ഗ്വാളിയോര്‍: 70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് പിന്നാക്ക വിഭാഗങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഒബിസി സംവരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും അട്ടിമറിക്കുകയുമായിരുന്നു കോണ്‍ഗ്രസ് ചെയ്തതെന്നും സിന്ധ്യ പറഞ്ഞു. ഗ്വാളിയോറില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്കുന്നതിനായുള്ള കമ്മിഷന് റിപ്പോര്‍ട്ട് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തവരാണ് കോണ്‍ഗ്രസ്. വി.പി. സിങ് കൊണ്ടുവന്നപ്പോഴും കോണ്‍ഗ്രസ് എതിര്‍ത്തതായി സിന്ധ്യ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നത് പട്ടികജാതിക്കാര്‍ക്കും പട്ടിക വര്‍ഗ്ഗക്കാര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടിയാണ്. കേന്ദ്രമന്ത്രിസഭയിലെ 60 ശതമാനം മന്ത്രിമാരും പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് സിന്ധ്യ ചൂണ്ടിക്കാട്ടി. ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം നല്‍കിയത് മോദി സര്‍ക്കാരാണ്. തെരഞ്ഞെടുപ്പ് സമയത്ത് പിന്നാക്ക സംവരണം പുതിയ ഒരു വിഷയമാക്കാന്‍ മാത്രമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: