കോഴിക്കോട് : സമസ്ത നേതാവിന്റെ തട്ടം പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഷുക്കൂർ വക്കീൽ. തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരാണ് എന്നൊക്കെ പ്രഖ്യാപിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ പോക്കിരിത്തരമാണ്. ഇത് മനുഷ്യ അന്തസ്സിനു നേരെയുള്ള കയ്യേറ്റമാണെന്നാണ് ഷുക്കൂർ വക്കീൽ പ്രതികരിച്ചത്.
ഫേസ് ബുക്കിലൂടെയായിരുന്നു ഷുക്കൂര്‍ വക്കീലിന്റെ പ്രതികരണം. തട്ടം ഇടാതെ നിൽക്കുന്ന പെൺമക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
‘മക്കളാണ്. തട്ടം അവരുടെ തിരഞ്ഞെടുപ്പാണ്. തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരാണ് എന്നൊക്കെ പ്രഖ്യാപിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ പോക്കിരിത്തരമാണ്. മനുഷ്യ അന്തസ്സിനു നേരെയുള്ള കയ്യേറ്റമാണ്. ഈ ബോധവും പേറി ജീവിക്കുന്ന മനുഷ്യരുടെ വീട്ടിലുള്ള സ്ത്രീകളെ കുറിച്ചു നിങ്ങൾ ഒന്നു ആലോചിച്ചു നോക്കൂ.. എന്തു ഭയാനകമാവും അവരുടെ ജീവിതം. അന്തസ്സാർന്ന ജീവിതം മൗലിക അവകാശമായി അംഗീകരിച്ച ഭരണഘടനയുള്ള ഒരു രാജ്യത്ത് ഇതാണ് ഇക്കൂട്ടരുടെ നിലപാടെങ്കിൽ, മത രാഷ്‌ട്രത്തിൽ സ്ത്രീകളുടെ ജീവിതം എത്രമേൽ അപകടം പിടിച്ചതും പൂർണ്ണവുമായിരിക്കും.?’
തട്ടം തലയിലിടാൻ വന്നാൽ വേണ്ട എന്ന് പറയാൻ മലപ്പുറത്തെ പെണ്‍കുട്ടികള്‍ പഠിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വരവോടെയാണെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തില്‍ സിപിഎം സംസ്ഥാനകമ്മിറ്റിയംഗം അനില്‍കുമാര്‍ പ്രസംഗിച്ചതില്‍ നിന്നാണ് വിവാദങ്ങളുടെ തുടക്കം. എന്നാല്‍ ഇസ്ലാമിനെ താറടിക്കാനാണ് ചിലരുടെ ശ്രമമാണിതെന്നായിരുന്നു സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചത്. നാണം മറയ്‌ക്കാനാണ് മുസ്ലിം പെണ്‍കുട്ടികള്‍ തട്ടമിടുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരിയാണെന്ന് ഉമര്‍ ഫൈസി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ മുസ്ലിം സമുദായത്തില്‍ നിന്നും ശക്തമായ പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: