ഭോപാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സിഎം ആവാസ് യോജനയില്‍ വീടില്ലാത്ത എല്ലാവര്ക്കും വീട് നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് നല്‍കുന്നതിന് പുറമേയാണിത്.
പിഎം ആവാസ് യോജനയുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭോപാലില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാമേശ്വര്‍ ശര്‍മ്മയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ജോലിയില്‍ വനിതകള്‍ക്ക് 35 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ജനസഭയില്‍ മുഖ്യമന്ത്രി എടുത്തുകാട്ടി. വീടും സ്ഥലവും കടമുറിയും സ്ത്രീകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കിലും വെറും ഒരു ശതമാനം മാത്രം നികുതി നല്കിയാല് മതിയെന്ന സര്‍ക്കാര്‍ ഉത്തരവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വനിതകള്‍ക്ക് ഗ്യാസ് റീഫില്‍ പദ്ധതി പ്രകാരം 219 കോടി രൂപ കൈമാറിയതും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. 450 രൂപയ്ക്ക് ഗ്യാസ് റീഫില്‍ ചെയ്തു ലഭിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്തെ 36 ലക്ഷം വനിതകള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്.
കൈയില്‍ പൈസയില്ലെന്നും പറഞ്ഞ് കരഞ്ഞുകൊണ്ട് നടക്കുന്ന മുഖ്യമന്ത്രിയല്ല താന്‍. കമല്‍നാഥ് അത്തരത്തിലൊരാളായിരുന്നു. എന്നാല്‍ ജനക്ഷേമ പദ്ധതികള്‍ക്കായി കോടിക്കണക്കിന് രൂപ വകയിരുത്താന്‍ തനിക്ക് സാധിച്ചു. മധ്യപ്രദേശിനെ മോശം പ്രദേശമാക്കി മാറ്റാനുള്ള ശ്രമമായിരുന്നു കമല്‍നാഥ് സര്‍ക്കാരിന്റെത്, ചൗഹാന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: