തിരുവനന്തപുരം: ഉച്ചഭക്ഷണ ഫണ്ട് സംബന്ധിച്ച വിഷയത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സമരവുമായി മുന്നോട്ടു പോകാന്‍ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ) സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു. പ്രധാനാധ്യാപകര്‍ ചെലവഴിച്ച തുക ലഭിക്കുന്നതിന് നീതിപീഠത്തെ സമീപിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു.
സംസ്ഥാന പോഷകാഹാര പദ്ധതിയുടെ ഭാഗമായ മുട്ട, പാല് വിതരണത്തിന് പ്രത്യേകം ഫണ്ട് അനുവദിക്കാത്തതിനാല്‍ പാല് ആഴ്ചയില്‍ ഒരു തവണ മാത്രം നല്കാന് ഉച്ചഭക്ഷണ സമിതികളുടെ യോഗം വിളിച്ച് തീരുമാനമെടുക്കും. യോഗ തീരുമാനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെ അറിയിക്കും. ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരിന് നിവേദനം നല്‍കും. ഉച്ചഭക്ഷണ ഓഡിറ്റില്‍ അംഗങ്ങള്‍ക്ക് നിയമസഹായം നല്‍കും. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പില്‍ നിന്നും പ്രധാനാധ്യാപകരെ പൂര്‍ണമായും ഒഴിവാക്കുന്നതിനായി സംഘടന ഹൈക്കോടതിയില്‍ നല്കിയ കേസുമായി മുന്നോട്ടുപോകും. സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള പരിശീലനം 13 മുതല്‍ 15 വരെ കോഴിക്കോട് അയനിക്കാട് സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രത്തില്‍ നടത്തും. ജില്ലാതല പഠനക്യാമ്പുകള്‍ നവംബറില്‍ നടത്തും.
സംഘടനയുടെ അമ്പത്തിയെട്ടാമത് ജന്മവാര്‍ഷികം 16ന് ജില്ലാ കേന്ദ്രങ്ങളില്‍ ആഘോഷിക്കും. മേഖലാ കണ്‍വെന്‍ഷനുകള്‍ കൊല്ലത്തും പാലക്കാട്ടും മലപ്പുറത്തും ഡിസംബറില്‍ നടക്കും. കെപിപിഎച്ച്എ 58-ാം സംസ്ഥാന സമ്മേളനം ഏപ്രിലില്‍ തിരുവനന്തപുരത്ത് നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം നവംബര്‍ 4ന് പാളയം സെന്റ്ജോസഫ്സ് എല്‍പി സ്കൂളില്‍ നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: