ബുധ്‌നിയുടെ ബുദ്ധനെന്നൊരു വിളിപ്പേരുണ്ട് ശിവരാജ് സിങ് ചൗഹാന്… അധികാരത്തിന്റെ പകിട്ടിലും സാധാരണക്കാരിലേക്കിറങ്ങിയ സേവകന്‍. വനവാസിസമൂഹത്തിനിടയില്‍ സമൃദ്ധിയുടെ പ്രകാശമെത്തിച്ച സൂര്യന്‍… ശിവരാജ് അജയനാകുന്നത് ഇങ്ങനെയൊക്കെയാണ്.
പതിനേഴ് വര്‍ഷമായി ശിവരാജ് സിങ് ചൗഹാന്‍ മധ്യപ്രദേശിനെ നയിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി.
മുഖ്യമന്ത്രി പദത്തില്‍ നാലു വട്ടം പൂര്‍ത്തിയാക്കുന്ന ശിവരാജ്സിങ് ചൗഹാന്‍ ഇന്നലെ സ്വയം വിശേഷിപ്പിച്ചത് ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റു പറക്കുന്ന ഫീനികിസ് പക്ഷിയെന്നാണ്. ചൗഹാന് കീഴില്‍ വലിയ വളര്‍ച്ചയാണ് ബിജെപി സംസ്ഥാനത്ത് കൈവരിച്ചത്. 2005 മുതല്‍ അധികാരം നിലനിര്‍ത്താനും 2018ല്‍ നഷ്ടമായ അധികാരം തിരിച്ചു പിടിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു.
പതിനെട്ടാം വയസില്‍ എബിവിപി ഭോപാല്‍ യൂണിറ്റിന്റെ നേതാവായി തുടങ്ങിയതാണ് ചൗഹാന്‍. 1984ല്‍ യുവമോര്‍ച്ചയുടെ സംസ്ഥാന ചുമതലയില്‍. 1988ല്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍. 1990ല്‍ വിദിശയിലെ ബുധ്നി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയില്‍. തൊട്ടടുത്തവര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിദിശയില്‍ മത്സരിച്ച് എംപിയായി.
യുവമോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറി പദത്തിലേക്കെത്തി. 2005 വരെ അഞ്ചുവട്ടം വിദിശയുടെ എംപി. യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി, പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡംഗം തുടങ്ങിയ ചുമതലകളും വഹിച്ചു. 2005ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്.
2003ല്‍ സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിന് നേതൃത്വം നല്‍കിയ ശിവരാജ്സിങിന് ആദ്യ ബിജെപിസര്‍ക്കാരിന് സ്ഥിരത നല്‍കാനും സാധിച്ചു. ഉമാഭാരതിയുടെ ഒമ്പത് മാസത്തെ സര്‍ക്കാരിനും തുടര്‍ന്നുവന്ന ബാബുലാല്‍ ഗോറിന്റെ ഒരുവര്‍ഷത്തെ സര്‍ക്കാരിനും ശേഷം സ്ഥിരത സമ്മാനിക്കാന്‍ ശിവരാജ്സിങ് ചൗഹാന്‍ വേണ്ടിവന്നു.
വിദിശ ലോക്സഭാംഗത്വം രാജിവെച്ച് സംസ്ഥാന മുഖ്യമന്ത്രിയായി 2005ല്‍ ശിവരാജ്സിങ് ചൗഹാന്‍ ചുമതലയേറ്റെടുത്തു. ബുധ്നി തന്നെയായിരുന്നു തട്ടകം. ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലേക്ക്. പിന്നീടൊരിക്കലും ബുധ്നിയെ അദ്ദേഹം കൈവിട്ടില്ല. ബുധ്നി അദ്ദേഹത്തേയും. ഇക്കുറിയും ചൗഹാന്‍ ജനവിധി തേടിയിറങ്ങുന്നത് ബുധ്നിയില്‍ തന്നെ.
2008ലും 2013ലും ബിജെപിക്ക് തുടര്‍ ഭരണം സമ്മാനിക്കാന്‍ ശിവരാജ്സിങ് ചൗഹാന്റെ നേതൃത്വത്തിന് സാധിച്ചു. 2018ല്‍ നേരിയ സീറ്റുകളുടെ വ്യത്യാസത്തില്‍ ഭരണം നഷ്ടമായപ്പോഴും കോണ്‍ഗ്രസിലെ ഭിന്നതകള്‍ മുതലെടുത്ത് ഒരുവര്‍ഷത്തിനകം അധികാരത്തില്‍ തിരിച്ചെത്താന്‍ ചൗഹാന്റെ നേതൃപാടവത്തിന് കഴിഞ്ഞു.
2005 നവംബര്‍ 25 മുതല്‍ 2018 ഡിസംബര്‍ 17 വരെയുള്ള 13 വര്‍ഷവും 17 ദിവസവും 2020 മാര്‍ച്ച് 23 മുതലുള്ള മൂന്ന് വര്‍ഷവും 203 ദിവസവും ചേര്‍ത്താല്‍ കഴിഞ്ഞ 17വര്‍ഷമായി മുഖ്യമന്ത്രി പദത്തിലാണ് ശിവരാജ്സിങ് ചൗഹാന്‍.
നാല്ഘട്ടമായി 136 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ശിവരാജ് സിങിനെ കൂടാതെ 24 മന്ത്രിമാരും സിറ്റിങ് എംഎല്‍എമാരായ 57 പേരും ബിജെപി ടിക്കറ്റില്‍ വീണ്ടും ജനവിധി തേടുന്നു. കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍, കേന്ദ്രസഹമന്ത്രിമാരായ പ്രഹ്ലാദ് പട്ടേല്‍, ഫഗന്‍സിങ് കുലസ്തെ എന്നിവരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: