത്തെ പാര്‍ലമെന്റിന്റെ പാരമ്പര്യത്തെ കൂടുതല്‍ സമ്പന്നമാക്കുമെന്ന് പറഞ്ഞു.ഒമ്പതാമത് പി20 ഉച്ചകോടി ജനാധിപത്യ മൂല്യങ്ങള്‍, അന്താരാഷ്ട്ര സഹകരണം, ആഗോള പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ക്കും നിലവിലെ വെല്ലുവിളികള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളോടുള്ള പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നുവെന്ന് പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ലോകത്തെ ഒരു കുടുംബമായാണ് ഇന്ത്യ കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണം ഒരു രാജ്യത്തിന്റെ മാത്രം കാര്യമല്ല, എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന വിഷയത്തില്‍ പാര്ലമെന്റുകള് എന്ന പ്രമേയത്തിലാണ് രണ്ട് ദിവസത്തെ പി 20 ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഈ പരിപാടിയില്‍ വിവിധ രാജ്യങ്ങളിലെ സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്നു.ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: