ഗാസാ സിറ്റി: ഗാസയിൽ ഹമാസിന്റെ താവളങ്ങൾ തകർത്ത് മുന്നേറി ഇസ്രായേൽ പ്രതിരോധ സേന. ഇതുവരെ 1,200 ഹമാസ് ഭീകരരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂവായിരത്തിലധികം പേർക്ക് പരിക്കേറ്റതായും 150 ഭീകരരെ പിടികൂടിയതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഗാസയുടെ അതിർത്തി മേഖലകൾ ഇസ്രായേൽ സേനയുടെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്നാണ് ഹമാസ് ഭീകരതാവളങ്ങൾ ആക്രമിക്കുന്നത്.
ഇന്നലെ രാത്രിയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം ഉണ്ടായി. ഇതോടെയാണ് മരണ സംഖ്യ ഉയർന്നത്. ഇന്ന് രാവിലെവരെയുള്ള കണക്കുകളാണ് ഇസ്രായേൽ സൈന്യം പുറത്തുവിട്ടത്. ഏത് നിമിഷവും ഗാസ അതിർത്തിയിൽ കരയുദ്ധം ആരംഭിച്ചേക്കാം. ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിര്‍ത്തിയിൽ ഇസ്രയേൽ വിന്യസിച്ചിട്ടുള്ളത്. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധമെന്നാണ് ഇസ്രയേൽ പ്രഖ്യാപനം.
ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചർച്ച തുടങ്ങിയതായി അമേരിക്ക വ്യക്തമാക്കി. അതേസമയം യു.എൻ നിരോധിച്ചിട്ടുള്ള വൈട് ഫോസ് ഫറസ് ബോംബുകളടക്കം പ്രയോഗിക്കുന്നുവെന്ന ആരോപണവുമായി ഹമാസ് അനുകൂലികൾ രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഫോട്ടോകളും വീഡിയോകളും ചൂണ്ടിക്കാട്ടിയാണ് ഗാസയില്‍ ഇസ്രയേല്‍ സേന വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം പലരും ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: