ജ്ഞാനവാസിഷ്ഠത്തിലൂടെ
(ഭൂസുണ്ഡന്റെ കഥ തുടര്‍ച്ച)
ഹംസികള്‍ക്കെല്ലാം ഗര്‍ഭം പൂര്‍ണമായി, മാനസ എന്ന സരസിങ്കല്‍ യഥാക്രമം മുട്ടയിട്ടു. അന്നപ്പേടകളില്‍നിന്ന് ഈവണ്ണം ഞങ്ങള്‍ ഇരുപത്തിയൊന്നു പേരുണ്ടായി. ചണ്ഡന്റെ മക്കളായ ഞങ്ങളിങ്ങിരുപത്തൊന്നുപേരും എല്ലായ്പ്പോഴും അമ്മമാരോടുകൂടി ദേവിയാം ബ്രഹ്മാണിയെ സുചിരം ഭക്തിയോടെ സേവിച്ചു. സമാധിയില്നിന്നെഴുന്നേറ്റു ദേവി പിന്നെ ഞങ്ങളെ അനുഗ്രഹിച്ചതുകൊണ്ട് സ്വയം ഞങ്ങളെല്ലാം മുക്തന്മാരായി വന്നു. സംതൃ
പ്തചിത്തന്മാരായി നല്ല ശാന്തന്മാരായി ഏപ്പോഴും ധ്യാനത്തോടും ഏകാന്തേ വാണീടണം എന്നുറച്ച് അച്ഛനെയും ദേവിയാകുന്ന അലംബുഷയെയും ചെന്നു വന്ദിച്ച് അച്ഛനോടറിയിച്ചു, ‘ദേവിയാകുന്ന ബ്രഹ്മാണിയുടെ കാരുണ്യംകൊണ്ട് ഞങ്ങളേവരും ജ്ഞാനത്തെ അറിയുന്നവരായിത്തീര്‍ന്നു. നിത്യവും ധ്യാനത്തോടെ ഏകാന്തേ വാണീടേണമെന്നതിന് ഉത്തമമായ സ്ഥാനമേതാണ്?’ ഇങ്ങനെ ഞങ്ങള്ചെന്ന് ചോദിച്ചനേരം അലംബുഷാദേവിയും പ്രസാദിച്ചു. അല്പവും ബാധയുണ്ടായീടാത്ത ആ കല്പവൃക്ഷത്തിങ്കല് വാണുകൊള്ളുവാനായി ജ്ഞാനിയാകുന്ന അച്ഛന് പറഞ്ഞു. പിന്നെ അച്ഛനെ വന്ദിച്ച് ഞങ്ങള്‍ ആനന്ദത്തോടെ ഇവിടെവന്നു താമസിച്ചു മുനീശ്വര! വളരെക്കാലമാര്ജ്ജിച്ചുള്ളോരു പുണ്യത്തിന്റെ ഫലമാണ് ഭവദ്ദര്‍ശനം. ശ്രേഷ്ഠമായ രസായനമയമായി, ശാന്തമായി, പരമാനന്ദപ്രദമായി വിളങ്ങുന്നതായ സാധുസംഗമമെന്ന നല്ലോരു നിലാവ് ആര്‍ക്ക് ഉള്ളില്‍ പരമാനന്ദം നല്കുകില്ല, ത്യക്തസര്വൈഷണന്മാരായിട്ടു വര്‍ത്തിക്കുന്ന സത്തുക്കളോടുകൂടി വാഴുന്നതൊന്നല്ലാതെ. മറ്റു യാതൊന്നും ക്ഷേമമായിട്ട് ഇല്ലെന്നു മാമുനേ! മനസ്സില്‍ ഞാന്‍ ഓര്‍ത്തുകൊള്ളുന്നു. മുക്തനായി ഭവിച്ചവനാണു ഞാന്‍, എന്നാലും ഭവദ്ദര്ശനംകൊണ്ട് ദുഷ്കൃതമൊക്കെയും ഇപ്പോള്‍ നശിച്ചു. ഈ ജന്മം സഫലമായിവന്നു, സജ്ജനസംഗം ഭയമൊക്കെയും നീക്കുമല്ലോ.
എന്നെല്ലാം പറഞ്ഞ് അര്‍ഘ്യപാദ്യങ്ങളെ പിന്നെയും പക്ഷിശ്രേഷ്ഠന് നല്‍കിയനേരം, ‘പ്രശസ്തരായ ഭവാന്റെ സോദരന്മാരെ ഇപ്പോള്‍ ഇവിടെ കാണാന്‍ ഇല്ലെന്നതിന്റെ കാരണമെന്താണ്, പറഞ്ഞാലും,’ എന്നീവിധം ഞാന്‍ ഭൂസുണ്ഡനോട് ചോദിച്ചപ്പോള്‍ ആ മഹാത്മാവ് ഇങ്ങനെ പറഞ്ഞു, ‘ഞങ്ങള്‍ ഒന്നിച്ചിവിടെ യുഗവൃന്ദങ്ങളല്ല, കല്പവൃന്ദങ്ങള് കഴിച്ചു. കാലംകൊണ്ട് അവരെല്ലാം ദേഹത്തെ പുല്ലുപോലെ കളഞ്ഞ് കൈവല്യം പ്രാപിച്ചു. സത്തുക്കള്‍, മഹത്തുക്കള്‍, ബലികള്‍, ദീര്‍ഘായുസ്സുള്ള ഉത്തമന്മാരായുള്ളോര് എന്നായിവന്നീടിലും കാലത്താല്‍ ഈ ലോകത്തുള്ള സര്‍വരും കബളിതരായി ഭവിക്കുന്നതു നിശ്ചയമാണ്.’ എന്നു ഭൂസുണ്ഡന്റെ വാക്കുകേട്ടപ്പോള്‍ പിന്നെയും കൗതുകമാര്ന്ന് ഈവിധം ചോദിച്ചു, ‘കല്പാന്തവഹ്നി, ജലം, വായുവെന്നിവയെല്ലാം ഉത്ഭവിച്ചീടുമ്പോഴും സല്‍ബുദ്ധേ! ആദിത്യമണ്ഡലങ്ങള് ഉജ്ജ്വലിച്ചീടുമ്പോഴും ക്ലേശംകൂടാതെകണ്ട് ഭവാന് എങ്ങനെ വാഴുന്നു?’ എന്നിപ്രകാരം എന്റെ ചോദ്യത്തെ കേട്ടു മഹാനാകുന്ന പക്ഷീന്ദ്രന്‍ പിന്നെയും പറഞ്ഞു, ‘ലോകവ്യാപാരം മുഴുവനും കല്പാന്തത്തില് എപ്പോഴാണോ നാശം പ്രാപിച്ചിടുന്നത് അപ്പോള്‍ നന്ദികെട്ടവന്റെ മിത്രത്തെയെന്നപോലെ സന്ദേഹംകൂടാതെ ഞാന്‍ നീഡ(കൂട്)ത്തെ വെടിഞ്ഞ് ശരീരവും അവയവങ്ങളും അല്പവും ചലിച്ചീടാതെ നിര്വ്വാസനമാകുന്ന മാനസമെന്നപോലെ ഇത്തിരിപോലും ഉള്ളില്‍ കല്പനകൂടാതെ ആകാശത്തിങ്കല്ത്തന്നെ വര്‍ത്തിച്ചുകൊണ്ടീടുന്നു. ദ്വാദശാദിത്യന്മാര്‍ ഒന്നായി ദഹിപ്പിപ്പത് ഏതൊരുകാലത്തിങ്കലാണോ അക്കാലത്തിങ്കല്‍ ഞാന്‍ പാനീയഭാവനയെച്ചെയ്ത് നല്ല ധീരധീയായി വാനില്‍ ആനന്ദമാര്‍ന്ന് വാണുകൊണ്ടിരുന്നു. പെട്ടെന്ന് പര്വതങ്ങളൊക്കെ ചിതറിപ്പോകുംവണ്ണം കല്പാന്തവായു നല്ലവണ്ണം വീശീടുന്ന സമയത്ത് അന്തരീക്ഷത്തില്‍ നല്ലവണ്ണം പര്വതധാരണയെബന്ധിച്ച് കുലുങ്ങാതെ ഞാന്‍ സുഖമായി വാണീടും. കല്പാന്തത്തില് ഒറ്റസമുദ്രമായി ഭവിച്ചീടും, അപ്പോള്‍ ഞാന്‍ വായുധാരണയോടെ മീതേ പൊങ്ങിക്കിടക്കും. സന്മാന്യമൗലേ! സര്വസംഹാരകാലംവന്നാല് ഞാന്‍ ബ്രഹ്മാണ്ഡപാരം പ്രാപിച്ചിട്ട് തത്ത്വന്തമായി സ്വച്ഛമായി വിളങ്ങുന്നതായ പദത്തില്‍ ഞാന്‍ നിശ്ചലരൂപയാകും സുഷുപ്താവസ്ഥയോടും സാരസോത്ഭവന് വീണ്ടും സൃഷ്ടിച്ചുകൊണ്ടീ ടുവാനാരംഭിച്ചിടുവോളം വാണുകൊള്ളുന്നു. സൃഷ്ടിച്ചുതുടങ്ങിയാല്‍ ബ്രഹ്മാണ്ഡം പ്രാപിച്ച്, സന്തുഷ്ടനായി മരുവീടുന്ന ആകാശാലയത്തില്‍ എന്റെ സങ്കല്പംകൊണ്ടുതന്നെ കല്പകവൃക്ഷംപോലെ ഇദ്ദിക്കില് കല്പംതോറും ഉത്ഭവിച്ചീടും.’ ഇത്തരം ഭൂസുണ്ഡന്റെ വാക്യം കേട്ടതുനേരം ഉള്ളില്‍ മോദമാര്‍ന്നു പിന്നെയും ഞാന്‍ ചോദിച്ചു, ‘ആകുലംകൂടാതെ നീ വാണീടുംവണ്ണം വേറെ യോഗികളാരും വാണീടാത്തതിനെന്തു ബന്ധം?’ എന്നതുകേട്ടനേരം പക്ഷിപുംഗവന്‍ ചണ്ഡനന്ദനന് പറഞ്ഞു, ‘കേട്ടാലും മഹാമുനേ! പരമേശ്വരിയായീടുന്ന ഈ നിയതിയെ ആരും ലംഘിക്കുവാന്‍ മതിയാവുകയില്ല. ഇങ്ങനെ വാണു കൊണ്ടീടേണ്ടവനാണ് ഞാന്‍, അങ്ങനെയായിത്തീര്ന്നീടേണം ആയവരെല്ലാം. ഭവിതവ്യതതന്നെ അല്പമൊന്നു മാറ്റീടുവാന്‍ ആര്‍ക്കും ലവലേശവും കഴിയില്ലെന്നതു കൃത്യതയാണ്. ഏതൊന്ന് ഏതൊരുവിധമായിട്ട് ഭവിക്കുന്നു, വാദമില്ല, ഒട്ടുമായത് ആവിധമായിത്തീരും.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: