പി ജെ വര്‍ഗീസ് മലമേല്‍
മഹാത്മാ ഗാന്ധി എന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തില്‍നിന്നു മോചിപ്പിക്കാനുള്ള അഹിംസാത്മക സമരത്തിനു നേതൃത്വം നല്‍കിയ മഹാനാണല്ലോ. ഗുജറാത്തില്‍പ്പെട്ട പോര്‍ബന്ദറില്‍ വൈശ്യകുടുംബത്തിലാണ് ജനനം. പിതാവ് പി. കരംചന്ദ് ഗാന്ധിയും. മാതാവ് പുത്‌ലീബായിയുമാണ്. 1887-ല്‍ മെട്രിക്കുലേഷന്‍ പാസായി. 1883 ല്‍ കസ്തൂര്‍ബായെ വിവാഹം ചെയ്തു. 1887 മോഹന്‍ദാസ് ബാരിസ്റ്റര്‍ പരീക്ഷയ്‌ക്ക് പഠിക്കാനായി ഇംഗ്ലണ്ടിലേക്കു പോയി. 1891-ല്‍ ബാരിസ്റ്റര്‍ പരീക്ഷ പാസായി തിരിച്ചെത്തിയ മഹാത്മാഗാന്ധി 1893-ല്‍ ഒരു കേസ് വാദിക്കാന്‍ ദക്ഷിണാഫ്രിക്കയിലേക്കു പോയി.
1901-ല്‍ ഇന്ത്യയിലെത്തിയ ഗാന്ധി ഗോപാലകൃഷ്ണ ഗോഖലെയുമായി പരിചയപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ അഭ്യര്‍ത്ഥനയനുസരിച്ച് 1902-ല്‍ വീണ്ടും അവിടെയെത്തി ‘ഇന്ത്യന്‍ ഒപ്പീനിയന്‍’ എന്ന പത്രമാരംഭിച്ചു. ട്രാന്‍സ്‌വാള്‍ ഗവണ്‍മെന്റിന്റെ വിവേചനനിയമങ്ങളെ എതിര്‍ത്ത് സഹനസമരം ആരംഭിച്ചു. 1914-ല്‍ ഈ നിയമങ്ങള്‍ പിന്‍വലിച്ച് ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ് സന്ധി ചെയ്തു. 1915-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധി ഗോപാലകൃഷ്ണ ഗോഖലെയുടെ ഉപദേശമനുസരിച്ച് ഒരു കൊല്ലക്കാലം ഇന്ത്യന്‍ കാര്യങ്ങള്‍ നിശ്ശബ്ദമായി നിരീക്ഷിച്ച് മനസ്സിലാക്കി. ബീഹാറിലെ ചമ്പാരനിലെ നീലം തൊഴിലാളികളുടെ സത്യാഗ്രഹത്തിനു നേതൃത്വം നല്‍കി.
ഗാന്ധിജി അര്‍ദ്ധനഗ്നനായി ഗ്രാമീണന്റെ പ്രതീകമായി മാറി. നിസ്സഹകരണപ്രസ്ഥാനത്തില്‍ മുപ്പതിനായിരത്തിലധികമാളുകള്‍ നിയമലംഘനത്തെത്തുടര്‍ന്ന് ജയിലില്‍ പോയി. 1922-ല്‍ ഗാന്ധിജിയെ ആറുകൊല്ലം കഠിനതടവിനു ശിക്ഷിച്ചു. ജയില്‍ ജീവിതകാലത്ത് എന്റെ സത്യാന്വേഷണപരീക്ഷകള്‍’ എന്ന ആത്മകഥാഗ്രന്ഥം രചിച്ചു. ഉപ്പു നികുതി എടുത്തുകളയുക തുടങ്ങിയ പതിനൊന്നു കാര്യങ്ങള്‍ ഉടന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഗാന്ധിജി വൈസ്രോയിക്കെഴുതി. വൈസ്രോയിയില്‍നിന്ന് തൃപ്തികരമായ മറുപടി കിട്ടാതിരുന്നതിനാല്‍ ഉപ്പുനിയമം ലംഘിക്കാന്‍ 72 അനുയായികളോടെ ദണ്ഡിയിലേക്ക് കാല്‍നടയായി യാത്ര പുറപ്പെട്ടു. രാജ്യമെങ്ങും നിയമം ലംഘിച്ച് ഉപ്പുസത്യാഗ്രഹം നടന്നു. ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. രാജ്യം മുഴുവന്‍ ഹര്‍ത്താലാചരിച്ചു. 1931-ല്‍ ചേര്‍ന്ന വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിജി ലണ്ടനിലേക്കു പോയി. വട്ടമേശ സമ്മേളനം പരാജയപ്പെട്ടു. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജിയെ അറസ്റ്റ് ചെയ്തു.
സിവില്‍ നിയമലംഘനം ശക്തമായി ആരംഭിച്ചു. ലാത്തിച്ചാര്‍ജ്ജ്, കൂട്ടുപിഴ ചുമത്തല്‍, ശിക്ഷാനികുതി ചുമത്തല്‍, വെടിവയ്പ് തുടങ്ങിയവ എങ്ങും അരങ്ങേറി. ജയിലില്‍ ഗാന്ധിജി നിരാഹാരസത്യാഗ്രഹം നടത്തി. ജയില്‍മോചനത്തിനുശേഷം ഗാന്ധിജി 10 മാസം ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഹരിജന്‍ ഫണ്ട് ശേഖരിച്ചു. 1935 ഒക്‌ടോബര്‍ 22-ന് വാര്‍ധയ്‌ക്കടുത്ത സേവാഗ്രാമില്‍ ആശ്രമം സ്ഥാപിച്ചു. 1939 ല്‍ രണ്ടാം ലോകയുദ്ധമാരംഭിച്ചപ്പോള്‍ വൈസ്രോയി ഗാന്ധിജിയെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചു. ഇന്ത്യ യുദ്ധത്തില്‍ ചേരണമെങ്കില്‍ ഇന്ത്യാക്കാരുമായി അക്കാര്യം തീരുമാനിക്കണമെന്ന് ഗാന്ധിജി വൈസ്രോയിയോടു പറഞ്ഞു. ഇംഗ്ലീഷുകാര്‍ സാമ്രാജ്യത്വത്തിന്റെ ഭാഷ മറക്കണം. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നല്‍കി തുല്യപങ്കാളികളെപ്പോലെ യുദ്ധയത്‌നങ്ങളില്‍ സഹകരിക്കാന്‍ അവസരമുണ്ടാക്കണമെന്നും പറഞ്ഞു. യുദ്ധാനന്തരം മാത്രം സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കാനേ ബ്രിട്ടന്‍ തയ്യാറുണ്ടായിരുന്നുള്ളൂ.
യുദ്ധത്തിലെ തിരിച്ചടി മൂലം പരിഭ്രാന്തരായ ബ്രിട്ടീഷുകാര്‍ കൂടിയാലോചനകള്‍ക്കായി ക്രിപ്‌സ് മിഷനെ ഇന്ത്യയിലേക്കു നിയോഗിച്ചു. കൂടിയാലോചനകള്‍ പരാജയപ്പെട്ടു. ക്വിറ്റ് ഇന്ത്യ’ പ്രമേയം അംഗീകരിച്ചു. ഗാന്ധിജിയും മറ്റു നേതാക്കളും അറസ്റ്റിലായി. പിറ്റേന്നുമുതല്‍ ‘ആഗസ്റ്റ് വിപ്ലവം’ഒരു കൊടുങ്കാറ്റുപോലെ ചീറിയടിക്കാന്‍ തുടങ്ങി. പുനെയിലെ ആഗാഖാന്‍ കൊട്ടാരത്തില്‍ ഗാന്ധിജിയെയും സഹപ്രവര്‍ത്തകരെയും തടവില്‍ പാര്‍പ്പിച്ചു. ഗാന്ധിജിയുടെ സെക്രട്ടറി തടവില്‍ കിടന്നു മരിച്ചു. 1943 ഫെബ്രുവരിയില്‍ ഗാന്ധിജി ഉപവാസമാരംഭിച്ചു. മാര്‍ച്ചില്‍ ഉപവാസസമരം അവസാനിപ്പിച്ചു. 1944 ഫെബ്രുവരിയില്‍ ഗാന്ധിജി തടങ്കലില്‍ കഴിയവേ കസ്തൂര്‍ബാ അന്തരിച്ചു. ഏപ്രില്‍ 6-ന് ഗാന്ധിജിയെ മോചിപ്പിക്കണമെന്ന മുറവിളി ഉയര്‍ന്നു. രോഗഗ്രസ്തനായ ഗാന്ധിജിയെ മെയ് 6-ന് മോചിപ്പിച്ചു.
1945-മെയില്‍, രണ്ടാം ലോകമഹായുദ്ധമവസാനിച്ചു. ജൂണില്‍ ഗാന്ധിജി വൈസ്രോയിയുമായി സമ്പര്‍ക്കം പുലര്‍ത്തി. ക്യാബിനറ്റ് മിഷനും വൈസ്രോയിയുമായി ഗാന്ധിജി ചര്‍ച്ച നടത്തി. അധികാരക്കൈമാറ്റത്തിനു മുന്നോടിയായി ഇടക്കാല ഗവണ്‍മെന്റില്‍ ചേരാനുള്ള ബ്രിട്ടന്റെ ക്ഷണം കോണ്‍ഗ്രസ് സ്വീകരിച്ചു.ഗവണ്‍മെന്റില്‍ ചേരാന്‍ തയ്യാറാകാതെ മുസ്ലിം ലീഗ് വിട്ടുനിന്നു. ആഗസ്റ്റ് 16 വഞ്ചനാദിനമായി അവര്‍ ആചരിച്ചു. ഇതോടെ ഹിന്ദു-മുസ്ലിം ബന്ധം വഷളായി. സാമുദായിക കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഗാന്ധിജി എല്ലായിടത്തും നടന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു. ഒക്‌ടോബറില്‍ നവഖാലിയില്‍ അദ്ദേഹം നടത്തിയ ഏകാന്തയാത്ര ത്യാഗോജ്ജ്വലവുമായ ഒന്നായിരുന്നു.
മഹാത്മജിയുടെ 78-ാമതും അവസാനത്തേതുമായ ജന്മദിനം ബിര്‍ള ഹൗസിലായിരുന്നു. ഗവണ്‍മെന്റ് ഹൗസില്‍ നിന്നുള്ള സര്‍ക്കുലറുകളില്‍ ഇനിമുതല്‍ മി. ഗാന്ധി എന്നതിനു പകരം മഹാത്മാഗാന്ധി എന്നെഴുതാന്‍ മൗണ്ട് ബാറ്റന്‍ ഉത്തരവിട്ടു. ലേഡി മൗണ്ട് ബാറ്റന്‍ ജന്മദിനാശംസകള്‍ അറിയിക്കാന്‍ ബിര്‍ള ഹൗസില്‍ പോയി എന്നു രേഖപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലറിലാണ് ആദ്യം ഈ ഉത്തരവ് നടപ്പായത്.
ഗാന്ധിസത്തിന്റെ വേരുകള്‍
ഇന്ത്യയുടെ പ്രാചീനമായ പൈതൃകത്തിന്റെ യഥാര്‍ത്ഥ ബിംബങ്ങളില്‍ ഗാന്ധിജി വേദങ്ങളുടെയും ഉപനിഷത്തുകളുടെയും രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അടിസ്ഥാന പ്രമാണങ്ങള്‍ സ്വാംശീകരിച്ചിരുന്നു. ഈ തത്വങ്ങള്‍ ജീവിതത്തില്‍ പ്രയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. അവകാശങ്ങളുടെ യഥാര്‍ത്ഥ സ്രോതസ്സ് കടമയാണ്. സ്വഭാവശുദ്ധി വളരെ പ്രധാനമാണെന്ന കാഴ്ചപ്പാടും രൂഢമൂലമാകുന്നു. മാര്‍ഗ്ഗവും ലക്ഷ്യവും പരസ്പരബന്ധിതമാണ്. ശരിയായ മാര്‍ഗ്ഗത്തിനേ ശരിയായ ലക്ഷ്യത്തില്‍ എത്തിക്കാന്‍ കഴിയൂ.
ഗാന്ധിജിയുടെ സത്യം അഹിംസ, ത്യാഗം, സര്‍വ്വധര്‍മ്മമൈത്രി തുടങ്ങിയ പ്രമാണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താതെ, പാടുപെട്ടു നേടിയ സ്വാതന്ത്ര്യത്തെ പരിരക്ഷിക്കാന്‍ കഴിയില്ല. ഭാരതം ഭാഗ്യവിധാതാവാണ്. നമ്മുടെ പ്രാചീന സംസ്‌കാരത്തിന്റെ അടിത്തറ കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ധാരാളം പരീക്ഷണങ്ങള്‍ അതിജീവിച്ചിട്ടുണ്ട്. ആ ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും ചിറകുകളുണ്ട്. ഏതൊരുവന്റെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ഏകീഭാവം കൈക്കെള്ളുന്നുവോ അവനാണ് മഹാത്മാവ് എന്നര്‍ത്ഥം. അതുകൊണ്ടാണ് ആ കുറിയ മനുഷ്യന്റെ വാക്കുകള്‍ കേട്ട് ലക്ഷക്കണക്കിനാളുകള്‍ ഒട്ടും മടിയില്ലാതെ തങ്ങളുടെ ഉദ്യോഗവും സ്വത്തും കുടുംബവും എന്തിന് ജീവിതം തന്നെയും ത്യജിച്ചുകൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചത്.
അതിബലവത്തായ ചേതനയുടെ ശക്തി ഗാന്ധിജിയുടെ അക്ഷയപാത്രത്തിലെ രഹസ്യമായിരുന്നു. ആയുധമെടുക്കാത്ത ഈ പോരാളി ഇന്നും അജയ്യനായി തുടരുന്നു. ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ പൗരാവകാശങ്ങള്‍ക്കുവേണ്ടി ഗാന്ധിജി ആരംഭിച്ച സഹനസമരത്തിലൂടെയാണ് അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിന് ആദ്യമായി നിയതരൂപം കൈവന്നത്. അഹിംസാത്മകമായ മാര്‍ഗ്ഗത്തിലൂടെ വെള്ളക്കാരുടെ വര്‍ഗ്ഗവിവേചനത്തെ വെല്ലുവിളിച്ച ഗാന്ധിജി ആ പ്രക്ഷോഭണ മാര്‍ഗ്ഗത്തിനൊത്ത വിധത്തില്‍ വ്യക്തിജീവിതത്തിന് വിശുദ്ധിയും തത്വനിഷ്ഠയും പാലിക്കാനുള്ള ഒരു തപസ്സുകൂടിയാരംഭിച്ചു.
സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടുകൂടി ഈ സമീപനത്തിനും പ്രവര്‍ത്തനരീതിക്കും തത്വങ്ങള്‍ക്കും കുറേക്കൂടി വ്യക്തമായ രൂപം നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഗാന്ധിജി ജനകീയ പ്രക്ഷോഭം ഹിംസാകലുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും മതസൗഹാര്‍ദ്ദത്തിനുവേണ്ടി നിരന്തരം പരിശ്രമിക്കുകയും, അവര്‍ണ്ണരുടെയും മറ്റവശജനവിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യുകയുമുണ്ടായി. ഇതിനെല്ലാം പുറമെ സത്യനിഷ്ഠ, അഹിംസാനിഷ്ഠ, സ്വാശ്രയശീലം, സഹിഷ്ണുത, സമഭാവന തുടങ്ങിയ ശീലങ്ങള്‍ ഇന്ത്യാക്കാരുടെ ജീവിതത്തില്‍ വളര്‍ത്താന്‍ നിരന്തരം പരിശ്രമിക്കുകയും ചെയ്തു. അദ്ദേഹം ഇതിനെല്ലാം സ്വജീവിതത്തിലും പ്രവര്‍ത്തനത്തിലും മാതൃക കാട്ടി എന്നുള്ളതാണ് ഗാന്ധിയന്‍ സമീപനത്തിന്റെ മുഖ്യ സവിശേഷതകളിലൊന്ന്.
ഭൗതിക ജീവിതത്തിലെ സംതൃപ്തിക്കും ആദ്ധ്യാത്മികമായ ആന്തരിക വികാസത്തിനും അദ്ദേഹം തുല്യപ്രാധാന്യമാണ് കല്‍പ്പിച്ചത്. ഇന്ത്യയിലെ ഗ്രാമീണരുടെ ലളിതജീവിതത്തെ ഗാന്ധിജി ആദര്‍ശവത്ക്കരിച്ചു. അവരെ അനുകരിച്ച് അര്‍ദ്ധനഗ്നനായി കുടിലില്‍ ജീവിക്കാനും ഓരോ ദിവസത്തെയും അന്നത്തിനുവേണ്ടിടത്തോളം സ്വയം അദ്ധ്വാനിക്കാനും തന്റെ പരിസരങ്ങള്‍ സ്വയം ശുദ്ധി ചെയ്യാനും അദ്ദേഹം നിഷ്‌കര്‍ഷിച്ചുപോന്നു. യന്ത്രവത്കൃതമായ നാഗരികപരിഷ്‌കാരത്തെയും വന്‍കിടവ്യവസായത്തെയും അദ്ദേഹം അംഗീകരിച്ചില്ല. സ്വകാര്യസ്വത്തിലധിഷ്ഠിതമായ മുതലാളിത്തവ്യവസ്ഥയ്‌ക്കും എതിരായിരുന്നു. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ഒരുപോലെ പ്രാധാന്യം കല്‍പ്പിക്കുന്ന ഒരു വീക്ഷണമാണ് ഗാന്ധിജിയുടേത്. സാമൂഹ്യനീതി കൈവരുത്തുവാനും സാമ്പത്തികവും ജാതീയവുമായ ഉച്ചനീചത്വം നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും രാഷ്‌ട്രീയസ്വാതന്ത്ര്യം നേടാനുമുള്ള സംഘടിതപ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് കരുതിയ ഗാന്ധിജി, ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കണമെങ്കില്‍ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ജീവിതം പരമാവധി ആദര്‍ശനിഷ്ഠമായിരിക്കണമെന്നുകൂടി വിശ്വസിച്ചു.
ആത്മാഭിമാനനിര്‍ഭയമായ സമീപനമായിരുന്നു ഗാന്ധിജിയുടേത്. അഹിംസയോടും ധര്‍മ്മനിഷ്ഠയോടുമൊപ്പം പരമപ്രധാനമായി ഗാന്ധിജി കണക്കാക്കിയ മറ്റൊരു തത്വമാണ് സത്യനിഷ്ഠ. സത്യത്തെക്കുറിച്ച് എപ്പോഴും ബോധവാനായിരിക്കുക, സത്യനിഷ്ഠമായി മാത്രം പ്രവര്‍ത്തിക്കുക ഇങ്ങനെ പരിമിതമായ ജീവിതമേഖലകള്‍ വീക്ഷണഗതിയും വിജ്ഞാനമേഖലകളും കര്‍മ്മമാര്‍ഗ്ഗവും ഒത്തുചേരുന്ന ഒരു ദാര്‍ശനിക സമീപനമാണ് ഗാന്ധിസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക