തൃശ്ശൂര്‍: കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പുകേസില്‍ റബ്കോ എംഡിക്കും സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്കും ഇ ഡി നോട്ടീസ്. ഇന്ന് രാവിലെ 10ന് കൊച്ചി ഓഫീസില്‍ ഹാജരാകണം. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് റബ്കോയുടെ പേരില്‍ കോടികളുടെ തട്ടിപ്പു നടന്നെന്ന വാര്‍ത്ത ജന്മഭൂമി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമാണ് റബ്കോ.
റബ്കോ ഉത്പന്നങ്ങള്‍ വിപണനത്തിനെത്തിക്കാമെന്ന കരാറില്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് കോടികള്‍ കൈമാറിയെന്നാണ് വ്യക്തമായിട്ടുള്ളത്. എന്നാല്‍ കരാറില്‍ പറഞ്ഞ ഉത്പന്നങ്ങളെത്തിച്ചില്ല. സഹകരണ നിയമങ്ങള്‍ക്കു വിരുദ്ധമായി പണം പൂര്‍ണമായും മുന്‍കൂര്‍ നല്കിയതും അന്വേഷിക്കുന്നുണ്ട്.
സഹകരണ വകുപ്പിന്റെ പരിശോധനകളില്‍ പലവട്ടം ക്രമക്കേടു കണ്ടിട്ടും കരുവന്നൂര്‍ ബാങ്കിനെതിരേ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നത് സഹകരണ വകുപ്പ് രജിസ്ട്രാര്‍ വിശദീകരിക്കേണ്ടി വരും. അന്വേഷണത്തില്‍ പുറത്തുവന്ന ശബ്ദരേഖ തന്റേതുതന്നെയെന്ന് സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും കേസിലെ മൂന്നാം പ്രതിയുമായ പി.ആര്. അരവിന്ദാക്ഷന് ഇന്നലെ ഇ ഡിയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
എ.സി. മൊയ്തീനും എം.കെ. കണ്ണനും ഉള്‍പ്പെടെ സിപിഎം നേതാക്കളുമായും കേസിലെ മുഖ്യപ്രതി പി. സതീഷ്കുമാറുമായുമുള്ള ഇടപാടുകള്‍ സംബന്ധിച്ച സംഭാഷണങ്ങളാണ് ശബ്ദരേഖയില്‍. ആദ്യം ശബ്ദം തന്റേതല്ലെന്ന നിലപാടിലായിരുന്നു അരവിന്ദാക്ഷന്. സതീഷ്കുമാറിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ ഇ ഡിക്കു ലഭിച്ചത്.
രണ്ടു ദിവസമായുള്ള ചോദ്യം ചെയ്യലിലാണ് അരവിന്ദാക്ഷന് ശബ്ദം തന്റെയെന്ന് സമ്മതിച്ചത്. കേസിലെ നിര്‍ണായക തെളിവുകളാണിവ. സിപിഎം നേതാക്കളുടേത് ഉള്‍പ്പെടെ 13 ശബ്ദരേഖകള്‍ ഇ ഡി കണ്ടെടുത്തിട്ടുണ്ട്. ഇവ കോടതിയില്‍ സമര്‍പ്പിച്ചു. ഇ ഡി മര്‍ദിച്ചിട്ടില്ലെന്നും അരവിന്ദാക്ഷന് ഇന്നലെ കോടതിയെ അറിയിച്ചു. നേരത്തേ ഇ ഡി ഉദ്യോഗസ്ഥര്‍ മര്‍ദിക്കുന്നെന്നും ഭീഷണിപ്പെടുത്തുന്നെന്നും അരവിന്ദാക്ഷന് പോലീസില്‍ പരാതിപ്പെട്ടിരുന്നു.
രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം അരവിന്ദാക്ഷനെയും കരുവന്നൂര്‍ ബാങ്ക് ജീവനക്കാരനും കേസിലെ നാലാം പ്രതിയുമായ സി.കെ. ജില്‍സിനെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഇവരെ രണ്ടാഴ്ചത്തേക്കു കൂടി റിമാന്‍ഡ് ചെയ്തു.
അതിനിടെ ബാങ്കില്‍ നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കുമെന്ന ഉറപ്പ് പാഴായതിനെ തുടര്‍ന്ന് ഒട്ടേറെപ്പേരാണ് ദിവസവും ബാങ്കിലെത്തി നിരാശരായി മടങ്ങുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ പണം തിരികെക്കൊടുക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന് ഉറപ്പു പറഞ്ഞിരുന്നു. എന്നാല്‍ 10 ദിവസം പിന്നിട്ടിട്ടും പണം തിരികെ നല്‍കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: