ലഖ്നൗ: സ്തീസുരക്ഷ മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആരംഭിച്ച ശക്തി ദീദി പദ്ധതിക്ക് വന്‍ജനപിന്തുണ. എല്ലാ ബുധനാഴ്ചയും വീടുകള്‍ തോറുമെത്തി സ്ത്രീകളുടെ പ്രശ്നങ്ങള്‍ അന്വേഷിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന രണ്ടംഗ വനിതാപോലീസ് സംവിധാനമാണ് ശക്തി ദീദി. സര്‍ക്കാരിന്റെ സ്ത്രീക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധനം, പ്രശ്നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവയും ശക്തി ദീദിമാരുടെ ചുമതലയാണ്.
സ്ത്രീകളൊറ്റയ്ക്കല്ലെന്ന സന്ദേശവുമായി ആശാ വര്‍ക്കര്‍മാര്‍, സഖി, റവന്യൂ ഉദ്യോഗസ്ഥരും ശക്തി ദീദിമാര്ക്കൊപ്പം ഉണ്ടാകും. സ്ത്രീകളുടെ സുരക്ഷ, അന്തസ്സ്, ശാക്തീകരണം എന്നിവ മുന്‍ നിര്‍ത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച മിഷന് ശക്തിയുടെ ഭാഗമായാണ് ശക്തിദീദി ജനങ്ങളിലെത്തിയത്. മിഷന് ശക്തിയുടെ അടുത്തഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായ വകുപ്പ് തിരിച്ചുള്ള കര്‍മ്മ പദ്ധതികള്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. സ്ത്രീസുരക്ഷ, ക്ഷേമപദ്ധതികളുടെ ബോധവത്കരണം, പരാതിപരിഹാരം എന്നീ മൂന്ന് ബിന്ദുക്കളിലൂന്നിയുള്ള ശക്തി ദീദി പ്രവര്‍ത്തനത്തിന് ആഭ്യന്തരമന്ത്രാലയമാണ് നേതൃത്വം നല്‍കുന്നത്. വിവിധ ഹെല്‍പ്പ് ലൈന്‍ നമ്പരുകളും അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനുള്ള വേദികളും പദ്ധതിയിലൂടെ പരിചയപ്പെടുത്തും.
ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നുള്ള സംരക്ഷണം, സ്ത്രീധന നിരോധനം, ജോലിസ്ഥലത്തെ ലൈംഗികാതിക്രമം തടയല്‍, പോക്സോ, ശൈശവ വിവാഹ നിരോധനം, ബാലവേല തടയല്‍ തുടങ്ങി സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങളെക്കുറിച്ച് ശക്തിദീദി പ്രചാരണം നടത്തും. കുറ്റകൃത്യങ്ങള്‍ തടയാന്‍ ഈ നിയമങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് അവരെ പഠിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: