ന്യൂദല്‍ഹി: ഭാരതം ഇന്ന് രണ്ടാം പോരാട്ടത്തിന് അഫ്ഗാനിസ്ഥാനെതിരെ. ഐസിസി 13-ാം ക്രിക്കറ്റ് ലോകകപ്പിലെ ഒമ്പതാം മത്സരമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നടക്കുക. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം ആണ് വേദി.
ഭാരത നിരയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല. ഇന്നലെ വൈകീട്ട് വരെ അഫ്ഗാനെതിരായ അന്തിമ ഇലവനെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഡെങ്കിപ്പനി ബാധിച്ച ശുഭ്മാന്‍ ഗില്‍ ശനിയാഴ്ച പാകിസ്ഥാനെതിരായ മത്സരത്തിലും ഉണ്ടാവില്ലെന്ന് തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്.
ഇഷാന് കിഷന് ഓപ്പണറും മൂന്ന് സ്പിന്നര്‍മാരും അടങ്ങുന്ന ആദ്യമത്സരത്തിലെ അതേ ഇലവനെ നിലനിര്‍ത്താനാണ് സാധ്യത. കരുത്തരായ ഓസ്ട്രേലിയക്കെതിരെ തുടക്കത്തിലെ വലിയ തിരിച്ചടി നേരിട്ടെങ്കിലും വിരാട് കോഹ്ലിയും കെ.എല്‍. രാഹുലും ചേര്‍ന്ന് ഭാരതത്തെ വിജയത്തിലേക്ക് നയിച്ചിരുന്നു.
ആദ്യമേ ജസ്പ്രീത് സിങ് ബുംറ-മുഹമ്മദ് സിറാജ് പേസ് ദ്വയവും സ്പിന്നര്‍മാരും കൂടി ഓസീസ് സ്കോര്‍ 199 റണ്‍സില്‍ പിടിച്ചുകെട്ടി. പിച്ചിന്റെ ഗതിയും പന്തിന്റെ ടേണും മനസ്സിലാക്കും മുമ്പേ ശ്രേയസ് അയ്യരും രോഹിത് ശര്‍മ്മയും പുറത്തായി. എന്നാല്‍ ദുര്‍ഘടാവസ്ഥയില്‍ സാഹസത്തിന് മുതിര്‍ന്ന് ശ്രേയസ്സ് അയ്യര്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് വിമര്‍ശനത്തിന് വഴിവച്ചു. ഏറെ കാലമായി ഭാരതം ഉത്തരം കണ്ടെത്താതിരുന്ന നാലാം നമ്പര്‍ പൊസിഷനാണ് ശ്രേയസ് അശ്രദ്ധമായി കൈകാര്യം ചെയ്തത്. ഇതിനാലാണ് വിമര്‍ശനത്തിന്റ മുനയ്ക്ക് മൂര്‍ച്ഛ കൂടിയതും. ഭാരത സ്കോര്‍ രണ്ടില്‍ നില്‍ക്കെയാണ് മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്. ഒരുവിധത്തില്‍ രണ്ടക്കം കടന്നുകിട്ടിയപ്പോളാണ് പരിചയ സമ്പന്നനായ വിരാട് കോഹ്ലിയും അശ്രദ്ധമായി ഷോട്ടുതിര്‍ത്ത് വിക്കറ്റ് കളഞ്ഞുകുളിക്കാന്‍ ശ്രമിച്ചത്. അനായാസം കൈക്കലാക്കാമായിരുന്ന ക്യാച്ച് മിച്ചല്‍ മാര്‍ഷ് പാഴാക്കിയതിന് ഓസീസിന് വലിയ വിലയാണ് നല്‍കേണ്ടിവന്നത്.
ഭാരതത്തിന്റെ ആദ്യ മത്സരം പിന്നിടുമ്പോള്‍ വിലയിരുത്തലുകാരുടെ റാങ്കില്‍ ബഹുദൂരം മുന്നില്‍ കെ.എല്‍. രാഹുലാണ്. ചെറിയകാലത്തെ വിശ്രമത്തിന് ശേഷം ആഴ്ച്ചകള്‍ക്ക് മുമ്പ് ഓസ്ട്രേലിയക്കെതിരായ പരമ്പരയോടെയാണ് താരം തിരികെയെത്തിയത്. അന്നത്തെ അതേ ടെംപോ രാഹുല്‍ കൃത്യവും പക്വവുമായി നിലനിര്‍ത്തുന്ന ക്ലാസിക് കാഴ്ചയാണ് ഞായറാഴ്ച ചെന്നൈയില്‍ കണ്ടത്.
ഭാരതത്തിന്റെ ബോളിങ് സെഷനില്‍ പിഴവുകളില്ലെന്ന് കരുത്തരായ ഓസീസ് ബാറ്റര്‍മാര്‍ക്കെതിരെ തെളിയിച്ചു കഴിഞ്ഞു. ഇന്നത്തെ മത്സരത്തില്‍ ജയം ഉറപ്പ്. എതിരാളികള്‍ ദുര്‍ബലരാകുമ്പോള്‍ ജയത്തിനപ്പുറം നെറ്റ് റണ്‍റേറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് രോഹിത്തിനും സംഘത്തിനും അനിവാര്യമായിരിക്കും. പത്ത് ടീമുകള്‍ തമ്മിലുള്ള റൗണ്ട് റോബിന് ഏറ്റുമുട്ടലില്‍ നെറ്റ് റണ്‍റേറ്റിനും ചെറുതല്ലാത്ത പങ്കാണുള്ളത്.
മറുഭാഗത്ത് അഫ്ഗാനിസ്ഥാന് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ട് നില്‍ക്കുകയാണ്. പരാജയത്തിലും തീവ്രത എത്രത്തോളം കുറയ്ക്കാം എന്നതാകും അഫ്ഗാന് നായകന് ഹഷ്മത്തുള്ള ഷാഹിദിയും സംഘവും ശ്രമിക്കുക. അതിനപ്പുറം അവര്‍ ശ്രമിക്കുമെങ്കില്‍ കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: