Categories: Kerala

സ്വാമി സത്യാനന്ദ സരസ്വതി, ഹൈന്ദസമൂഹം നേരിട്ട ദുരനുഭവങ്ങളെ കര്‍മ്മകുശലതയോടെ നേരിട്ട സന്യാസി വര്യന്‍: കേരള ഹൈക്കോടതി മുന്‍ ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍

Published by

തിരുവനന്തപുരം: ഹൈന്ദസമൂഹം നേരിട്ട ദുരനുഭവങ്ങളെ കര്‍മ്മകുശലതയോടെ നേരിട്ട സന്യാസിവര്യനായിരുന്നു ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയെന്ന്‌ കേരള ഹൈക്കോടതി മുന്‍ ജസ്റ്റിസും തൃശൂര്‍ യു.ഇ.സി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ചെയര്‍മാനുമായ എം.ആര്‍.ഹരിഹരന്‍ നായര്‍.

സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 88-ാം ജയന്തി ആഘോഷമായ വിശ്വശാന്തി പഞ്ചദശാഹയജ്ഞത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടന്ന വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെല്ലുവിളി നേരിടുന്ന ഘട്ടങ്ങളില്‍ സമൂഹത്തിന് എക്കാലവും ഊര്‍ജ്ജം പകരുന്നതായിരുന്നു സ്വാമിജിയുടെ വാക്കുകളെന്നും  അദ്ദേഹം പറഞ്ഞു.

സനാതന ധര്‍മ്മസംരക്ഷണത്തിനായി സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ ശ്രദ്ധയോടുകൂടി നടപ്പിലാക്കുവാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ടെന്ന് കേരള സര്‍വകലാശാല സെന്റര്‍ ഫോര്‍ വേദാന്ത സ്റ്റഡീസ് ഡയറക്ടര്‍ ഡോ.സി.എന്‍.വിജയകുമാരി പ്രഭാഷണത്തില്‍ പറഞ്ഞു.

ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ ഇന്‍സ്പയേഴ്‌സ് ഡയറക്ടര്‍ ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, എസ്.ആര്‍.ഡി.എം.യു.എസ് അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, അഡ്വ.കുമാരപുരം മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജയന്തി ദിനത്തില്‍ ജ്യോതിക്ഷേത്രത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്ത
ലക്ഷാര്‍ച്ചനയും ജഗദ്ഗുരുവിന്റെ വിഗ്രഹത്തില്‍ പുഷ്പാഭിഷേകവും പൂമൂടലും നടന്നു. സ്വാമി യോഗാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ശ്രീരാമപട്ടാഭിഷേകത്തോടെ ജയന്തി ആഘോഷപരിപാടികള്‍ സമാപിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക