Categories: India

സിക്കിം പ്രളയം; കാണാതായ 56 പേരെ കണ്ടെത്തി

Published by

ഗാങ്‌ടോക്ക്: സിക്കിമില്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ 56 പേരെ കണ്ടെത്തി. പലയിടങ്ങളില്‍ നിന്നുള്ള 81 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ഇന്നലെ കണ്ടെത്തിയ 56 പേരില്‍ 52 പുരുഷന്മാരും നാല് സ്ത്രീകളുമാണ്. അതേസമയം, ഇതുവരെ സൈനികരുടേതുള്‍പ്പെടെ 32 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. പ്രളയബാധിത പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. അഞ്ച് ദിവസം സിക്കിമില്‍ പലയിടങ്ങളിലായി കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്.
പ്രത്യേക റഡാര്‍, ഡ്രോണുകള്‍, ഡോഗ് സ്വാഡ് എന്നിവയുടെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്. ഇതുവരെ 2563 പേരെ വിവിധയിടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി. 30 ദുരിതാശ്വാസ ക്യാമ്പുകളില്‍ 6875 പേര്‍ കഴിയുന്നുണ്ട്. നാല് ജില്ലകളിലായി 41870 പേരെയാണ് പ്രളയം ബാധിച്ചത്. 1173 വീടുകളാണ് സംസ്ഥാനത്ത് തകര്‍ന്നത്. 1320 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.

അതേസമയം പ്രളയബാധിത പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര, മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷി, റോഡ്, ജലം, ഊര്‍ജം, ധനമന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു ടീം രൂപീകരിച്ചിട്ടുണ്ട്.
ഈ സംഘം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ നല്കുമെന്ന് അജയ് കുമാര്‍ മിശ്ര പറഞ്ഞു. ചുങ്താങ് ഡാം തകര്‍ന്നതില്‍ സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by