ഒരു ഇടവേളയ്ക്കുശേഷം പശ്ചിമേഷ്യ വീണ്ടും യുദ്ധഭൂമിയായിരിക്കുന്നു. പതിവുപോലെ പാലസ്തീന്റെ പിന്‍ബലത്തോടെയും, അറബ് രാഷ്ട്രങ്ങളില്‍ ചിലതിന്റെ അനുഭാവത്തോടെയും പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരസംഘടനയായ ഹമാസാണ് ഇത്തവണയും സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. തങ്ങളുടെ സ്വാധീന പ്രദേശമായ ഗാസ മുനമ്പില്‍നിന്ന് ഇസ്രായേലിലേക്ക് കടന്നുകയറിയ ഹമാസ് ഭീകരര്‍ റോക്കറ്റുകള്‍ വിക്ഷേപിച്ചും മറ്റും യുദ്ധത്തിന് തുടക്കം കുറിക്കുകയായിരുന്നു. പുലര്‍ച്ചെ വാതിലില്‍ മുട്ടിവിളിച്ച് നിരപരാധികളായ മനുഷ്യരെ വെടിവച്ചുകൊല്ലുകയും, തെരുവില്‍ കണ്ടവരെ കശാപ്പ് നടത്തുകയും ചെയ്ത ഈ ഇസ്ലാമിക ഭീകരര്‍ കുറെ ഇസ്രായേലി സൈനികരെയും സ്ത്രീപുരുഷന്മാരെയും ബന്ദികളാക്കുകയും ചെയ്തിരിക്കുകയാണ്. ഇസ്രായേലി സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം അവരുടെ ശരീരം പിച്ചിച്ചീന്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അപ്രതീക്ഷിതമായ ഈ ആക്രമണത്തില്‍ ഒട്ടുംതന്നെ പതാറാതെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും, വിജയം ഉറപ്പാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഉടന്‍തന്നെ തങ്ങളുടെ അതിര്‍ത്തിപ്രദേശത്തേക്ക് കടന്നുകയറിയ ഇസ്ലാമിക ഭീകരരെ കീഴ്പ്പെടുത്തിയ ഇസ്രായേല്‍ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി ഗാസയില്‍ കനത്ത നാശം വിതച്ചു. ഹമാസിന്റെ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെക്കാള്‍ വളരെയധികം പേര് ഇസ്രായേലിന്റെ തിരിച്ചടിയില്‍ മരണമടഞ്ഞു. ഹമാസിനെ ഉന്മൂല നാശം വരുത്തുമെന്നാണ് ഇസ്രായേല്‍ സേന പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോഴത്തെ സംഘര്‍ഷം പെട്ടെന്ന് കെട്ടടങ്ങാന്‍ പോകുന്നില്ലെന്ന് ഉറപ്പിക്കാം.
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം വര്‍ഷങ്ങളായി ആവര്‍ത്തിക്കപ്പെടുന്നതാണ്. ഇപ്പോഴത്തെ യുദ്ധം ആരംഭിച്ചതോടെ പ്രതീക്ഷിച്ചതുപോലെ ഇസ്രായേലിനെ വേട്ടക്കാരനും ഹമാസിനെ ഇരയുമായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്താണ് ഹമാസിന്റെ ഇപ്പോഴത്തെ ആക്രമണത്തിന്റെ പശ്ചാത്തലം, എന്തായിരുന്നു ഇതിനുള്ള പ്രകോപനം എന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്. പക്ഷേ ഇസ്ലാമികപക്ഷം പിടിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇതിന് താല്പര്യമില്ല. അവര്‍ പലതും മറച്ചുപിടിക്കുകയാണ്. ഇസ്രായേല്‍ സേനയോട് ജിഹാദ് അല്ലെങ്കില്‍ മതയുദ്ധം നടത്താന്‍ ഗാസയിലെ പള്ളികളില്‍നിന്ന് ഉച്ചഭാഷിണികളിലൂടെ മുസ്ലിങ്ങളെ ആഹ്വാനം ചെയ്യുകയുണ്ടായി. ഇസ്രായേലിനകത്തെ ജെറുസലേമിലെ അഭയാര്‍ത്ഥി ക്യാമ്പിലെ പള്ളികളില്‍നിന്നുപോലും ഈ ആഹ്വാനമുണ്ടായി. ദൈവത്തിന്റെ ശത്രുക്കളെ നിങ്ങളുടെ കൈകളാല്‍ ശിക്ഷിക്കാമെന്നും മറ്റുമുള്ള ഖുറാന് വചനങ്ങള്‍ ആഹ്വാനത്തോടൊപ്പം മുഴങ്ങി. ഇസ്രായേല്‍ സേനയുടെ പ്രതിരോധ സംവിധാനം തകര്‍ത്ത് വിക്ഷേപിച്ച റോക്കറ്റുകള്‍ വലിയ ആള്‍നാശം വരുത്തിയതിനും, ഹമാസ് ഭീകരര്‍ ഇസ്രായേലിന്റെ അതിര്‍ത്തിപ്രദേശത്ത് നടത്തിയ കൂട്ടക്കൊലകള്‍ക്കും ശേഷമാണ് സംഘര്‍ഷം കെട്ടടങ്ങാതിരിക്കാന്‍ ഗാസയിലും ഇസ്രായേലിനകത്തുമുള്ള മുസ്ലിങ്ങളെ മതപരമായി പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഹമാസ് നടത്തിയത്. ഇതില്‍നിന്ന് ചിത്രം വ്യക്തമാണ്. ഇരുവിഭാഗങ്ങളും തമ്മിലേത് സൈനിക സംഘര്‍ഷമെന്നതിനുപരി അന്യമതസ്ഥര്‍ക്കെതിരായ ഹമാസിന്റെ ജിഹാദാണ് അടിസ്ഥാന പ്രശ്നം. പക്ഷേ സംഘര്‍ഷമുണ്ടാകുമ്പോഴെല്ലാം പാലസ്തീനിന്റെയും ഹമാസിന്റെയും പക്ഷംപിടിച്ച് പശ്ചിമേഷ്യന്‍ സമാധാനത്തെ അട്ടിമറിക്കുകയാണ് ജൂതവിരോധത്തിന്റെ പേരില്‍ ഇസ്ലാമിക ശക്തികള്‍ ചെയ്യുന്നത്.
ഹമാസ് ഒരു ഭീകരസംഘടനയാണെന്ന് അംഗീകരിക്കാതെയും, അവര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധമായി ചിത്രീകരിച്ചുമുള്ള വ്യാഖ്യാനങ്ങളാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ നടക്കാറുള്ളത്. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ മലയാളിയായ ഒരു നഴ്സ് മരിക്കാനിടവന്നപ്പോള്‍ അതിനെ അപലപിക്കാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാവാതിരുന്നത് ജനങ്ങള്‍ വിസ്മരിച്ചിട്ടില്ല. ഇസ്ലാമിക വോട്ടുബാങ്കിന്റെ ആനുകൂല്യം നേടാന്‍ പാലസ്തീന്റെ പക്ഷം പിടിച്ച് ഹമാസിന്റെയും മറ്റും ഭീകരപ്രവര്‍ത്തനങ്ങളെ വെള്ളപൂശുകയും ന്യായീകരിക്കുകയും ചെയ്യുന്ന സമീപനമാണ് രാജ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വീകരിച്ചത്. സ്വാഭാവികമായും ഇസ്രായേലിനെ ഇവര്‍ ശത്രുപക്ഷത്ത് നിര്‍ത്തി. ഇതിന് മാറ്റമുണ്ടായത് വാജ്പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ്. ഇസ്ലാമിക കടന്നുകയറ്റങ്ങളുടെ ഇരയായ ഇസ്രായേലിനെ നിലനില്ക്കാന് അനുവദിക്കണമെന്നത് ബിജെപിയുടെ എക്കാലത്തെയും നിലപാടാണ്. ഈ നിലപാട് നരേന്ദ്ര മോദി സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയുമുണ്ടായി. ഇസ്രായേല്‍ ഭാരതത്തിന്റെ ശത്രുവല്ലെന്നും മിത്രമാണെന്നും മോദി ഭരണകാലത്ത് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയും ചെയ്തു. ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണം ഭീകരപ്രവര്‍ത്തനമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നയം വ്യക്തമാക്കലാണ്. ഇടതുപാര്‍ട്ടികളുടെ ഇക്കാര്യത്തിലെ നിലപാട് രാജ്യതാല്പര്യത്തിനെതിരാണ്. അത് രാജ്യം ചെവിക്കൊള്ളാനും പോകുന്നില്ല. രാജ്യസ്നേഹികള്‍ അവരെ ഒറ്റപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: