തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമാധിപതിയും ബ്രഹ്മശ്രീ നിലകണ്ഠ ഗുരുപാദരുടെ ശിഷ്യനും ഹിന്ദു ഐക്യവേദിയുടെ സ്ഥാപകാചാര്യനും ആയിരുന്നു പൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍.
അമ്പതിലേറെ വര്‍ഷക്കാലം ആദ്ധ്യാത്മിക ധാര്‍മിക നഭോമണ്ഡലത്തില്‍ തിളങ്ങിനിന്ന സൂര്യതേജസ്സായിരുന്നു സ്വാമിജി. അധര്‍മ്മത്തോടും അനീതിയോടും സന്ധിയില്ലാത്ത പോരാട്ടം നടത്തി. ആയിരക്കണക്കിന് വേദികളില്‍ നിന്നും ഒഴുകിയെത്തിയ സ്വാമിജിയുടെ ആവേശോജ്വലമായ വാക്‌ധോരണി ജനമനസ്സുകള്‍ക്ക് പ്രചോദനമായി. സംഭവ ബഹുലമായ കര്‍മ്മകാണ്ഡം കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിനും പരിവര്‍ത്തനത്തിനും ഗതിവേഗം കൂട്ടി.
1936ലെ ക്ഷേത്രപ്രവേശവിളംബരത്തോടെ, ഭ്രാന്താലയമായ കേരളത്തെ തീര്‍ത്ഥാലയമാക്കിമാറ്റിയെന്ന സമാശ്വാസം ഹൈന്ദവജനതയില്‍ ഒട്ടേറെ പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നു. ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുദേവനും മറ്റ് സാമൂഹ്യപരിഷ്‌കര്‍ത്താക്കളും കൈവരിച്ച സമഗ്രപരിവര്‍ത്തനത്തിന്റെ പ്രത്യാശാനിര്‍ഭരമായ അന്തരീക്ഷം വലിയ ആത്മവിശ്വാസവും ആത്മാഭിമാനവും പകര്‍ന്നു. സാമൂഹ്യസമത്വവും സമന്വയവും യാഥാര്‍ത്ഥ്യമാകുമെന്ന നില സംജാതമായി. കമ്മ്യൂണിസ്റ്റ്-നിരീശ്വരവാദ യുക്തിവാദ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വേരുപിടിച്ചതും ആളിപ്പടര്‍ന്നതും ഇക്കാലത്താണ്. നാല്പതുകളില്‍ ക്ഷേത്രവിശ്വാസത്തിനും ഹിന്ദു ആചാരത്തിനും എതിരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഈ ദുര്‍ഘടാവസ്ഥയില്‍ നിന്നും ഹിന്ദുസമൂഹത്തെ കൈപിടിച്ചുയര്‍ത്തിയത് ഹിന്ദു സംഘടനകളും സംന്യാസി ശ്രേഷ്ഠരും ആദ്ധ്യാത്മികാചാര്യന്മാരും ധര്‍മ്മഗുരുക്കന്മാരുമാണ്. 1950-60 കാലത്ത് സ്വാമി ചിന്മയാനന്ദജിയുടെ ഗീതാപ്രഭാഷണം, സ്വാമി ജ്ഞാനാനന്ദ സരസ്വതിയുടെ സപ്താഹയജ്ഞം, സ്വാമി വിഷ്ണു ദേവാനന്ദയുടെ യോഗപരിശീലനം, അഭേദാനന്ദ സ്വാമികളുടെ ഭജനമേളകള്‍ തുടങ്ങി ഭക്തിപ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിച്ചതോടെ ഹിന്ദുക്കളില്‍ ഉണര്‍വ് പ്രകടമായി. ആര്‍എസ്എസ്, വിഎച്ച്പി, ക്ഷേത്രസംരക്ഷണ സമിതി, ചിന്മയാമിഷന്‍, ഹിന്ദുമഹാമണ്ഡലം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ സംഘടിതാവബോധം ഹിന്ദുക്കള്‍ക്ക് പകര്‍ന്നു.
1977 ല്‍ പാലുകാച്ചിമലയില്‍ നിന്നും സ്വാമി സത്യാനന്ദസരസ്വതി നടത്തിയ രഥയാത്ര വലിയ കോളിളക്കം സൃഷ്ടിച്ചു. 1982 ല്‍ കൊച്ചിയില്‍ ചേര്‍ന്ന വിശാലഹിന്ദു സമ്മേളനത്തിലെ സ്വാമികളുടെ പ്രസംഗം സിംഹഗര്‍ജനമായിരുന്നു. 1983 ല്‍ നിലക്കല്‍ പ്രക്ഷോഭത്തിന്റെ നെടുനായകത്വം വഹിച്ച് കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ നടത്തിയ പ്രഭാഷണങ്ങള്‍ ഒരു കൊടുങ്കാറ്റായി ആഞ്ഞുവീശി. ഹിന്ദുക്കള്‍ക്ക് നേതാവുണ്ടോ എന്ന മുഖ്യമന്ത്രി കെ. കരുണാകരന്റെ ചോദ്യത്തിന് ചേങ്കോട്ടുകോണം ആശ്രമത്തിലെ കസേരയിലിരുന്ന് യാതൊരു കൂസലും കൂടാതെ നേരിട്ട് മറുപടി നല്‍കി. ”ഉണ്ട്, കേരളത്തിലെ ഹിന്ദുക്കള്‍ക്ക് നേതാവുണ്ട്. അദ്ദേഹത്തിന്റെ പേരാണ് സത്യാനന്ദസരസ്വതി”. മുഖ്യമന്ത്രിക്ക് ഫോണില്‍ കിട്ടിയത് ഉഗ്രന്‍ തിരിച്ചടി. പിന്നീട് ചര്‍ച്ചക്ക് ക്ഷണിച്ചതും എം.പി. മന്മഥനെ മധ്യസ്ഥനാക്കിയതും അതേ മുഖ്യമന്ത്രി. ഒരു മേശക്ക് ചുറ്റുമിരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ക്രിസ്ത്യന്‍-ഹിന്ദു നേതാക്കള്‍ക്ക് കഴിഞ്ഞതും സ്വാമിജിയുടെ നയപരമായ, സൗഹാര്‍ദ്ദപരമായ സമീപനത്തിന്റെ ഫലമായിരുന്നു.
ശംഖുംമുഖം ആറാട്ടുകടവിലെ പാപ്പാവേദി ഉയര്‍ത്തിയ വിവാദങ്ങള്‍ രമ്യമായി പരിഹരിച്ചു. മാര്‍ഗ്രിഗോറിയോസ് ബിഷപ്പ് ചെങ്കോട്ടുകോണം ആശ്രമത്തിലെത്തി സ്വാമിജിയെ കണ്ട് ചര്‍ച്ച നടത്തിയതും വേദി പൊളിച്ചുനീക്കാന്‍ തീരുമാനമെടുത്തതുമെല്ലാം ഉദ്വേഗജനകമായ വിഷയങ്ങളില്‍ ഔചിത്യപൂര്‍ണമായ അദ്ദേഹത്തിന്റെ ഇടപെടലുകളുടെ വിജയകരമായ പരിസമാപ്തിയെന്നേ പറയേണ്ടൂ.
അരനൂറ്റാണ്ടിലേറെ കാലത്തെ സ്വാമിജിയുമായുള്ള അടുപ്പവും സഹജീവിതവും ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളാണ്, അനുഭവങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിലെ അവസാനപാദത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മാര്‍ഗദീപമായി അദ്ദേഹം ജ്വലിച്ചുനിന്നു. ഹിന്ദുഐക്യവേദി ചെയര്‍മാന്‍ എന്ന നിലയില്‍ എല്ലാവിധ ഹിന്ദു സംഘടനകളുടെയും സമാരാധ്യ നായകനായി ഉയര്‍ന്നു. 1992 ല്‍ ഹിന്ദുഐക്യവേദിയുടെ മുഴുവന്‍ സമയ ഹിന്ദു മിഷണറിമാര്‍ക്കുവേണ്ടി ശിബിരം നടത്തി. ശബരിമല, ഗുരുവായൂര്‍, വൈക്കം, ഏറ്റുമാനൂര്‍ തുടങ്ങിയ ഒട്ടേറെ ക്ഷേത്രങ്ങളില്‍ ആ മഹാമനീഷിയുടെ പാദമുദ്രപതിഞ്ഞു. അതിലൂടെ സ്പര്‍ശിച്ചു കടന്നുപോയ ആയിരങ്ങള്‍ക്ക് അനുഭൂതിയും അനുഗ്രഹവും ആശ്വാസവുമേകി.
കണ്ടുവണങ്ങുന്നവരുടെ നെറ്റിത്തടത്തില്‍ സ്വാമിജി ഇട്ട ഭസ്മക്കുറി ഹൃദയാന്തരാളങ്ങളില്‍ പകര്‍ന്നു നല്‍കിയത് ഒരിക്കലും മായാത്ത പ്രകാശമായിരുന്നു. ഇനിയും സഫലമാകാത്ത ഒട്ടേറെ ആഗ്രഹാഭിലാഷങ്ങള്‍ ബാക്കിവച്ചാണ് അദ്ദേഹം യാത്രയായത്. സര്‍ക്കാര്‍ ഭരണമുക്തക്ഷേത്രങ്ങള്‍, ഹിന്ദുവോട്ടുബാങ്ക്, ഹിന്ദുബാങ്ക്, ജാതിവിദ്വേഷരഹിത ഹിന്ദു ഐക്യം, ക്ഷേത്രം തോറും മതപാഠശാലകള്‍, സംതൃപ്ത കുടുംബങ്ങള്‍ തുടങ്ങി ലക്ഷ്യത്തിലെത്താന്‍ സ്വാമിജിയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകേണ്ടതുണ്ട്. അതിനുള്ള പ്രേരണയും പ്രചോദനവുമാകട്ടെ ഈ ദിനം.
1933 സെപ്തംബര്‍ 25ന് കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണത്ത് കന്നിമാസത്തിലെ പുണര്‍തം നാളില്‍ ‘ശേഖരന്‍’ എന്ന പേരിലാണ് സ്വാമിജി ജനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: