ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഫോണുകളില്‍ സുരക്ഷാഭീഷണി നിലനില്‍ക്കുന്നതായി ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സെര്‍ട്ട് ഇന്നിന്റെ മുന്നറിയിപ്പ്. ആന്‍ഡ്രോയിഡ് 11, 12.5, 12എല്‍, 13 അടക്കം വിവിധ വേര്‍ഷനുകളിലുള്ള ഫോണുകളില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായാണ് സെര്‍ട്ട് ഇന്നിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഫോണില്‍ നുഴഞ്ഞുകയറി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.
CVE-20234863, CVE20234211 എന്നിങ്ങനെ തിരിച്ചറിഞ്ഞിട്ടുള്ള രണ്ട് സുരക്ഷാഭീഷണികള്‍ സൈബര്‍ ആക്രമണകാരികള്‍ ചൂഷണം ചെയ്യുന്നതായും മുന്നറിയിപ്പില്‍ പറയുന്നു. ഫ്രെയിംവര്‍ക്ക്, സിസ്റ്റം, ഗൂഗിള്‍ പ്ലേ സിസ്റ്റം അപ്ഡേറ്റുകള്, മീഡിയാടെക് ഘടകങ്ങള്‍, യൂണിസോക്ക് ഘടകങ്ങള്‍, ക്വാല്‍കോം ഘടകങ്ങള്‍, ക്വാല്‍കോം ക്ലോസ്ഡ് സോഴ്സ് ഘടകങ്ങള്‍ എന്നിവയുള്‍പ്പെടെ ആന്‍ഡ്രോയിഡ് ഓപ്പറേഷന് സിസ്റ്റത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സുരക്ഷാഭീഷണി നിലനില്‍ക്കുന്നത്.
സുരക്ഷ ഉറപ്പാക്കാന്‍, ലഭ്യമായ അപ്ഡേറ്റുകള് മുന്‍കൂട്ടി പരിശോധിച്ച് അവ ഉടനടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സെര്‍ട്ട് ഇന്‍ നിര്‍ദേശിക്കുന്നു. അപ്ഡേഷന് വൈകുന്നത് ഫോണിന് സുരക്ഷാ ഭീഷണി സൃഷ്ടിച്ചേക്കാം. സുരക്ഷാ അപ്ഡേറ്റുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തുകയും സുരക്ഷ നിലനിര്‍ത്താന്‍ ആന്‍ഡ്രോയിഡ് സിസ്റ്റം നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: