മുന്‍ മന്ത്രി ജി. സുധാകരന് ഉറപ്പുണ്ട്. ഏതെങ്കിലും പാര്‍ട്ടി അംഗമോ ഏതാനും പാര്‍ട്ടിക്കാരോ ആരോപണത്തില്‍ വന്നുവീണാല്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം തകരില്ലെന്നാണത്. ഏത് കൊലക്കൊമ്പന്‍ തടവിലായാലും പ്രസ്ഥാനം തകരില്ല. സഹകരണസ്ഥാപനങ്ങള്‍ ഒരു പാര്‍ട്ടിയുടേതല്ലെന്ന് സഖാവിന് നിശ്ചയമുണ്ട്. നിക്ഷേപകരുടേതാണത്. ബാങ്കില്‍ നിന്നും പണം കൊണ്ടുപോയെങ്കില്‍ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. തിരികെ ഈടാക്കണം. വെറുതെ ഇ ഡി പരിശോധനയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ജി. സുധാകരന് അഭിപ്രായമുണ്ട്.
”ഇ ഡി ഭരണഘടനയുടെ ഉപകരണമാണ്. അവര്‍ക്ക് ഇടപെടാന്‍ അധികാരമുണ്ട്. ഇല്ലെന്ന് എങ്ങനെ പറയാന്‍ പറ്റും. നമുക്ക് ഉപരിയല്ലേ ഭരണഘടന? ആരു വിചാരിച്ചാലും തടയാന്‍ പറ്റുമോ. അവരുമായി സഹകരിച്ചു വസ്തുതകള്‍ ബോധ്യപ്പെടുത്തണം. അവരുടെ നിഗമനം ശരിയല്ലെങ്കില്‍, നിങ്ങള്‍ ഈ കണ്ടതു തെറ്റാണ്, ഇതാണു ശരി എന്നു കണ്ണനെപ്പോലുള്ളവര്ക്കു (സിപിഎം സംസ്ഥാന സമിതിയംഗവും തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ.കണ്ണന്) പറഞ്ഞു കൊടുത്തുകൂടേ? അയാളല്ലേ നിര്‍ണായകമായ മുന്‍കയ്യെടുക്കേണ്ടത്? അബദ്ധം പറ്റിയിട്ടുണ്ടെങ്കില്‍ അതു പറയട്ടെ. അല്ലാതെ ഈ നാട്ടിലെ കമ്യൂണിസ്റ്റുകാരും ലക്ഷക്കണക്കിനു ജനങ്ങളും എന്തു പിഴച്ചു”–എന്നുമാണ് സുധാകരന്റെ ചോദ്യം
സഹകരണ ബാങ്കുകളില്‍ സെക്രട്ടറി അറിയാതെ ഒന്നും നടക്കില്ല. ദീര്‍ഘകാലം കുഴപ്പം നടന്നാല്‍ അതു ഭരണസമിതി ശരിയായി പരിശോധിക്കാത്തതു കൊണ്ടാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടാകുമല്ലോ. ഓഡിറ്റര്‍മാര്‍ എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്? എത്ര സഹകരണ ബാങ്കില്‍ പ്രശ്നമുണ്ടായാലും സഹകരണ പ്രസ്ഥാനം ഇവിടെയുണ്ടാകും. അതു ജനങ്ങളുടെ വിശ്വാസമുള്ളതാണ്. കരുവന്നൂരില്‍ ഇഡി എന്താണ് അന്വേഷിക്കുന്നത്, എന്തൊക്കെ കണ്ടെത്തി തുടങ്ങിയ വിവരങ്ങള്‍ വന്നിട്ടില്ല. അതു വരണം. ഇപ്പോള്‍ ചില വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്ത്തിക്കിട്ടുന്നതാണ്.
താന്‍ മന്ത്രിയായിരിക്കുമ്പോഴാണു സഹകരണ വിജിലന്‍സ് എന്ന സംവിധാനം കൊണ്ടുവന്നതെന്നു സുധാകരന് പറയുന്നു. സഹകരണ സ്ഥാപനങ്ങളില്‍ ക്രമക്കേടെന്ന് ആരോപണം ഉയര്‍ന്നാല്‍ സ്വതന്ത്രമായി അന്വേഷിക്കാനാണിത്. കരുവന്നൂര്‍ ബാങ്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ മുഖ്യപ്രതിയും സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ സ്ഥിരസമിതി അധ്യക്ഷനുമായ പി.ആര്.അരവിന്ദാക്ഷന്റെ മാതാവിന്റെ പേരിലുള്ള 63 ലക്ഷം രൂപയുടെ നിക്ഷേപത്തിനു പുറമേ മറ്റു കുടുംബാംഗങ്ങളുടെ പേരിലും വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകളുണ്ടോയെന്നു പരിശോധിക്കുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കില്‍ അരവിന്ദാക്ഷന്റെ മാതാവിന്റെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നു ബാങ്കിലെ സെക്രട്ടറി തന്നെയാണു ചോദ്യം ചെയ്യലില്‍ ഇ ഡിയോടു സമ്മതിച്ചത്. അരവിന്ദാക്ഷനും പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഇതിനിടയില്‍ പെരിങ്ങണ്ടൂര്‍ ബാങ്ക് ഭരണസമിതിയിലെ ചിലര്‍ അരവിന്ദാക്ഷന്റെ മാതാവിന്റെ പേരില്‍ അവിടെ അക്കൗണ്ടില്ലെന്നു പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണു കോടതിയില്‍ ഇ ഡിയുടെ നീക്കം. കേസിലെ ഒന്നാം പ്രതി പി.സതീഷ്കുമാറിന്റെ സഹോദരന് പി.ശ്രീജിത്തിനെയാണു പെരിങ്ങണ്ടൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന്റെ മാതാവിന്റെ പേരിലുള്ള 63 ലക്ഷം രൂപയുടെ നിക്ഷേപത്തിനു നോമിനിയായി രേഖപ്പെടുത്തിയിട്ടുള്ളത്. ‘മകന്’ എന്ന വ്യാജേനയാണു ബാങ്കിന്റെ ഈ നടപടിയെന്നും ഇ ഡി ചൂണ്ടിക്കാണിക്കുന്നു. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഭൂമി 85 ലക്ഷം രൂപയ്ക്കു പ്രവാസിയായ അജിത്ത് മേനോനു വിറ്റതു സംബന്ധിച്ച തെളിവെടുപ്പും പൂര്‍ത്തിയായിട്ടില്ല.
കരുവന്നൂര്‍ ബാങ്കിലെ സാധാരണക്കാരുടെ നിക്ഷേപം ബെനാമി വായ്പയായി കടത്തിയ കേസിലെ മുഖ്യപ്രതി പി.സതീഷ്കുമാര്‍ നടത്തിയ മുഴുവന്‍ സാമ്പത്തിക തിരിമറിക്കും ഒത്താശ ചെയ്തത് പി.ആര്.അരവിന്ദാക്ഷനാണെന്നാണ് ഇ ഡി പറയുന്നത്. ഈ സാഹചര്യത്തിലാണ് ആദ്യ റിമാന്‍ഡ് കാലാവധി അവസാനിക്കും മുന്‍പ് അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥന് സമര്‍പ്പിച്ചത്.
കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ഈ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. 4.25 കോടി രൂപയുടെ ബെനാമി വായ്പ ലഭിച്ച സി.കെ.ജില്‍സിനെയും ഇ ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. കരുവന്നൂര്‍ ബാങ്കിലെ മാനേജരായിരുന്ന എം.കെ.ബിജുവാണു കേസില്‍ പി.ആര്.അരവിന്ദാക്ഷന്, പി.സതീഷ്കുമാര്‍ എന്നിവരുടെ പങ്കാളിത്തം ഇ ഡിയോടു വെളിപ്പെടുത്തിയത്. ഇതെത്തുടര്‍ന്ന് വടക്കാഞ്ചേരി നഗരസഭയിലെ മറ്റൊരു സിപിഎം കൗണ്‍സിലറായ മധു അമ്പലപുരം തനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കിയതായും മാനേജര്‍ ബിജു മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍ കണ്ണൂരിലെ കുടുംബയോഗങ്ങളില്‍ പ്രസംഗിച്ച മുഖ്യമന്ത്രി, എന്തുവന്നാലും കോണ്‍ഗ്രസിനെ കൊമ്പത്തിരുത്തിയേ അടങ്ങൂ എന്ന വാശിയിലാണ്. ബിജെപി മൂന്നാമതും അധികാരത്തിലെത്തിയാല്‍ അപരിഹാര്യമായ നഷ്ടമാണെന്നാണ് മുഖ്യമന്ത്രി പക്ഷം. മതാധിഷ്ഠിത രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുക എന്നതുമാണ് ബിജെപിയുടെ ലക്ഷ്യമെന്നുമാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണം. അതുകൊണ്ടാണ് രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കണമെന്നാഗ്രഹിക്കുന്നവര്‍ ചേര്‍ന്ന് ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കിയതെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഒരു കാര്യം വ്യക്തം ‘പല്ലക്കുകയറാന് മോഹമുണ്ട് ഊന്നിക്കേറാന് ശേഷിയില്ല.’ ഒടുവിലെന്താകും ‘കാളപോയതോപായി കൂടെ ഒമ്പതുമുഴം കയറും പോയി’ എന്ന് മുഖ്യമന്ത്രി കരയുന്നതും കാണേണ്ടി വരും. മുഖ്യമന്ത്രി പഴയമന്ത്രി സുധാകരനെപ്പോലെയല്ല. ഇ ഡി പേടി മുഖ്യമന്ത്രിയെ വിടാതെ പിടികൂടിയിരിക്കുന്നു. അദ്ദേഹം പറയുന്നു.
‘പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇ ഡി വന്നത്. ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നത് ആപത്താണെന്ന് ചിന്ത ജനങ്ങളില്‍ വളരുന്നുണ്ട്. ഈ പുതിയ സാഹചര്യത്തില്‍ ബിജെപി എങ്ങനെ പ്രതികരിക്കുമെന്നതിന്റെ ഉദാഹരണമാണ് ഇ ഡിയുടെ നടപടികള്‍. റെയ്ഡുകള്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കാം. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ ഇല്ലാതാക്കി ഇന്ത്യയെ മതാധിഷ്ഠിതരാജ്യമാക്കി മാറ്റിയെടുക്കാനുള്ള നീക്കങ്ങളാണ് ബിജെപിയും ആര്‍എസ്എസും നടത്തുന്നത്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ കടുത്ത നടപടികള്‍ക്ക് വിധേയമാക്കുന്നു. രാജ്യത്തെ ഭരണഘടന എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരേ നീതിയാണ് നല്‍കുന്നത്. എന്നാല്‍, രാജ്യത്തെ ചില വിഭാഗം ന്യൂനപക്ഷങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കടന്നാക്രമണങ്ങളും ചില വിശ്വാസങ്ങള്‍ക്കുനേരെ നടത്തുന്ന വേര്‍തിരിവും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നതുമാണ് മുഖ്യമന്ത്രിക്കാശ്വാസം. എന്നാല്‍ 22 മാധ്യമ പ്രവര്‍ത്തകരെ കരിമ്പട്ടികയില്‍പ്പെടുത്തിയ ‘മതേതരമുന്നണി’യുടെ നിലപാടിനെക്കുറിച്ച് മിണ്ടാട്ടമില്ല. അതും ജനാധിപത്യത്തിന്റെ ഭാഗം എന്നാകും. അല്ലെങ്കില്‍ കടക്ക് പുറത്ത് എന്ന പെരുമാറ്റത്തില്‍ ചേര്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: