തിരുവനന്തപുരം: ആയുഷ് വകുപ്പില്‍ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പരാതിക്കാരന് ഹരിദാസ് മലക്കം മറിഞ്ഞു. ഒന്നും ഓര്‍മ്മയില്ലെന്നാണ് ഹരിദാസന് ഇന്ന് പൊലീസിന് മൊഴി നല്‍കിയത്.
പണം വാങ്ങിയ ആളെയും എവിടെ വച്ച് നല്‍കിയെന്നും കൃത്യമായി ഓര്‍ക്കുന്നില്ലെന്നാണ് ഹരിദാസന് പറഞ്ഞത്. ഇയാളെ വിശമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ആദ്യം മൊഴി നല്കിയ സെക്രട്ടറിയേറ്റ് അനക്സ് പരിസരത്ത് കൊണ്ടുപോയി തെളിവെടുത്തേക്കും.
തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു ലക്ഷം രൂപ കോഴ നല്കി എന്ന ഹരിദാസിന്റെ ആരോപണത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസന് അന്വേഷണവുമായി സഹകരിക്കാതെയും ചോദ്യം ചെയ്യലില്‍ നിന്ന് ഓടി ഒളിക്കുകയും ചെയ്തത്.
അതിനിടെ മലപ്പുറം സ്വദേശി ഹരിദാസന്റെ മരുമകള്‍ക്ക് ഉടന്‍ ജോലി ലഭിക്കുമെന്ന് കാട്ടി ആരോഗ്യകേരളത്തിന്റെ പേരില്‍ വ്യാജ ഈമെയില്‍ സന്ദേശം അയച്ചത് പത്തനംതിട്ടയിലെ സി ഐ ടി യു ഓഫീസിലെ മുന്‍ ജീവനക്കാരന് അഖില്‍ സജീവും റഹീസും ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തി. റഹീസിന്റ ഫോണില്‍ നിന്നാണ് വ്യാജ ഈ മെയില്‍ അയച്ചത്. അഖില്‍ സജീവിനെ റഹീസിന് പരിചയപ്പെടുത്തിയത് കോഴിക്കോട് സ്വദേശി മുന്‍ എസ്ഫ്ഐ നേതാവ് ലെനിന് ആയിരുന്നു.
ഹരിദാസിന്റെ സുഹൃത്ത് ബാസിത്തിനും തട്ടിപ്പില്‍ പങ്കുണ്ട് എന്നാണ് പൊലീസിന് ലഭിച്ച മൊഴികള്‍. ചോദ്യം ചെയ്യാന്‍ വിളിച്ചിച്ചെങ്കിലും ബാസിത്ത് ഹാജരായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: