നെയ്യാറ്റിന്‍കര: വീട്ടില്‍ കയറ്റാത്തതിനാല്‍ വയോധികന് എട്ടു വര്‍ഷമായി ജീവിക്കുന്നത് വയലില്‍. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശിയായ വിശ്വനാഥന് നായര്‍ക്കാണ് ഈ ദുര്‍വിധി.
1988 ല്‍ അമരവിള സബ് രജിസ്റ്റര്‍ ഓഫീസില്‍ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 14 സെന്റ് വസ്തു സഹോദരന്റെ ഭാര്യക്ക് എഴുതി കൊടുത്തതായി കാട്ടി വ്യാജ ഒപ്പിട്ട് വ്യാജ പ്രമാണം തീര്‍ക്കുകയും പിന്നീട് കുടുംബ വീട്ടില്‍ നിന്നും പുറത്താക്കുകയുമായിരുന്നു എന്നാണ് വിശ്വനാഥന് നായര്‍ പറയുന്നത്. അവിവാഹിതനായ വിശ്വനാഥന് നായര്‍ക്ക് തോളെല്ലുകളില്‍ പൊട്ടലുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ പിടിയിലുമാണ്.
വൃദ്ധന്റെ പരാധീനതകള്‍ മനസ്സിലാക്കിയ മരുതത്തൂരിലെ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ അവരുടെ പേരിലുള്ള വയലില്‍ വിശ്വനാഥന് നായര്‍ക്ക് അന്തിയുറങ്ങുവാന്‍ ഒരു കുടില്‍ കെട്ടാന്‍ അനുമതി കൊടുത്തു. എട്ട് വര്‍ഷമായി മരുതത്തൂര്‍ ഏലായിലെ വെള്ളംകയറുന്ന തൂമ്പൊടി വയലിലാണ് താമസം. ഹോട്ടല്‍ ജീവനക്കാരനായിരുന്നു വിശ്വനാഥന് നായര്‍. നാട്ടുകാര്‍ നല്കുന്ന ഭക്ഷണമാണ് വിശ്വനാഥന്റെ ജീവന് പിടിച്ചു നിറുത്തുന്നത്.
മഴക്കാലമായാല്‍ വെള്ളപൊക്കമുണ്ടാവുന്ന വയലിലാണ് ജീവിതം. ഇവിടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. രാത്രി ആയാല്‍ മണ്ണെണ്ണവിളക്കാണ് വൃദ്ധന് ഏക ആശ്രയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: