കോട്ടയം: സിപിഎമ്മിന്റെ തൊഴുത്തില്‍ കെട്ടിയ തളര്‍വാതം വന്ന കഴുതയായി കേരള കോണ്‍ഗ്രസ് എം അധഃപതിച്ചെന്ന് റബര്‍ ബോര്‍ഡ് എക്‌സിക്യുട്ടീവ് മെമ്പറും ബിജെപി മധ്യമേഖല പ്രസിഡന്റുമായ എന്‍ ഹരി.
റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാനും എംപിയുമായ ജോസ് കെ മാണി തികഞ്ഞ പരാജയമാണ്. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് കേരളത്തിലെ പന്ത്രണ്ടു ലക്ഷത്തോളം വരുന്ന റബര്‍ കര്‍ഷകരുടെ മുന്‍പില്‍ പോയ് കുമ്പിടുകയും മുട്ടുകുത്തുകയും കര്‍ഷകരെ ഭിന്നിപ്പിക്കുകയും വാഗ്ദാനങ്ങള്‍ നല്‍കി കണ്ണില്‍ പൊടിയിടുകയും ചെയ്യുന്ന തരംതാണ രാഷ്‌ട്രീയ പൊറാട്ട് നാടകം ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ ജോസ് കെ മാണി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ നിയമസഭ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് റബര്‍ കര്‍ഷകര്‍ക്ക് ഉല്പാദക ഉത്തേജക പാക്കേജ് വഴി അടിസ്ഥാന സംഭരണ വില 200 രൂപയാക്കി ഉയര്‍ത്തുമെന്നു പറഞ്ഞാണ് കേരള കോണ്‍ഗ്രസ് വോട്ട് വാങ്ങിയത്. 2020 നവംബര്‍ രണ്ടിനും തുടര്‍ന്ന് 2023ലും തെരഞ്ഞെടുപ്പുകളില്‍ റബര്‍ വില 250 രൂപയാക്കി ഉയര്‍ത്തുമെന്നും വാഗ്ദാനം ചെയ്ത് കര്‍ഷകരെ വഞ്ചിച്ചെന്ന് എന്‍ ഹരി പറഞ്ഞു.
റബര്‍ കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന ബഡ്ജറ്റില്‍ റബറിന് 250 രൂപ ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ട് ജോസ് കെ മാണി, മുഖ്യമന്ത്രിയുടെ ഓഫിസ് കയറിയിറങ്ങിയിട്ടും കര്‍ഷകരുടെ കാര്യത്തില്‍ പിണറായി വിജയന്‍ എടുത്ത നിലപാടും കേരളത്തിലെ റബര്‍ കര്‍ഷകര്‍ കണ്ടതാണ്. ഇതിലൂടെ തെളിഞ്ഞത് കേരള കോണ്‍ഗ്രസ് ചെയര്‍മാന്റെ നട്ടെല്ല് റബറിനേക്കാള്‍ ഉറപ്പില്ലാത്തതാണെന്നുമാണ്. തങ്ങള്‍ ഉന്നയിക്കുന്ന ഏത് ആവശ്യങ്ങളും നേടിയെടുക്കാന്‍ പണ്ട് കേരള കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് സിപിഎമ്മിന്റെ തൊഴുത്തില്‍ കെട്ടിയ തളര്‍വാതം വന്ന കഴുതയായി കേരള കോണ്‍ഗ്രസ് എം അധഃപതിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ജോസ് കെ മാണിയുടെയുടെയും കുടുംബത്തിന്റെയും രക്ഷകനായ പിണറായി വിജയന്റെ ആജ്ഞാനുവര്‍ത്തികളാക്കി കേരള കോണ്‍ഗ്രസ് നേതാക്കളെ മാറ്റുകയാണ് നിലവില്‍ ജോസ് കെ മാണി ചെയ്തു കൊണ്ടിരിക്കുന്നത്. റബര്‍ കര്‍ഷകരുടെ വിഷയം ഉന്നയിച്ചു രണ്ട് തിരഞ്ഞെടുപ്പുക്കളെ നേരിട്ട ജാള്യത മറയ്‌ക്കാന്‍ വേണ്ടിയുള്ള പ്രസ്താവനകള്‍ മാത്രമാണ് ജോസ് കെ മാണി നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളുടെ മുന്‍പിലും രാജ് ഭവനിലുമല്ലാതെ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാനുള്ള തീരുമാനം എടുക്കാനുള്ള ആര്‍ജവം കാണിക്കേണ്ടത് മുഖ്യമന്ത്രിയുടെ മുന്‍പിലാണ്. കര്‍ഷക പ്രശ്‌നം പരിഹരിക്കും എന്ന് ഒരിക്കല്‍ കൂടി ജോസ് കെ മാണി വാഗ്ദാനം ചെയ്താല്‍ അവര്‍ ചൂലിനടിച്ചു പുറത്താക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് എന്‍ ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: