പൂര്‍വമീമാംസാ ദര്‍ശനം
ജൈമിനിയാണ് പൂര്‍വമീമാംസയുടെ ആചാര്യന്. പന്ത്രണ്ട് അധ്യായങ്ങളിലായി, ആകെ 262 സൂത്രങ്ങളാണ് ജൈമിനിയുടെ മീമാംസാഗ്രന്ഥത്തിലുള്ളത്. ജൈമിനി ജീവിച്ചിരുന്നത് ക്രിസ്തു വര്‍ഷം നാലാം നൂറ്റാണ്ടിലായിരുന്നു എന്ന് ഡോ. എസ്. രാധാകൃഷ്ണന് തന്റെ ‘ഭാരതീയ തത്തശാസ്ത്രം’ എന്ന ഗ്രനഥത്തില് അഭിപ്രായപ്പെട്ടിരിക്കുന്നു. വേദങ്ങളില്‍ നിര്‍ദേശിച്ചിട്ടുള്ള യജ്ഞാദികര്മ്മങ്ങളുടെ ആചരണവും ലക്ഷ്യവും വിശദമാക്കുന്നതിനായിട്ടാണ് ജൈമിനി തന്റെ ഗ്രന്ഥം രചിച്ചിട്ടുള്ളത്. വേദോക്തമായ കര്‍മകാണ്ഡത്തെ അടിസ്ഥാനപ്പെടുത്തി രചിച്ചിട്ടുള്ളതുകൊണ്ട് ഇതിന് ‘കര്മമീമാംസാ’ എന്നും പറഞ്ഞുവരുന്നുണ്ട്.
ഒരാളുടെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളുടെ സിദ്ധിക്കും കര്മാനുഷ്ഠാനമാണല്ലോ അടിസ്ഥാനമായിരിക്കുന്നത്. ആ കാഴ്ചപ്പാടില്‍ പരിശോധിച്ചാല്‍ ജീവിതലക്ഷ്യമായ മോക്ഷം സാധിക്കുന്നതിനും കര്‍മാനുഷ്ഠാനം (അഥവാ യജ്ഞാനുഷ്ഠാനം) ആവശ്യമല്ല എന്നു വരുന്നതല്ല. മോക്ഷത്തിന് ജ്ഞാനവും ധ്യാനവും തപസ്സും ഒന്നും സാധകമല്ലതന്നെ എന്നാണ് മീമാംസകന്മാര് സിദ്ധാന്തിക്കുന്നത്. വേദങ്ങളെ പൊതുവേ മന്ത്രങ്ങളെന്നും ബ്രാഹ്മണങ്ങളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. അവയുടെ ഉള്ളടക്കത്തെ അഞ്ച് പ്രകാരത്തില്‍ വിഭജിക്കാവുന്നതാണ്. വിധി, മന്ത്രം, നാമധേയം, നിഷേധം, അര്‍ഥവാദം എന്നിവയാണ് ആ വിഭാഗങ്ങള്‍. മന്ത്രങ്ങള്‍ മിക്കതും സ്തുതിപരങ്ങളാണ്. അവയെല്ലാം യജ്ഞക്രിയകളില്‍ വിനിയോഗിക്കാനുള്ളതുമാണ്. ‘അമ്നായസ്യക്രിയാര്ഥത്വാത്’ (പൂര്‍വമീമാംസ 1 -2 -2) എന്ന് ജൈമിനി സ്പഷ്ടമായിത്തന്നെ പറയുന്നുണ്ട്. ബ്രാഹ്മണങ്ങളാകട്ടെ വ്യക്തമായും കര്മകാണ്ഡീയ വിധികള്‍ അടങ്ങിയതും വിധികളടങ്ങുന്നതും യജ്ഞപരങ്ങളും ആണ്.
പൂര്വമീമാംസാഗ്രന്ഥത്തിന്റെ ഒന്നാം അധ്യായത്തില്‍ തന്നെ ആചാര്യ ജൈമിനി സ്വകീയമായ തത്ത്വശാസ്ത്രം വിശദമാക്കുകയും മീമാംസാസൂത്രങ്ങളുടെ ലക്ഷ്യം സ്പഷ്ടമാക്കുകയും ചെയ്തിട്ടുണ്ട്. കര്‍മത്തെ ‘ധര്‍മ’മെന്നാണ് ജൈമിനി പരാമര്‍ശിക്കുന്നത്. അതുകൊണ്ടു തന്നെ യാഗാദി കര്‍മങ്ങള്‍ ജൈമിനിയുടെ ഭാഷയില്‍ ധര്‍മം തന്നെയാണ്. ശേഷം പതിനൊന്ന് അധ്യായങ്ങളില്‍ യാഗകര്‍മങ്ങളെ ശാസ്ത്രീയമായ രീതിയില്‍ വിലയിരുത്തിയിരിക്കുന്നു. പ്രമേയാവതരണത്തില്‍ വിഷയം, സംശയം,
പൂര്‍വപക്ഷം, സിദ്ധാന്തം, സംഗതി എന്നിങ്ങനെയുള്ള പ്രസിദ്ധമായ രീതി തന്നെയാണ് ജൈമിനി അവലംബിച്ചിരിക്കുന്നത്.
പൂര്വമീമാംസാസൂത്രങ്ങള്ക്ക് അനേകം ഭാഷ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ പലതും ഇന്ന് ലഭ്യമല്ലാതായിത്തീര്ന്നിരിക്കുന്നു. ഭര്‍ത്തൃമിത്രന്‍, ഹരി തുടങ്ങിയ ഭാഷ്യാകാരന്മാരെപ്പറ്റി മറ്റു ഗ്രന്ഥങ്ങളില്‍ പരാമര്‍ശം ലഭിക്കുന്നുണ്ടെങ്കിലും അവരുടെ ഗ്രന്ഥങ്ങളൊന്നും കിട്ടാനില്ല. ഏറ്റവും പ്രാചീനമായി നമുക്ക് ലഭ്യമായിട്ടുള്ള മീമാംസാഗ്രന്ഥം ശബരാചാര്യരുടെ ശാബരഭാഷ്യം എന്ന പ്രസിദ്ധ കൃതിയാണ്. ശാബരഭാഷ്യത്തിന് പ്രഭാകരമിശ്രന്‍ എന്ന ആചാര്യന് ‘ ‘ബൃഹത്ത്’ എന്ന പേരിലുള്ള വ്യാഖ്യനം എഴുതുകയുണ്ടായി. ഇതേത്തുടര്‍ന്ന് ശാരികാനാഥന് എന്ന പണ്ഡിതന് ‘ഋജുവിമല’ പ്രകരണപഞ്ചിക എന്നീ രണ്ടു വ്യാഖ്യാനങ്ങള്‍ പ്രഭാകരന്റെ കൃതിയെത്തന്നെ അധികരിച്ച് രചിക്കുകയുണ്ടായി. അതിനു പുറമേ ശാബരഭാഷ്യത്തെ ആസ്പദാക്കി, ‘പരിശിഷ്ടം’ എന്ന മറ്റൊരു കൃതിയും ശാരികാനാഥന് രചിച്ചിട്ടുണ്ട്. ഭാവനാഥന് എന്ന ആചാര്യന് പ്രഭാകരന്റെ ആശയങ്ങളെ ഉപജീവിച്ചു കൊണ്ട് ‘നയവിവേകം എന്നൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
ഏഴാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കുമാരിലഭട്ടന് സ്വന്തമായ ചില ആശയങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് ജൈമിനിയുടെ ഗ്രന്ഥത്തിന് ഒരു ഭാഷ്യം നിര്‍മ്മിക്കുകയുണ്ടായി. അതിനു പുറമേ കുമാരിലന് ശാബരഭാഷ്യത്തിന് ഒരു വാര്‍ത്തികവും രചിച്ചു. കുമാരിലഭട്ടന്റെ വാര്‍ത്തികത്തെ ഉപജീവിച്ച് ഗ്രന്ഥങ്ങള്‍ രചിച്ച സുചരിതമിശ്രന്‍ (കാശികാ), സോമേശ്വരഭട്ടന് (ന്യായസുധ), വെങ്കിടദീക്ഷിതര്, (വാര്ത്തികാഭരണം’), പാര്ഥസാരഥിമിശ്രന്(ന്യായരത്നാകരം), മണ്ഡനമിശ്രന് (വിധിവിവേകം മീമാംസാഅനുക്രമണീ) തുടങ്ങിയ ആചാര്യന്മാര് കുമാരില പരമ്പരയില്‍ പെട്ട പ്രഖ്യാതപണ്ഡിതന്മാരാണ്. വാചസ്പതിമിശ്രന്‍ ‘വിധിവിവേകം’ എന്ന ഗ്രന്ഥത്തെ ഉപജീവിച്ച് ‘ന്യായകരണിക എന്ന കൃതി രചിച്ചു. മാധവന് (ജൈമനീയ ന്യായമാലാവിസ്താരം), അയ്യപ്പദീക്ഷിതര്‍ (വിധിരസായനം), ആപദേവന് (മീമാംസാ ന്യായപ്രകാശം) ഭാസ്ക്കരന്‍, ഖണ്ഡദേവന് (മീമാംസാ കൗസ്തുഭം) എന്നീ ഗ്രന്ഥകാരന്മാരില്ക്കൂടി, പ്രസ്തുത പരമ്പര നീണ്ടു
പോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: