ഓം ബിര്‍ള
ലോക്സഭാ സ്പീക്കര്‍
ഇന്ത്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി 20 ഉച്ചകോടിയുടെ അഭൂതപൂര്‍വമായ വിജയം ആഗോളതലത്തില്‍ ഏറെ പ്രശംസിക്കപ്പെട്ടു. ഉച്ചകോടി സമാപിച്ചത് ‘വസുധൈവ കുടുംബകം’ അഥവാ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന നമ്മുടെ ദര്‍ശനത്തെ ശക്തിപ്പെടുത്തുന്ന സംയുക്ത പ്രഖ്യാപനത്തോടെയാണെന്നതില് നമുക്ക് അഭിമാനിക്കാം. ഒരു സമവായ സ്രഷ്ടാവ് എന്ന നിലയിലുള്ള പങ്ക് വിജയകരമായി നിര്‍വ്വഹിക്കാനായ രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തിനും ജി20 അടിവരയിടുന്നു.
ജി 20 ഉച്ചകോടിക്ക് തൊട്ടുപിന്നാലെ, ഇന്ത്യന്‍ പാര്‍ലമെന്റ് മറ്റൊരു പ്രധാന ഒത്തുചേരലിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്. പാര്‍ലമെന്റ് 20 (പി20) അഥവാ ജി 20 പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ ഉച്ചകോടി ഇന്നും നാളെയുമായി ദല്‍ഹിയില്‍ ചേരുകയാണ്. ജി20 യിലെയും മറ്റ് ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലെയും നിയമനിര്‍മ്മാണ സഭകളിലെ സ്പീക്കര്‍മാരെയും സഭാധ്യക്ഷന്മാരെയും പി20 സമ്മേളനം ഒരുമിപ്പിക്കുന്നു. എല്ലാ രാജ്യങ്ങളുടെയും പരമോന്നത നിയമനിര്‍മ്മാണ സഭയാണ് പാര്ലമെന്റുകള്. ജനപ്രതിനിധികള്‍ ജനാഭിലാഷങ്ങളും പ്രതീക്ഷകളും സഭകളില്‍ പ്രതിഫലിപ്പിക്കുകയും നയങ്ങളും നിയമങ്ങളും രൂപപ്പെടുത്തുകയും ചെയ്യുന്നു.
സമ്പന്നമായ സാംസ്കാരിക പൈതൃകമുള്ള ലോകത്തിലെ പൗരാണിക നാഗരികതകളിലൊന്നാണ് ഇന്ത്യ. കാലങ്ങളായി ഇന്ത്യയില്‍ വേരൂന്നിയ സങ്കല്‍പ്പമാണ് ജനാധിപത്യം. വേദയുഗത്തിലെ നമ്മുടെ പ്രാചീന ഗ്രന്ഥങ്ങളില്‍ പോലും ജനപ്രതിനിധി സ്ഥാപനങ്ങളായി നിലനിന്നിരുന്ന സഭ, സമിതി തുടങ്ങിയ ജനപങ്കാളിത്തമുള്ള സ്ഥാപനങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള 75 വര്‍ഷത്തെ പ്രയാണത്തില്‍ ജനാധിപത്യവും വൈവിധ്യവും ജനസംഖ്യാ ആനുകൂല്യവുമാണ് നമ്മുടെ ശക്തി. ജനാധിപത്യത്തിന്റെ ശക്തി പ്രയോജനപ്പെടുത്തി, സമൂഹത്തിലെ സമസ്ത വിഭാഗങ്ങള്‍ക്കിടയിലും സൗഹാര്‍ദ്ദം സൃഷ്ടിക്കാനും, എല്ലാവര്ക്കും സാമൂഹികവും സാമ്പത്തികവുമായ വികസനം ഉറപ്പാക്കാനും നമുക്കായി. ജനകേന്ദ്രീകൃതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസനമാണ് നമ്മുടെ ജനാധിപത്യ യാത്രയുടെ കേന്ദ്രബിന്ദു എന്ന് പറയേണ്ടിയിരിക്കുന്നു.
നമ്മുടെ പാര്‍ലമെന്റിലെ ജനപ്രതിനിധികള്‍ വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷം വ്യത്യസ്ത വിഷയങ്ങളില്‍ കൂട്ടായ വീക്ഷണം രൂപപ്പെടുത്തുന്നു. വെല്ലുവിളികള്‍ക്ക് കൂട്ടായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഇത് നമ്മെ സഹായിക്കുന്നു. അതിനാല്‍, പി20 സമ്മേളനത്തിലും, ലോകവും മാനവികതയും അഭിമുഖീകരിക്കുന്ന സുപ്രധാന സമകാലിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു പൊതു കാഴ്ചപ്പാട് വികസിപ്പിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ശ്രമിക്കും. ആഗോള വിഷയങ്ങളിലെ സമവായം മനുഷ്യരാശിയുടെ പൊതു ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇന്ത്യയില്‍ പി20 കൂട്ടായ്മ സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യം ഏറുകയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, വനിതകള്‍ നയിക്കുന്ന വികസനം, മാനവരാശിയുടെ പൊതുവായ ഭാവി എന്നിവയിലായിരിക്കും പി20 സമ്മേളനത്തിന്റെ ശ്രദ്ധ. പരിസ്ഥിതി സൗഹൃദ ജീവിതശൈലി അഥവാ ലൈഫ് ദൗത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയാകും.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ തീര്‍ച്ചയായും സമഗ്രമായ ആഗോള മാനവ വിഭവശേഷിയുടെ വികസനം എന്ന ആശയം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനമേകിയിട്ടുണ്ട്. 2030 ലക്ഷ്യമിട്ട് മുന്നേറുമ്പോള്‍, ഈ സംരംഭത്തിന് കീഴില്‍ കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുകയും അവ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുകയെന്നത് സുപ്രധാനമാണ്. സാര്‍വത്രിക സ്വാധീനം ചെലുത്തുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിരവധിയുണ്ട്. പാര്‍ലമെന്റുകളില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും എല്ലാ വൈരുദ്ധ്യങ്ങളും അവസാനിപ്പിച്ച് ഈ വിഷയങ്ങളിന്മേല് സമവായത്തിലെത്താനാകും. രാഷ്ട്രങ്ങളുടെ പരമാധികാരം സംരക്ഷിച്ചുകൊണ്ടുതന്നെ നയപരമായ സമവായം വികസിപ്പിക്കേണ്ടതുണ്ട്.
ഹരിത ഭാവി ലക്ഷ്യമിട്ടുള്ള പ്രയാണം
വന്‍ ജനസംഖ്യാ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോഴും വികസിത രാഷ്ട്രമാകാനുള്ള അഭിലാഷം മനസ്സില്‍ വച്ച് ഹരിത ഭാവിയുടെ ആവശ്യകതകളുമായി വികസന പ്രക്രിയയെ സമന്വയിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ബദല്‍ ഊര്‍ജ മേഖലയില്‍ ഇന്ത്യ ഇന്ന് നേതൃപരമായ പങ്കാണ് വഹിക്കുന്നത്. ഇന്ത്യ നേതൃത്വം നല്കുന്ന അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം, അന്താരാഷ്ട്ര ജൈവ ഇന്ധന സഖ്യം തുടങ്ങിയ നയ സംരംഭങ്ങള്‍ക്ക് ആഗോള പിന്തുണ ലഭിക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും നമ്മുടെ പാര്‍ലമെന്റില്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഈ സംഭാഷണങ്ങളിലൂടെ, രാഷ്ട്രീയ ഭിന്നതകള്‍ക്ക് അതീതമായി പുനരുപയോഗ ഊര്‍ജത്തിനായുള്ള നയരൂപീകരണത്തില്‍ രാജ്യത്ത് സമവായം രൂപപ്പെട്ടിരിക്കുകയാണ്.
സ്ത്രീകള്‍ നയിക്കുന്ന വികസനത്തിലേക്ക്
ഇന്ത്യയുടെ പൗരാണിക സംസ്കാരത്തില്‍ ശക്തിയുടെയും ദൈവീകതയുടെയും മൂര്ത്തിമത് ഭാവമായാണ് വനിതകളെ കണക്കാക്കുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ, പ്രതിരോധം, ബഹിരാകാശ ശാസ്ത്രം, കായികം എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീകള്‍ തങ്ങളുടെ കരുത്തും ശേഷിയും തെളിയിച്ചു കഴിഞ്ഞു. നമ്മുടെ ഭരണഘടന സ്ത്രീകള്‍ക്ക് വോട്ടവകാശം ഉള്‍പ്പെടെ സമസ്ത മേഖലകളിലും തുല്യാവകാശം നല്കി ശാക്തീകരിച്ചിട്ടുണ്ട്. ജനാധിപത്യത്തിലേക്കുള്ള നമ്മുടെ യാത്ര അനവരതം പുരോഗമിക്കുന്നതിനൊപ്പം, വനിതകളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ശാക്തീകരണം ഉറപ്പാക്കുന്നതിനായി, നേതൃതലത്തിലുള്ള അവസരങ്ങള്‍ അവര്‍ക്ക് പ്രദാനം ചെയ്യുന്നതിനുള്ള നയപരമായ തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതാ സംവരണത്തിനായി നിയമങ്ങള്‍ കൊണ്ടുവന്നു. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഈ നിയമങ്ങള്‍ സംബന്ധിച്ച് സമവായം രൂപപ്പെടുത്താനായി. പി20 സമ്മേളനത്തിലൂടെ ഈ വിഷയത്തിലുള്ള നമ്മുടെ ഗുണാത്മകമായ അനുഭവങ്ങള്‍ പങ്കുവെക്കുകയും സ്ത്രീകള്‍ നയിക്കുന്ന വികസനം ഒരു ആഗോള പ്രസ്ഥാനമാക്കാന്‍ ശ്രമിക്കുകയും ചെയ്യും.
പൊതു ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്
പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ കാര്യത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ പോലുള്ള സംരംഭങ്ങള്‍ സര്‍ക്കാര്‍ സേവനങ്ങളിലേക്കുള്ള പ്രവേശനം കാര്യക്ഷമമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ബാങ്കിംഗ് ജനങ്ങളിലെത്തിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ശാക്തീകരണ ഉപകരണങ്ങളിലൊന്നായി യുപിഐ മാറിയിരിക്കുന്നു. എല്ലാ പൗരന്മാര്ക്കും ഡിജിറ്റല്‍ സേവനങ്ങള്‍ ഉറപ്പാക്കി കീഴ്ത്തട്ടിലെ ഭരണനിര്‍വ്വഹണത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഡിജിറ്റല്‍ ഇന്ത്യ പരിപാടി ലക്ഷ്യമിടുന്നു. വിദ്യാഭ്യാസം, കൃഷി, ധനകാര്യം തുടങ്ങി വിവിധ മേഖലകളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയതിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം മാറ്റിമറിക്കപ്പെട്ടു. പി20 ഉച്ചകോടിയില്‍, ഈ സുപ്രധാന നേട്ടം ആഗോള പാര്ലമെന്ററുകളുമായി നാം പങ്കിടുന്നതിലൂടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഇന്ത്യയുടെ വിജയം ലോകത്തിന് മാതൃകയായി മാറും.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷം എല്ലായ്പ്പോഴും പൊതുജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് ജനക്ഷേമ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ നമ്മുടെ പാര്ലമെന്റിനായിട്ടുണ്ട്. ബഹുകക്ഷി സംവിധാനമാണെങ്കിലും പ്രശ്നങ്ങളില്‍ സമവായത്തിലെത്താന്‍ നമുക്ക് കഴിയുന്നു. ഇതിലൂടെ ലോകത്തിനു മുന്നില്‍ അര്‍ത്ഥവത്തായ ചര്‍ച്ചയുടെയും സംവാദത്തിന്റെയും മാതൃകയാണ് നമ്മുടെ പാര്‍ലമെന്റ് മുന്നോട്ടുവയ്ക്കുന്നത്. ജി20 ഉച്ചകോടി ആഗോള വെല്ലുവിളികളില്‍ സമവായം കൈവരിച്ചതുപോലെ, സമകാലിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതില്‍ പാര്‍ലമെന്റുകള്‍ക്കുള്ള സുപ്രധാന പങ്ക് പി20 ഉച്ചകോടി അടിവരയിടുമെന്നും ആഗോള വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ പാര്ലമെന്റുകള് തമ്മിലുള്ള സഹകരണത്തിലെ ഒരു പുതിയ യുഗത്തിന് ഇതോടെ തുടക്കമാകുമെന്നുമുള്ള ഉറച്ച വിശ്വാസം എനിക്കുണ്ട്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: