ക്വാലാലംപുര്‍: ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഭാരതത്തിന്റെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ലോക ഒന്നാം നമ്പര്‍ താരങ്ങള്‍. ലോക ബാഡ്മിന്റണ്‍ സംഘടന(ബിഡബ്ല്യുഎഫ്) ഇന്നലെ പ്രസിദ്ധപ്പെടുത്തിയ പുതുക്കിയ റാങ്ക് പട്ടികയിലാണ് ഇരുവരുടെയും മുന്നേറ്റം. ഏഷ്യന്‍ ഗെയിംസ് തുടങ്ങും മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന ഇരുവരും രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഒന്നിലേക്ക് കുതിച്ചത്.
ബിഡബ്ല്യുഎഫ് ലോക റാങ്ക് പട്ടികയില്‍ ഒന്നാമതെത്തുന്ന ഭാരതത്തില്‍ നിന്നുള്ള ആദ്യ ഇരട്ട സഖ്യമായിരിക്കുകയാണ് സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും. ഇതിഹാസ താരം പ്രകാശ് പദുകോണ്‍, സൈന നെഹ്വാള്, കിഡംബി ശ്രീകാന്ത് എന്നിവര്‍ സിംഗിള്‍സില്‍ ഒന്നാം റാങ്കിലെത്തിയിട്ടുണ്ട്.
ഹാങ്ചൊ ഏഷ്യന്‍ ഗെയിംസ് പുരുഷ ഡബിള്‍സിലെ സ്വര്‍ണ നേട്ടം കൈവരിച്ചപ്പോള്‍ ഏറെ കുറേ ഉറപ്പിച്ചിരുന്നതാണ് റാങ്കിങ്ങിലെ മുന്നേറ്റവും. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ചരിത്രത്തിലാദ്യമായി ഭാരതത്തിന് സ്വര്‍ണം നേടാനായത് സാത്വിക്-ചിരാഗ് സഖ്യത്തിലൂടെയാണ്. ഫൈനലില്‍ കൊറിയന്‍ സഖ്യം ചോയി ഗ്യൂ-കിം വോന്‍ ഹോ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു സ്വര്‍ണക്കൊയ്ത്ത്. 1982ന് ശേഷം ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഡബിള്‍സ് ഇനത്തില്‍ ഭാരതം മെഡല്‍ നേടുന്നതും ഇത്തവണയാണ്. അന്ന് ലെറോയ് ഡി സാ – പ്രദീപ് ഗാന്ധെ സഖ്യം ഭാരതത്തിനായി വെങ്കലനേട്ടമാണ് കൈവരിച്ചിരുന്നത്.
ഡബിള്‍സിലെ സ്വര്‍ണനേട്ടം കൂടാതെ ഏഷ്യന്‍ ഗെയിംസ് പുരുഷ ടീം ഇനത്തില്‍ ഭാരതടീം വെള്ളി നേടിയതില്‍ സാത്വിക്-ചിരാഗ് സഖ്യം നിര്‍ണായക പങ്കാണ് വഹിച്ചത്. ഇക്കൊല്ലം അഞ്ച് ടൈറ്റിലുകളാണ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്. മുമ്പ് സ്വിസ്സ് ഓപ്പണ്‍ 300, ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ്, ഇന്‍ഡോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000, കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 എന്നിവയാണ് മറ്റുള്ളവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: