കൊച്ചി: എറണാകുളം റെയില്‍വെ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേരിടുന്നതിനെതിരെ ഹൈബി ഈഡന്‍ എംപി യും പുരോഗമന കലാ സാഹിത്യ സംഘവും രംഗത്തിറങ്ങിയിട്ടുള്ളത് ചരിത്രനിഷേധവും നന്ദികേടുമാണെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ.
കൊച്ചി രാജാവ് വൈദേശിക ശക്തികളില്‍നിന്ന് ഒറ്റുകാശു വാങ്ങി എന്നും ജാതിമേധാവിത്വം അടിച്ചേല്‍പ്പിച്ചുവെന്നുമാണ് പുകസയുടെ പക്ഷം. റെയില്‍വേ സ്റ്റേഷന് പേരിടുന്നതില്‍ കോര്‍പറേഷന് റോളൊന്നുമില്ലെന്ന് പറഞ്ഞ് എതിര്‍ക്കുന്ന ഹൈബിക്ക് എന്തു റോളാണ് ഉള്ളതെന്ന മറുചോദ്യത്തിനും സ്വാഭാവികമായും മറുപടി പറയേണ്ടിവരും.
കൊച്ചി മഹാരാജാവായിരുന്ന രാജര്‍ഷി രാമവര്‍മ എറണാകുളം റെയില്‍പാതയുടെ വികസനത്തിന് ചെയ്ത സേവനങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. പൂര്‍ണത്രയീശ ക്ഷേത്രത്തിലെ 14 സ്വര്‍ണ നെറ്റിപ്പട്ടം വിറ്റു കിട്ടിയ പണം കൊണ്ടാണ് ഷൊര്‍ണൂര്‍ – എറണാകുളം റെയില്‍പാത പണിതത്. ജനങ്ങള്‍ക്ക് യാത്രസൗകര്യമൊരുക്കുന്നതിന് വലിയൊരു ത്യാഗം സഹിക്കാന്‍ തയ്യാറായ മഹാനുഭാവനെയാണ് പുകസ പരസ്യമായി അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത്. ഒരാള്‍ ചെയ്യുന്ന നല്ലകാര്യങ്ങളെ പച്ചനുണ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും തമസ്‌കരിക്കുകയും അയാളെ കല്ലെറിഞ്ഞ് അപമാനിതനാക്കുകയും ചെയ്യുന്നതാണ് കമ്മ്യൂണിസ്റ്റ് ശൈലി.
സുരേഷ് ഗോപിക്കു പുരസ്‌കാരം കൊടുക്കുന്നതില്‍ നിന്നും എം. കെ. സാനുമാഷിനെ വിലക്കിയതും ഇതേ വികലകാഴ്ചപ്പാടിന്റെ പരിണിത ഫലമാണ്. ഇഷ്ടമില്ലാത്തവരെയെല്ലാം തിരസ്‌കരിക്കുകയും ചരിത്രത്തെ വളച്ചൊടിച്ച് സ്വാര്‍ഥ ലാഭങ്ങള്‍ക്ക് വേണ്ടി വക്രീകരിക്കുകയും ചെയ്യുന്ന പതിവ് രീതി ഇനിയെങ്കിലും പുരോഗമനത്തിന്റെ കുത്തകാവകാശികള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: