ഗായത്രീമന്ത്രാര്‍ത്ഥം
അനേകം സൂചനകള്‍ വ്യാഹൃതികളുടെ ത്രികത്തില്‍ നിറഞ്ഞു കിടപ്പുണ്ട്. അവയുടെ എല്ലാ സാരം സത്യം, സ്‌നേഹം, ന്യായം ആണെന്നു ബോദ്ധ്യപ്പെടും. താഴെ കൊടുത്തിരിക്കുന്ന പ്രമാണങ്ങളില്‍ നിന്നും വ്യാഹൃതികളില്‍ അടങ്ങിയിരിക്കുന്ന ഏതാനും സൂചനകള്‍ മനസ്സിലാക്ക.ുക.
‘വിശേഷേണ ആഹൃതിഃ
സര്‍വ്വ വിരാട
പ്രാഹ്ലാനം പ്രകാശോകരണ വ്യാഹൃതിഃ’
(വിഷ്ണു സ. ഭാ.)
അര്‍ത്ഥം: വ്യാഹൃതി എന്നാല്‍ വിശേഷിച്ചുള്ള ആഹൃതി, അതായത് സമസ്ത വിരാടത്തെപ്പറ്റി ബോധം പ്രകാശിപ്പിക്കുന്നതിനാല്‍ വ്യാഹൃതി എന്നു പേരുണ്ടായി.
‘ഭൂര്‍ഭുവഃ സ്വസ്തഥാ പൂര്‍വ്വ സ്വയമേവാ സ്വയം ഭുവഃ
വ്യാഹൃതാജ്ഞാനം ദേഹേന തേന വ്യാഹൃതയാഃ സ്മൃതാഃ’
( യോ. യാജ്ഞ. അ.1. ശ്ലോ. 9).
സൃഷ്ടിക്കു മുമ്പായി ബ്രഹ്മാവ് ജ്ഞാനദേഹം കൊണ്ടു ഭൂര്‍ ഭുവഃ സ്വഃ എന്നു പറഞ്ഞു. ഇതുമൂലം വ്യാഹൃതി എന്നു പേരുണ്ടായി.
‘ഭൂര്‍ഭുവഃ സ്വഃ ബ്രഹ്മാ,
ഭൂര്‍ഭുവഃ സ്വരാപ ഓം’
(മഹാനാരായണം 8.14.1.)
ഭൂര്‍ഭുവഃ സ്വഃ ബ്രഹ്മരൂപമാണ്. ഭൂര്‍ഭുവഃ സ്വഃ എന്നതും ജലവും ഓംകാരസ്വരൂപമാണ്.
‘ബ്രഹ്മസത്താ വ്യതിരേകേണ
ഭൂര്‍ലോകാദി പ്രപഞ്ചസ്യ പൃഥക
സത്താനഗ്‌നികാരാത്തദ് ബ്രഹ്മൈവ’
(നിര്‍ണ്ണയകാലാവലാഖ്യം സം. ഭാ.)
പ്രജ്ഞ സത്ത ഇല്ലാതെ ഭൂര്‍ലോകാദി പ്രപഞ്ചസത്ത സ്വീകാര്യമല്ലാത്തതിനാല്‍ അതു ബ്രഹ്മമാണെന്നുള്ളതില്‍ സംശയമില്ല.
‘പ്രധാനം പുരുഷഃ കാലോ
ബ്രഹ്മ വിഷ്ണു മഹേശ്വരഃ
സത്യം ബ്രഹ്മസ്തമസ്തിസ്ത്ര്യഃ
ക്രമാദ് വ്യാഹൃതയഃ സ്മൃതാ’
(കൂര്‍മ്മപുരാണേ ഉത്തരവിഭാഗേ അ. 1/14 ശ്ലോ.54.)
പ്രധാന കാലപുരുഷന്മാരായ ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരും സത്വം, രജസ്സ്, തമസ്സ് എന്നിവയും ക്രമേണ വ്യാഹൃതികളായി പറയപ്പെട്ടിരിക്കുന്നു.
‘ഭൂര്‍ വിഷ്ണുര്‍ശ്യ
തഥാ ലക്ഷ്മീര്‍
ഭുവഃ ഇത്യഭിധീയതേ
തയോര്‍യോഃ സ്വരീതി
ജീവസ്തു സ്വഃ
ഇത്യഭിധീയതേ’
(വൃദ്ധഹാരിതി അ. 5/91)
ഭൂഃ വിഷ്ണു ഭഗവാ
നും ഭുവഃ ലക്ഷ്മീദേവിയുമാകുന്നു. സ്വഃ ഇവരുടെ ദാസനായ ജീവി ആകുന്നു.
‘അഗ്‌നി വായുസ്തഥാ
സൂര്യസ്‌തേഭ്യ ഏവ
ഹി ജേനിരേ,
സ ഏതാഃ വ്യാഹൃതീയര്‍ഹു
വാഃ സര്‍വ്വവേദം
ജൂഹോതിവൈ’
(വൃദ്ധഹാരിതി അ. 6/91.)
അഗ്‌നി, വായു, സൂര്യന്‍ ഇവ വ്യാഹൃതികളില്‍ നിന്നും ഉണ്ടായി. വ്യാഹൃതികള്‍ ചേര്‍ത്തു ജപിക്കുന്നവര്‍ക്കു സമസ്ത വേദങ്ങളും പഠിക്കുന്നതിന്റെ ഫലം ലഭിക്കുന്നു.
‘ഭൂരാദയ സ്ത്രയോ ലോകാഃ
ആദരാത് കഥിതം പുനഃ
ഏതദ് സര്‍വ്വം ബ്രഹ്മരൂപമിതി
വക്തും ശിവസ്യപി’
ബ്രഹ്മാവ് വീണ്ടും ഭൂര്‍ഭുവഃ സ്വഃ ഇത്യാദി മൂന്നു ശ്ലോകങ്ങളും ആദരപൂര്‍വ്വം ചോല്ലുകയുണ്ടായി. തന്മൂലം ഇതു സമസ്ത ബ്രഹ്മരൂപമാണ്. ഇക്കാരണത്താല്‍ ഗായത്രിയുടെ ആദിയില്‍ ഇതു ചേര്‍ക്കപ്പെടുന്നു.
‘സാരഭൂതശ്ച വേദാനാം
ഗുഹ്യോപനിഷദഥഃ സ്മൃതാഃ
താഭ്യസാരം തു
ഗായത്ര്യാ വ്യാഹൃതിത്രയം’
വേദങ്ങളുടെ സാരമാണു ഉപനിഷത്തുകള്‍, ഉപനിഷത്തുകളുടെ സാരം ഗായത്രിയും. ഗായത്രിയുടെ സാരം ഭൂര്‍ഭുവഃ സ്വഃ എന്നീ വ്യാഹൃതികളാണ്.
മൂന്നു വ്യാഹൃതികളും ഉദ്‌ബോധിപ്പിക്കുന്ന സംഗതികള്‍ ചിന്തിക്കേണ്ടതും ഗ്രഹിക്കേണ്ടതുമാണ്. ഈശ്വരനും ജീവിയും പ്രകൃതിയും തമ്മിലുള്ള കെട്ടുപാടുകളുടെ രഹസ്യങ്ങള്‍ വ്യാഹൃതികള്‍ വെളിപ്പെടുത്തി തരുന്നു. ഭൂലോകം ഭുവര്‍ലോകം സ്വര്‍ല്ലോകം ഇവ മൂന്നു ലോകങ്ങളാണെങ്കില്‍ തന്നെയും അന്തഃകരണം, ശരീരം, സംസാരം ഈ മൂന്നു മേഖലകളും സൂക്ഷ്മലോകങ്ങളാണ്. ഇവയില്‍ സ്വര്‍ഗ്ഗവും നരകവും മനുഷ്യന്‍ സ്വയം നിര്‍മ്മിക്കുന്നതാണ്. സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങളാല്‍ ജീവി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇവ മൂന്നും ശരിയായി ഉപയോഗിക്കുകയാണെങ്കില്‍ ഇവ ബന്ധനത്തിനു പകരം മുക്തിയുടെ മാര്‍ഗ്ഗം തെളിക്കുകയും ആനന്ദത്തിനുള്ള ഉപാധി ആകുകയും ചെയ്യും. ബ്രഹ്മാവിന്റെ സൃഷ്ടിപരവും വിഷ്ണുവിന്റെ പരിപാലനപരവും മഹേശ്വരന്റെ സംഹാരപരവുമായ ശക്തികളുടെ തത്വജ്ഞാനവും ഉപയോഗവും വ്യാഹൃതികളില്‍ സന്നിഹിതമാണ്.
ഒരേ ഓംകാരത്തിന്റെ മൂന്നു സന്തതികളാണ്. (1)ഭൂഃ (2) ഭുവഃ (3) സ്വഃ എന്നിവ. ഈ വ്യാഹൃതികളാല്‍ ത്രിപദാ ഗായത്രിയുടെ ഓരോ ചരണങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. അതിന്റെ ഓരോ ചരണത്തിലും മൂന്നു പദങ്ങള്‍ വീതമുണ്ട്. ഇപ്രകാരം ഈ ത്രിഗുണിതമായ സൂക്ഷ്മ പരമ്പരകള്‍ തുടര്‍ന്നു വരുന്നു. തത്വജ്ഞാനികള്‍ ഇതിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കി നിര്‍വ്വാണത്തിന് അര്‍ഹരായിത്തീരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: