എരുമേലി: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ അവലോകനം നടത്തി. മുന്‍ വര്‍ഷത്തെപ്പോലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മാലിന്യ സംസ്കരണ കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. എരുമേലിയില്‍ ജലാശയങ്ങള്‍ മലിനമാക്കിയാല്‍ വന്‍ തുക പിഴ ഈടാക്കാനും ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കാനും തീരുമാനമായി.
വിശുദ്ധി സേനകളുടെ പ്രവര്‍ത്തനം, മാലിന്യങ്ങള്‍ ശേഖരിക്കാന്‍ മൂന്ന് വാഹനങ്ങള്‍, പാര്‍ക്കിങ് മൈതാനങ്ങളിലടക്കം ജൈവ-അജൈവ മാലിന്യങ്ങള്‍ കര്‍ശനമായി വേര്‍തിരിക്കുക, കടകളില്‍ രണ്ട് വേസ്റ്റ് ബിന്‍ സ്ഥാപിക്കുക, താല്‍ക്കാലിക കച്ചവടക്കാരില്‍നിന്ന് ഡെപ്പോസിറ്റ് വാങ്ങുക, രണ്ട് തവണ റോഡ് ക്ലീനിങ്, ശൗചാലയങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്ത്ത സജ്ജമാക്കുക, ഷവര്‍ ബാത്ത് ക്രമീകരണം, ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, പാര്‍ക്കിങ് മൈതാനങ്ങളിലെ വെളിച്ച സംവിധാനം കാര്യക്ഷമമാക്കുക എന്നീ കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡും പഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കും.
വനാതിര്‍ത്തികളില്‍ തള്ളിയ മാലിന്യം വനംവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്കരിച്ചു കഴിഞ്ഞു. പരമ്പരാഗത കാനന പാത തെളിക്കാന്‍ നടപടിയായി. റോഡുകള്‍ നന്നാക്കി. വന്യ ജീവികളെ ഓടിക്കാന്‍ പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ വാച്ചര്‍മാരേയും നിയമിക്കും. 117 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യും. സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. പോലീസ് എയ്ഡ് പോസ്റ്റുകളിലൂടെയുള്ള കര്‍ശന നിരീക്ഷണം ഉറപ്പാക്കും. കുളിക്കടവുകളില്‍ പരിശോധന, അപകടകരമായി നില്ക്കുന്ന മരങ്ങള്‍ മുറിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതിന് ഫയര്‍ ഫോഴ്സിന് നിര്‍ദേശം നല്കി.
കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ആരോഗ്യ വകുപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ക്ലോറിനേഷന്-ഫോഗിങ്, കണമലയില്‍ കാര്‍ഡിയോളജി സൗകര്യം, താവളം ആശുപത്രി, മൂന്ന് ആംബുലന്‍സ് സേവനം, ഓക്സിജന്‍ പാര്‍ലറുകള്‍, താല്‍ക്കാലിക മൊബൈല്‍ ക്ലിനിക്ക്, കടകളില്‍ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് പരിശോധന, ജലാശയങ്ങളിലെ പരിശോധന എന്നിവ ആരോഗ്യ വകുപ്പ് നടത്തും. വ്യാജമദ്യം, ലഹരി വസ്തുക്കള്‍ എന്നിവയുടെ പരിശോധന കര്‍ശനമാക്കാന്‍ എക്സൈസിന് നിര്‍ദേശം നല്കി.
എരുമേലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ബിനു ജോണ്‍, ശുചിത്വ മിഷന് ജില്ലാ കോഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, ശുചിത്വ മിഷന് അസി. കോഡിനേറ്റര്‍ ജയകൃഷ്ണന് പി.കെ, നവകേരള മിഷന് കോഡിനേറ്റര്‍ അജിത് കുമാര്‍, എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ. ബിനോയ്, എരുമേലി സിഎച്ച്സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി, എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആര്. ജയന്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസി സജി, പഞ്ചായത്തംഗം തങ്കമ്മ ജോര്‍ജ് കുട്ടി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാന്, ദേവസ്വം ബോര്‍ഡ് മുണ്ടക്കയം അസി. കമ്മീഷണര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: