മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്
ഒത്താശ ചെയ്ത സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ഹരിയാന സ്വദേശി നവീന്‍കുമാറിന് സസ്പെന്ഷന്. സിഐഎസ്എഫ് ഡയറക്ടര്‍ ജനറലാണ് സസ്പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നവീനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ഫ്ലാറ്റിലും പരിശോധന നടന്നിരുന്നു. പിന്നാലെയാണ് സസ്പെന്ഷന് നടപടി ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് സിഐഎസ്എഫ് ഉദ്യോഗസ്ഥനായ നവീനും രണ്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. അറുപതോളം തവണയാണ് ഇവര്‍ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി ചാര്‍ട്ട് സ്വര്‍ണക്കടത്ത് സംഘത്തിന് കൈമാറിയത് നവീന്‍ ആണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.
കഴിഞ്ഞദിവസം രാവിലെ നവീന്റെ കുളത്തൂര്‍ തലേക്കരയിലുള്ള ഫ്ലാറ്റില്‍ കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. കള്ളക്കടത്തില്‍ നവീനിനുള്ള പങ്ക് വ്യക്തമായതിനെത്തുടര്‍ന്ന് കൂടുതല്‍ തെളിവു ശേഖരിക്കാനായിരുന്നു പരിശോധന. ചില ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തു. പരിശോധന വൈകീട്ട് മൂന്നുവരെനീണ്ടു.
കള്ളക്കടത്തില്‍ ഉള്‍പ്പെട്ട രണ്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിശദാംശങ്ങളാണ് പോലീസ് ഇയാളില്‍നിന്ന് തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: