ലഖ്‌നൗ: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കരുത്തരുടെ നേര്‍ക്കുനേര്‍ പോരാട്ടം. ഒരു തോല്‍വികൊണ്ട് എഴുതിത്തള്ളാന്‍ കഴിയാത്ത ഓസ്‌ട്രേലിയയെ എതിരിടാന്‍ ഇന്നിറങ്ങുന്നത് ദക്ഷിണാഫ്രിക്ക. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ വമ്പന്‍ സ്‌കോര്‍ കണ്ടെത്തി വലിയ വിജയം സ്വന്തമാക്കിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ നിര പരീക്ഷിക്കപ്പെടുന്ന ദിവസമാണിന്ന്. ഉച്ചയ്‌ക്ക് രണ്ട് മുതല്‍ ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിലാണ് മത്സരം.
13-ാം ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഓപ്പണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക ലോകകപ്പ് കണ്ട ഏറ്റവും വലിയ ടോട്ടല്‍ നേടിക്കൊണ്ടാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 428 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റുകള്‍. ലോകകപ്പില്‍ ആദ്യമായി ഒരിന്നിങ്‌സില്‍ മൂന്ന് ബാറ്റര്‍മാര്‍ സെഞ്ചുറി നേടിയെന്ന പ്രത്യേകത കൂടി ആ മത്സരത്തിനുണ്ട്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്(100), റസ്സീ വാന്‍ ഡെര്‍ ഡൂസെന്‍(108), എയ്ദന്‍ മാര്‍ക്രം(106) എന്നിവരായിരുന്നു ആ സെഞ്ചുറിക്കാര്‍. ഇതില്‍ എയ്ദന്‍ മാര്‍ക്രം വേഗതയേറിയ സെഞ്ചുറിയില്‍ ലോകകപ്പ് റിക്കാര്‍ഡും സ്വന്തമാക്കി. 49 പന്തുകളിലാണ് താരം നൂറ് തികച്ചത്. ശക്തമായ ബോളിങ് നിരയുള്ള ഭാരതത്തിനെതിരെ അഫ്ഗാനിസ്ഥാന്‍ ഇന്നലെ 272 റണ്‍സെടുത്ത അതേ വേദിയിലായിരുന്നു ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ വമ്പന്‍ പ്രകടനം.
ദല്‍ഹിയിലെ പിച്ചിന്റെ ഗതിക്കനുസരിച്ചുണ്ടായ സ്വാഭാവിക പ്രതിഭാസമാണ് ആദ്യ മത്സരത്തില്‍ കണ്ടതെന്ന് ഇന്നലത്തെ കളിയോടെ വ്യക്തമായി. പക്ഷെ താരങ്ങളും ടീമും ചേര്‍ന്ന് സ്ഥാപിച്ച കണക്കുകള്‍ വാസ്തവമാണ്. അതെല്ലാം ചരിത്ര രേഖപ്പെടുത്തലുകളായി നിലനില്‍ക്കും. കളിമികവിന്റെ അളവുകോലായി മാറണമെങ്കില്‍ സ്ഥിരത പുലര്‍ത്തണം. അന്ന് ശ്രീലങ്കയ്‌ക്കെതിരെ പുറത്തെടുത്തത് ഇന്ന് ഓസീസിനെതിരെയും നടപ്പാക്കണം.
ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ തോറ്റിരിക്കാം. അതില്‍ ഒട്ടും അല്‍ഭുതമില്ല. എതിരാളികള്‍ ഭാരതമായിരുന്നു. ലോകകപ്പിന്റെ ഫേവറിറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് രോഹിത്തിന് കീഴിലുള്ള ഭാരത ടീം. പക്ഷെ തോല്‍വിയുടെ മുറിവ് മാത്രമല്ല ഓസീസിന്റെ പ്രശ്‌നം, ടൂര്‍ണമെന്റില്‍ അതിവേഗം മുന്നേറാന്‍ ഓരോ ജയവും നിര്‍ണായകമാണ്. അതിന് വേണ്ടി ഏതറ്റവരെയും പോകുന്ന ഓസീസ് പ്രൊഫഷണലിസം സഡ കുടഞ്ഞെഴുന്നേല്‍ക്കുന്നതിനാകും ഇന്ന് അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: