ന്യൂദൽഹി; ഹാങ്ചൊ ഏഷ്യൻ ഗെയിംസിൽ നൂറ് മെഡൽ തികച്ച ഭാരതത്തിന്റെ കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താരങ്ങളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ ‘ചരിത്രം സൃഷ്ടിക്കുകയും രാജ്യത്തിന്റെ ഹൃദയങ്ങളിൽ അഭിമാനം നിറയ്‌ക്കുകയും ചെയ്തു’ എന്ന് മോദി ട്വിറ്റ് ചെയ്തു. കായികതാരങ്ങളുടെ പ്രകടനത്തെ ‘നിർണായക നേട്ടം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്യത്തിന്റെ വിജയത്തിൽ ഭാരതത്തിലെ ജനങ്ങൾ ‘ആഹ്ലാദഭരിതരാണെന്ന്’ പറഞ്ഞു. ഒക്ടോബർ 10-ന് കായികതാരങ്ങൾക്ക് വിരുന്നൊരുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നിർണായക നേട്ടം! 100 മെഡലുകളുടെ ശ്രദ്ധേയമായ നാഴികക്കല്ലിൽ എത്തിയതിൽ ഭാരതത്തിലെ ജനങ്ങൾ ആവേശഭരിതരാണ്. ഭാരതത്തെ ഈ ചരിത്ര നാഴികക്കല്ലിലേക്ക് നയിച്ച നമ്മുടെ താരങ്ങളെ ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. പ്രചോദിപ്പിക്കുന്ന പ്രകടനം ചരിത്രം സൃഷ്ടിക്കുകയും ഞങ്ങളുടെ ഹൃദയങ്ങളിൽ അഭിമാനം നിറയ്‌ക്കുകയും ചെയ്തു. 10-ന് ഞങ്ങളുടെ ഏഷ്യൻ ഗെയിംസ് സംഘത്തിന് വിരുന്നൊരുക്കാനും ഞങ്ങളുടെ താരങ്ങളുമായി സംവദിക്കാനും ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത്
കബഡി ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ തായ്‌പേയിയെ പരാജയപ്പെടുത്തി ഭാരതത്തിന്റെ വനിതാ ടീം സ്വര്‍ണ മെഡൽ സ്വന്തമാക്കിയതോടെയാണ് 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി 100 മെഡലുകളെന്ന സ്വപ്ന റെക്കോർഡ് ഭാരതം കരസ്ഥമാക്കിയത്. ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ ഭാരതത്തിന്റെ റെക്കോര്‍ഡ്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 26-25 എന്ന സ്‌കോറിലാണ് ഭാരത വനിതാ കബഡി ടീം ചൈനയുടെ തായ്‌പേയി ടീമിനെ മലർത്തിയടിച്ചത്. 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമായാണ് ഭാരതം 100 മെഡല്‍ നേട്ടം കൈവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: