ന്യൂദല്‍ഹി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് ആര്. ഹരി രചിച്ച ‘പൃഥ്വിസൂക്ത’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലായിരന്നു ചടങ്ങ്. വൈവിധ്യത്തിലെ ഏകത്വമല്ല, ഏകത്വത്തിലെ വൈവിധ്യമാണ് ഭാരതത്തിന്റെ സവിശേഷതയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ഭാരതം നമ്മുടെ മാതൃഭൂമിയാണ്. ഭൂമി മാതാവാണ്, നമ്മളെല്ലാം ആ അമ്മയുടെ മക്കളാണ്. ലോകം ഒന്നാണെന്നാണ് ഭാരതത്തിന്റെ ആശയം. ജി 20 ഉച്ചകോടിയില്‍ വസുധൈവ കുടുംബകമെന്ന ശീര്‍ഷകത്തിലൂടെ ഭാരതം ലോകത്തിന് മുന്നില്‍വെച്ചതും ഈ ആശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്വാനും കര്‍മ്മയോഗിയുമാണ് ആര്. ഹരിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രജ്ഞാപ്രവാഹ് ദല്‍ഹി സംയോജകന്‍ പ്രൊഫ. ശ്രീപ്രകാശ് സിങ്, കിത്താബ് വാല എംഡി പ്രശാന്ത് ജെയിന് എന്നിവര്‍ സംസാരിച്ചു. ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്, പ്രൊഫ. ശ്രീനിവാസ്, പ്രൊഫ. യോഗേഷ് സിങ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഡോ. ഗൗരിപ്രിയ സോമനാഥും സംഘവും അവതരിപ്പിച്ച നൃത്തവും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: