ഹൈദരാബാദ്: ഐസിസി 13-ാം ക്രിക്കറ്റ് ലോകകപ്പിലെ ആറാം മത്സരത്തില്‍ ഇന്ന് ന്യൂസീലാന്‍ഡും നെതര്‍ലന്‍ഡ്സും തമ്മില്‍ ഏറ്റുമുട്ടും. ഇരു ടീമുകളും ലോകകപ്പിലെ രണ്ടാമങ്കത്തിനായാണ് ഇന്നിറങ്ങുന്നത്. ഇതോടെ റൗണ്ട് റോബിന് സംവിധാനത്തിലുള്ള ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ രണ്ടാം ഘട്ട മത്സരത്തിന് ഇന്നുമുതല്‍ തുടക്കമാകുകയാണ്.
ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും ഇത്തവണത്തെ ഫേവറിറ്റുകളിലൊന്നുമായ ഇംഗ്ലണ്ടിനെ തകര്‍ത്തു തരിപ്പണമാക്കിയ കരുത്തുമായാണ് ന്യൂസീലന്‍ഡ് ഇറങ്ങുന്നത്. നെതര്‍ലന്‍ഡ്സ് ആകട്ടെ പാകിസ്ഥാനോട് പരാജയത്തിന്റെ ചൂടറിഞ്ഞ് നില്‍ക്കുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. വെള്ളിയാഴ്ച ഇതേ വേദിയിലാണ് നെതര്‍ലന്‍ഡ്സ് പാകിസ്ഥാനെതിരെ ആദ്യ മത്സരം കളിച്ചത്. മത്സരത്തില്‍ 81 റണ്‍സിന്റെ പരാജയമാണ് ടീം ഏറ്റുവാങ്ങിയത്. പരാജയപ്പെട്ടെങ്കിലും ആദ്യം ബോളിങ്ങിലും പിന്നെ ബാറ്റിങ്ങിലും പാക് പടയ്ക്ക് കനത്ത വെല്ലുവിളിയുയര്‍ത്താന്‍ നെതര്‍ലന്‍ഡ്സിന് സാധിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ഒരുവസരത്തില് മൂന്നിന് 38 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടതാണ്. അവിടെ നിന്നും മുഹമ്മദ് നവാസും ഷഡാബ് ഖാനും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന്റെ അടിത്തറിയിലാണ് പൊരുതാവുന്ന 286ലേക്കെത്തിയത്. ഇതിനെതിരെ ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് ആദ്യ 25 ഓവര്‍ ശക്തമായി പിടിച്ചു നിന്നു. ജയപ്രതീക്ഷയും നിലനിര്‍ത്തി. ബസിദ് ഡി ലീദെ(67) പുറത്തായതോടെ ടീം തകര്‍ന്നു വീഴാന്‍ തുടങ്ങി. ഒടുവില്‍ 205 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
മറുവശത്ത് ഇന്നും ന്യൂസിലന്‍ഡ് നിരയില്‍ നായകന് കെയ്ന്‍ വില്ല്യംസണ് കളിക്കില്ല. പകരം ടോം ലാതം തന്നെയായിരിക്കും നയിക്കുക. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാരെ അക്ഷരാര്‍ത്ഥത്തില്‍ തച്ചുടയ്ക്കുന്ന പ്രകടനവുമായാണ് ന്യൂസീലന്‍ഡ് ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തു. വന്‍ സ്കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ കൃത്യതയാര്‍ന്ന ബൗളിങ്ങിലൂടെ ന്യൂസീലന്‍ഡ് എറിഞ്ഞൊതുക്കുകയായിരുന്നു. പൊരുതാവുന്ന സ്കോര്‍ ആണ് ഇംഗ്ലീഷ് നിര കണ്ടെത്തിയതെങ്കിലും ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ക്ക് അതൊരു പ്രശ്നമേ ആയിരുന്നില്ല. ഡേവോണ്‍ കോണ്‍വേയും രചിന് രവീന്ദ്രയും ചേര്‍ന്ന് അനായാസം ലക്ഷ്യം മറികടന്നു. കോണ്‍വെ 152 റണ്‍സും രവീന്ദ്ര 123 രണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയിപ്പിച്ചു. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 36.2 ഓവറില്‍ 283ന്റെ ലക്ഷ്യം കിവീസ് കണ്ടെത്തി.
ഇന്നത്തെ മത്സരത്തിന് കിവീസും നെതര്‍ലന്‍ഡ്സും ഇറങ്ങുമ്പോള്‍ ജയം ആര്‍ക്കെന്നത് ഏറെക്കുറേ ഉറപ്പാണ്. ന്യൂസിലാന്‍ഡ് ഇന്ന് ലോകകപ്പില്‍ പുതുറെക്കോഡുകള്‍ എന്തെങ്കിലും സ്വന്തം പേരില്‍ എഴുതിചേര്ക്കുമോയെന്നേ കാത്തിരിക്കാനുള്ളൂ. കൂടാതെ പാകിസ്ഥാനെതിരായ മത്സരത്തിലൂടെ കണ്ട നെതര്‍ലന്‍ഡ്സിന്റെ പോരാട്ടവീര്യം എത്ര മെച്ചപ്പെടുമെന്ന് അളക്കാനുള്ള മത്സരം കൂടിയാകും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: