ഡോ. ആശ ഗോപാലകൃഷ്ണന്‍
(ദേശീയ വൈസ് പ്രസിഡന്റ്, സക്ഷമ)
കാഴ്ചയുടെ ഭംഗി നമുക്ക് യഥേഷ്ടം നല്‍കുന്ന കണ്ണുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കേണ്ട ഓര്‍മ്മപ്പെടുത്തലിന്റെ ദിനമായാണ് ഒക്‌ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ചദിനമായി ആചരിക്കുന്നത്. 1998 ഒക്‌ടോബര്‍ 8നാണ് വേള്‍ഡ് ബ്ലൈന്‍ഡ് യൂണിയനും ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഒപ്ടിക്കല്‍ ഫൗണ്ടേഷനും ചേര്‍ന്ന് കാഴ്ചയുടെ സൗഭാഗ്യത്തിലേക്ക് ലോക ജനതയെ വഴികാട്ടിയ ആദ്യ കാഴ്ച ദിനം ആചരിച്ചത്. ലോക കാഴ്ചദിനം ആചരിക്കുന്നതിനോടൊപ്പം ഒരാശയവും മുന്നോട്ടു വയ്‌ക്കുന്നു. 2023 ലെ ആശയം രൂപീകരിച്ചത് ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്‌നെസ്സ് എന്നീ സംഘടനകള്‍ എടുത്ത തീരുമാനപ്രകാരമാണ്. ജോലിക്കിടയിലും കണ്ണുകളെ സംരക്ഷിക്കുക (Love your eyes at work) എന്നതാണത്. കമ്പ്യൂട്ടറും മൊബൈലും നിത്യജീവിതത്തിന്റെ അനിവാര്യമായ അവിഭാജ്യഘടകമാണ്. കണ്ണിനെ പരിരക്ഷിക്കാതെ ചെയ്യുന്ന പ്രവൃത്തികളില്‍ നാമറിയാതെ നമ്മുടെ കണ്ണുകള്‍ രോഗാവസ്ഥയിലേക്ക് മാറുന്നു. ഇതു മുന്‍കൂട്ടി കണ്ട് കണ്ണിനെ പരിരക്ഷിക്കാനുള്ള ബോധവത്കരണമാണ് ഈ വര്‍ഷത്തെ ആശയം മുന്നോട്ട് വയ്‌ക്കുന്നത്.
ജന്മനാ അന്ധതയുള്ള ചിലര്‍ക്കെങ്കിലും എങ്ങനെ കാഴ്ച സിദ്ധിക്കാം എന്ന ആശയവും ഈ ദിനത്തിലുയരുന്നു. കാഴ്ച ഇല്ലാത്തവര്‍ക്ക് കാഴ്ച നല്‍കാന്‍ കാഴ്ചയുള്ളവര്‍ക്ക് കഴിയണം. ഇരുട്ടിന്റെ തടവറയില്‍ നരകിക്കുന്ന ജീവിതങ്ങള്‍ക്ക് വെളിച്ചത്തിന്റെ ശോഭയില്‍ പുതുജീവിതം കെട്ടിപ്പടുക്കാനുള്ള ആഗ്രഹസാഫല്യമായും ഈ ദിനം മാറണം. കാഴ്ചയുടെ ഭംഗിയും ഭാഗ്യവും ഏറെ ആസ്വദിക്കുന്ന സമൂഹത്തിന് അതിന്റെ കടമയുണ്ട്. കാഴ്ച നഷ്ടപ്പെടാതെ കണ്ണിനെ എങ്ങനെ പരിപലിക്കാമെന്ന ബോധവത്കരണവും കണ്ണിനെ സംരക്ഷിക്കാന്‍ പ്രാപ്തമാക്കുക എന്ന പരിശീലനവും ഈ ദിനത്തിന്റെ ലക്ഷ്യമാണ്. ജോലിക്കിടയിലെ സൂക്ഷ്മനിരീക്ഷണങ്ങളില്‍ കണ്ണിന് സംരക്ഷണകവചം ഒരുക്കുകയും ദീര്‍ഘനേരത്തെ കാഴ്ചക്കിടയില്‍ കണ്ണിന് വിശ്രമം കൊടുക്കുക്കേണ്ടതിന്റെ ആവശ്യകതയും ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു.
അന്ധതയില്‍നിന്ന് മോചനം
അന്ധത പൂര്‍ണ്ണമായാലും ഭാഗികമായാലും ദുഃഖകരമാണ്. ഭാരതത്തിന്റെ ജനസംഖ്യയില്‍ ഏതാണ്ട് 20% അന്ധരാണെന്ന യാഥാര്‍ത്ഥ്യം ഏവരെയും ഞെട്ടിപ്പിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അന്ധരുള്ളതും ഭാരതത്തിലാണ്. അതുകൊണ്ടു തന്നെ അന്ധതാ നിവാരണത്തിന്റെ പ്രസക്തി ഭാരതത്തില്‍ അതിപ്രധാനമാണ്. കണ്ണുള്ളവര്‍ക്ക് കാഴ്ചയുടെ മഹത്വം പലപ്പോഴും മനസ്സിലാകണമെന്നില്ല. അന്ധതയെ സംബന്ധിച്ച പലതരത്തിലുള്ള തെറ്റിദ്ധാരണകള്‍ ഇന്ന് നിലവിലുണ്ട്. ജന്മനാ കാഴ്ചവൈകല്യത്തോടെയുള്ള അന്ധത ഒഴിച്ച് നിര്‍ത്തിയാല്‍ ശേഷിക്കുന്ന അന്ധതകള്‍ ഭൂരിഭാഗവും വിദഗ്ധചികിത്സയിലൂടെ തടയാവുന്നതും ഭേദമാക്കാവുന്നതുമാണ്.
പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രധാനമാണ് കണ്ണ്. കണ്ണിന്റെ ഏറ്റവും മുന്നിലുള്ള സുതാര്യമായ നേത്രപടലമാണ് കൃഷ്ണമണി. പ്രകാശത്തെ കണ്ണുകളിലേക്ക് എത്തിക്കുന്ന ഈ നേത്ര പടലം ഒരു ജനാല പോലെ പ്രവര്‍ത്തിക്കുന്നു. നേത്രപടലത്തിന്റെ സുതാര്യത നഷ്ടപ്പെടുന്നതാണ് അന്ധതക്ക് കാരണം. അണുബാധ, മുറിവ്, രോഗങ്ങള്‍ എന്നിവകൊണ്ട് പൂര്‍ണ്ണമായോ ഭാഗികമായോ കൃഷ്ണമണിയുടെ സുതാര്യത നഷ്ടപ്പെടാം. തിമിരം, റിഫ്രാക്ടീവ് എറര്‍, കോര്‍ണിയല്‍ ഒപ്പാസിറ്റി, ഗ്ലൂക്കോമ, ഡയബറ്റിക് റെറ്റിനോപതി തുടങ്ങിയ വിവിധ കാരണങ്ങളാല്‍ അന്ധത ഉണ്ടാകുന്നുണ്ടെങ്കിലും ഡയബറ്റിക് റെറ്റിനോപതി ഉണ്ടാക്കുന്ന നേത്രരോഗങ്ങള്‍ ഇന്ന് വളരെ സാധാരണമാണ്.
കണ്ണുകള്‍ക്ക് നല്‍കേണ്ട ശ്രദ്ധയുടെ കുറവ് അന്ധത അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. കണ്ണില്‍ കരട് പോകുമ്പോഴും, ചൊറിച്ചില്‍ ഉണ്ടാകുമ്പോഴും, കൈകള്‍ ശുദ്ധമാക്കാതെ തന്നെ കണ്ണ് തിരുമ്മുകയും, തന്മൂലം കൃഷ്ണമണിയുടെ സുതാര്യപടലത്തില്‍ മുറിവുകള്‍ ഉണ്ടാകുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യും. ഡയറ്റിങ്ങിലൂടെ ഭക്ഷണം നിയന്ത്രിച്ച് കൂടുതല്‍ ഭംഗി കൂട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ അതിനിയന്ത്രിത ഡയറ്റിങ്ങും അന്ധതയിലേക്ക് വഴിമാറാറുണ്ട്. ഹോളിവുഡിലെ പ്രശസ്ത നടന്റെ കാഴ്‌ച്ച നഷ്ടപ്പെട്ടത് ഇങ്ങനെയായിരുന്നു.
നേത്രദാനം മഹാദാനം
അവയവദാനം എന്ന മഹത്തായ സങ്കല്‍പത്തിന്റെ പ്രായോഗിക കര്‍മ്മം ഏറ്റവും എളുപ്പം നിര്‍വ്വഹിക്കാന്‍ കഴിയുന്നത് കണ്ണിലൂടെയാണെങ്കിലും അതിന് നാം സ്വയം സന്നദ്ധരാകുന്നില്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. നേത്രദാനപദ്ധതിയിലൂടെ ഒരു വ്യക്തിയുടെ നേത്രദാനം മറ്റു രണ്ടുപേര്‍ക്ക് കാഴ്ച ലഭിക്കാന്‍ പര്യാപ്തമാണെന്ന ബോധവത്കരണം ഏറെ പ്രധാനമാണ്. ഭാരതത്തില്‍ ഇന്ന് ഏതാണ്ട് അമ്പതിനായിരം കണ്ണുകളാണ് ഒരു വര്‍ഷത്തില്‍ ദാനം ചെയ്യപ്പെടുന്നതെങ്കിലും നമുക്കാവശ്യം 30 ലക്ഷം കണ്ണുകളാണ്. വാസ്തവത്തില്‍ ഒരു കോടി നേത്രദാനത്തിനുള്ള സാദ്ധ്യതകള്‍ ഭാരതത്തിലുണ്ടെങ്കിലും സമൂഹത്തിലെ ബോധവത്കരണം വേണ്ടത്ര നടക്കാത്തതിനാല്‍ സാദ്ധ്യതകളെ ഉപയുക്തമാക്കാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കണ്ണുകള്‍ വാങ്ങാനോ വില്‍ക്കാനോ സാദ്ധ്യമല്ല. മരണാനന്തരം ദാനമായി ലഭിക്കുന്ന കണ്ണുകളാണ് കോര്‍ണിയല്‍ ഗ്രാഫ്റ്റിന് ഉപയോഗിക്കുന്നത്. കണ്ണുകള്‍ ദാനം ചെയ്യണമെന്നുള്ള സമ്മതപത്രം നേരത്തേ നല്‍കാവുന്നതും അഥവാ സമ്മതപത്രം നല്‍കിയില്ലെങ്കിലും ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് സമ്മതമാണെങ്കില്‍ നേത്രങ്ങള്‍ മരണാനന്തരം ദാനം ചെയ്യാവുന്നതുമാണ്.
നേത്രബാങ്കും നേത്രദാനവും
1944 മെയ് 8 നാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ ലോകത്തിലെ ആദ്യത്തെ നേത്രബാങ്ക് സ്ഥാപിതമായത്. തൊട്ടടുത്ത വര്‍ഷം 1945 ല്‍ ഇന്ത്യയിലെ ആദ്യനേത്രബാങ്ക് ചെന്നൈയില്‍ ആരംഭിച്ചു. ഡോ. മുത്തയ്യയാണ് കെരറ്റോപ്ലാസ്റ്റിയിലൂടെ ആദ്യമായി നേത്രപടലം മറ്റൊരാളില്‍ വെച്ചു പിടിപ്പിച്ച് കണ്ണ് ദാനത്തിന്റെ സൃഷ്ടിപരമായ ദൗത്യം നിര്‍വ്വഹിച്ചത്. ഇന്ന് ഇന്ത്യയില്‍ ഏകദേശം 740 നേത്രബാങ്കുകളാണ് നിലവിലുള്ളത്. എന്നാല്‍ ഇതില്‍ 14 എണ്ണം മാത്രമാണ് കൂടുതല്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ നേത്രദാനവുമായി ബന്ധപ്പെട്ട 50% ത്തിലധികം പ്രവര്‍ത്തനങ്ങളും നടക്കുന്നത് ഈ 15% നേത്രബാങ്കുകളിലൂടെയാണ്.
ഒരു വര്‍ഷം ഏകദേശം ഇരുപതിനായിരം ഇന്ത്യക്കാരാണ് കോര്‍ണിയല്‍ തകരാര്‍ മൂലം അന്ധത ബാധിച്ച് നേത്രദാനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുന്നത്. അവരില്‍ 60%വും 12 വയസ്സിന് താഴെയും 90% 45 വയസ്സിന് താഴെയുമാണെന്നതാണ് വേദനാജനകമായ യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ അന്ധതാ നിവാരണ പദ്ധതി ബൃഹത്തായിട്ടാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നേത്രദാനം ശീലമാക്കണമെന്ന തിരിച്ചറിവാണ് സമൂഹത്തിന്റെ മുന്നില്‍ സമര്‍പ്പിക്കുന്ന കാഴ്ചബോധനം.
നേത്രദാനസമ്മതപത്രം മുന്‍കൂട്ടി തയ്യാറാക്കി ബന്ധുക്കളെയോ ഡോക്ടറെയോ സന്നദ്ധസംഘടനകളെയോ ഏല്‍പ്പിക്കുകയും ഈ കാര്യം മുന്‍കൂട്ടി ബന്ധുക്കള്‍ അറിഞ്ഞിരിക്കുകയും ബന്ധുക്കളുടെ സമ്മതത്തോടെ നേത്രദാനം നടപ്പാക്കുകയും ചെയ്യുക എന്നതാണ് അവലംബിക്കുന്ന നേത്രദാനരീതി. ഒരാള്‍ മരിക്കുന്നതിനു മുമ്പ് നല്‍കുന്ന നേത്രസമ്മതം ബന്ധുക്കളെ അറിയിക്കാതിരുന്നാല്‍ മരിച്ചതിന് ശേഷം തര്‍ക്കങ്ങള്‍ക്ക് ഇടവരുത്തുകയാല്‍ ഏറ്റവും അടുത്ത ബന്ധുക്കളെ കൂടി ഇതറിയിക്കാന്‍ നേത്രദാനസമ്മതപത്രം നല്‍കിയവര്‍ തയ്യാറാകണം. ഭാരതത്തില്‍ അന്ധതാ നിവാരണത്തിനുവേണ്ടി അതിതീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്ന അഖിലേന്ത്യാ പ്രസ്ഥാനമായ സക്ഷമയുടെ പ്രവര്‍ത്തനം സമൂഹം ഇരുകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ള നരേന്ദ്രമാദി സര്‍ക്കാര്‍ ഈ ഉദ്യമത്തിന് പിന്തുണയുമായി നിരവധി പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ദിവ്യാംഗര്‍ക്ക് വേണ്ടി നിശബ്ദമായി പ്രവര്‍ത്തിക്കുന്ന ‘സക്ഷമ’ യുടെ നേതൃത്വത്തില്‍ ലോക കാഴ്ചദിനം ആചരിച്ചുകൊണ്ട് കണ്ണിന്റെ പരിരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുത്തുകഴിഞ്ഞു.
എല്ലാ ഗ്രാമങ്ങളിലും നേത്രപരിശോധനക്യാമ്പുകള്‍ സംഘടിപ്പിച്ച് കണ്ണിന്റെ സംരക്ഷണവും നേത്രപരിരക്ഷബോധവത്കരണവും അടക്കമുള്ള പരിശീലനവും ഓര്‍മ്മപ്പെടുത്തലുമാണ് സക്ഷമ അടക്കമുള്ള സംഘടനകള്‍ ലോക കാഴ്ച ദിനമായ ഇന്ന് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ ഉദ്യമത്തില്‍ പങ്കാളികളാകുക എന്ന മഹത്തായ കര്‍മ്മം നിര്‍വ്വഹിക്കേണ്ടത് നമ്മുടെ കടമയാണ്. കാഴ്ചയാണ് ഭംഗി. അത് നിലനിര്‍ത്തേണ്ടത് നമ്മുടെ പരമപ്രധാനമായ ആവശ്യവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: