കൊച്ചി: 16ാമത് അഗ്രികള്‍ച്ചറല്‍ സയന്‍സ് കോണ്‍ഗ്രസ് നാളെ കൊച്ചിയില്‍ തുടങ്ങും. നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സ് (നാസ്) സംഘടിപ്പിക്കുന്ന സമ്മേളനം മൂന്ന് മണിക്ക് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല ഉദ്ഘാടനം ചെയ്യും.
കേന്ദ്ര കൃഷി ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) ഡയറക്ടര്‍ ജനറലുമായ ഡോ ഹിമാന്‍ഷു പഥക് അധ്യക്ഷത വഹിക്കും.
സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ്, ഹൈബി ഈഡന് എംപി, ഡോ ട്രിലോചന്‍ മൊഹാപത്ര, നബാര്‍ഡ് ചെയര്മാന് കെവി ഷാജി എന്നിവര്‍ വിശിഷ്ടാതിഥികളാകും. നാല് ദിവസങ്ങളിലായി ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കുന്ന കോണ്‍ഗ്രസിന് ഇത്തവണ ആതിഥ്യം വഹിക്കുന്നത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ്.
ഇന്ത്യയിലെ കാര്‍ഷികഅനുബന്ധ മേഖലകളിലെ സുപ്രധാന പഠനങ്ങളും വികസനപ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുന്ന അഗ്രികള്‍ച്ചറല്‍ സയന്‍സ് കോണ്‍ഗ്രസ് കേരളത്തിലാദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്. പ്രഗല്ഭ കാര്‍ഷിക സാമ്പത്തികവിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ആസൂത്രണവിദഗധര്‍, കര്‍ഷകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.
ലോകബാങ്ക് ലീഡ് ഇക്കണോമിസ്റ്റ് ഡോ മാധൂര്‍ ഗൗതം, ഭാരത് ബയോടെക് എംഡി ഡോ കൃഷ്ണ എല്ല, കാര്‍ഷിക വില കമ്മീഷന് ചെയര്മാന് ഡോ വിജയ് പോള്‍ ശര്‍മ, ഡോ പ്രഭു പിന്‍ഗാളി, ഡോ റിഷി ശര്‍മ, ഡോ കടമ്പോട്ട് സിദ്ധീഖ് തുടങ്ങി പ്രമുഖരുടെ നീണ്ട നിര സമ്മേളനത്തിലെ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
അഞ്ച് പ്ലീനറി പ്രഭാഷണങ്ങള്‍, മൂന്ന് പാനല്‍ ചര്‍ച്ചകള്‍, നാല് സിംപോസിയങ്ങള്‍ എന്നിവ കോണ്‍ഗ്രസിലുണ്ട്. കാര്ഷികഭക്ഷ്യോല്പാദനവുമായി ബന്ധപ്പെട്ട 10 പ്രധാന തീമുകളിലായി പോഷകാഹാരക്കുറവ്, കാലാവസ്ഥാവ്യതിയാനം, ജനിതക വിളകള്‍, മൃഗസംരക്ഷണം, മത്സ്യകൃഷി, ഭക്ഷ്യസംസ്കരണം, ഡിജിറ്റല്‍ കൃഷി, നിര്‍മിതബുദ്ധി അധിഷ്ടിത കാര്‍ഷികവൃത്തി തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
12ന് നടക്കുന്ന കര്‍ഷക സംഗമം സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷങ്ങളിലൊന്നാണ്. പദ്മ പുരസ്കാര ജേതാക്കളുള്‍പ്പടെയുള്ള കര്‍ഷകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കും. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശാസ്ത്രജ്ഞരുമായി ചര്‍ച്ച ചെയ്യാനും കര്‍ഷകശാസ്ത്രജ്ഞ സംവാദവും ഇതോടനുബന്ധിച്ച് നടക്കും.
കാര്‍ഷികരംഗത്തെ വ്യവസായികളും ശാസ്ത്രജ്ഞരും തമ്മിലുള്ള ആശയസംവാദവും സമ്മേളനത്തിലുണ്ട്. ഇന്ത്യക്കകത്തും പുറത്തുനിന്നുമായി 1500ലേറെ പ്രതിനിധികള്‍ കോഗ്രസില്‍ പങ്കെടുക്കും. സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ ഗവേഷണ സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും മറ്റും നൂതന കാര്‍ഷിക സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്ന അഗ്രി എക്സ്പോയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: