ടെല്‍അവീവ്: പശ്ചിമേഷ്യയില്‍ പാലസ്തീനിലെ ഹമാസ് തീവ്രവാദികളും ഇസ്രായേലും തമ്മിലുളള ഏറ്റുമുട്ടല്‍ രൂക്ഷം.
ഹമാസിന്റെ ആക്രമണത്തില്‍ 600 ഓളം ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇസ്രായേലിന്റെ തിരിച്ചടിയില്‍ 500 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുമുണ്ട്.
ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 18 ഇസ്രായേലി സൈനികരുടെ പട്ടിക പുറത്ത് വിട്ടു. ബന്ദികളാക്കപ്പെട്ടവരെയും കാണാതായവരെയും കണ്ടെത്താനുള്ള ദൗത്യം ഏകോപിപ്പിക്കാനായി വിരമിച്ച ബ്രിഗേഡിയര്‍ ജനറല്‍ ഗാല്‍ ഹിര്‍ഷിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചുമതലപ്പെടുത്തി.
ഇതിനിടെ ലബണണിലെ ഹിസ്ബുള്ള തീവ്രവാദികളും ഹമാസിന് പിന്തുണയുമായി ആക്രമണത്തില്‍ പങ്കാളികളായതായി റിപ്പോര്‍ട്ടുണ്ട്.ലെബനനില്‍ നിന്നുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്ള ഏറ്റെടുത്തിരുന്നു.
ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം ശക്തിപ്പെടുത്തി. ഗാസാ മുനമ്പിലെ ഹമാസിന്റെ മൂന്ന് കമാന്‍ഡ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ വിവരം ഇസ്രായേല്‍ സൈന്യം എക്സിലൂടെ അറിയിച്ചു. ഇതിനിടെ ഗാസയിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തി വയ്ക്കാന്‍ ഇസ്രായേല്‍ വൈദ്യുതി കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഗാസയോട് ചേര്‍ന്നുളള ദരജില്‍ നിന്നും വേഗത്തില്‍ ഒഴിഞ്ഞു പോകാന്‍ പ്രദേശവാസികളോട് ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.അവിടം ലക്ഷ്യമിടുകയാണെന്നും സൈന്യം അറിയിച്ചു.
അതിനിടെ ഈജിപ്തിലെ അലക്സാന്‍ഡ്രിയയില്‍ രണ്ട് ഇസ്രായേലി വിനോദസഞ്ചാരികളെ വെടിവെച്ചു കൊന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഈജിപ്ഷ്യന്‍ ഗൈഡും കൊല്ലപ്പെട്ടിട്ടുണ്ട്
അതേസമയം ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ മോചിപ്പിക്കാനുള്ള നീക്കം ഇസ്രായേല്‍ ശക്തിപ്പെടുത്തി. ഗാസ മുനമ്പിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്ന ഇസ്രായേല്‍ സൈന്യം ആളുകളെ ഒഴിപ്പിച്ച് തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: