ഓരോ വ്യക്തിക്കും ഒരു സംസ്‌കാരമുണ്ട്, ഓരോ വീടിനും ഒരു സംസ്‌കാരമുണ്ട്. അതാകട്ടെ ജീവിച്ചുവളരുന്ന അന്തരീക്ഷത്തില്‍നിന്ന്, മണ്ണില്‍ നിന്ന് സ്വായത്തമാകുന്നതാണ്. അത് രാഷ്‌ട്രജീവിതത്തിന്റെ സംസ്‌കൃതിയാണ്. ഇന്നോ ഇന്നലെയോ മുളച്ചുപൊങ്ങിയതോ ആരെങ്കിലും കല്‍പ്പിച്ച് നല്‍കിയതോ അല്ല അത്. സഹസ്രാബ്ദങ്ങളോ നൂറ്റാണ്ടുകളോ ആയി പരുവപ്പെട്ട് ഉറച്ചുപോയതാണ്. മാറിമാറിയെത്തിയ അധിനിവേശശക്തികള്‍ പിഴുതെറിയാന്‍ ആവത് ശ്രമിച്ചിട്ടും ഇളക്കമില്ലാതെ നില്‍ക്കുന്ന മഹത്തായ സംസ്‌കാരമാണ് ഭാരതത്തിന്റെ സവിശേഷത. അത് മനസിലാക്കുന്നവര്‍ക്ക് ഇന്ത്യ എന്നത് വെറുമൊരു രാജ്യമല്ല, അമ്മ തന്നെയാണ്. ആ അമ്മയുടെ ശീലങ്ങളൊക്കെ തള്ളിപ്പറഞ്ഞ് ആരാന്റെ ജീവിതം അനുകരിക്കാനല്ല അവന്‍ നോക്കുന്നത്, മറിച്ച് അതിനെ കാലങ്ങളോളം കാക്കാനാണ്. ആ കാത്തുസൂക്ഷിക്കലിന്റെ കണ്ണി മുറിഞ്ഞ് പോകാതെ അവനെ കാക്കുന്ന ഒന്നുണ്ട്, അടിയുറച്ച വിശ്വാസം.
ആ വിശ്വാസത്തിന്റെ ശക്തി ബോധ്യപ്പെടുത്തുന്ന എത്രയോ കഥകള്‍ നാം വായിച്ചിരിക്കുന്നു, എത്രയോ നേരനുഭവങ്ങള്‍ കേട്ടിരിക്കുന്നു. ഐതിഹ്യവും ചരിത്രവും സംസ്‌കാരവും ഇഴ ചേര്‍ന്ന് നില്‍ക്കുന്ന അത്തരം ചില വിശ്വാസങ്ങളാണ് ജീവിതയാത്രയില്‍ ശക്തി നല്‍കി അവനെ മുന്നോട്ട് നയിക്കുന്നത്. അത്തരത്തിലൊരു വിശ്വാസം ചരിത്രത്തിന്റെ ഭാഗമായ കഥയാണ് ഗുജറാത്തിലെ പാവഗഢിലെ മഹാകാളികാ ക്ഷേത്രം പറഞ്ഞു തരുന്നത്. കാടും മലയും പിന്നിട്ട് നൂറ്റാണ്ടുകളായി ഭക്തര്‍ ജഗദംബയുടെ അനുഗ്രഹത്തിനായി ഈ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രകൃതി അതിന്റ എല്ലാ വശ്യതയോടെയും കൂടി ക്ഷേത്രത്തിന് ചുറ്റും അലൗകികമായ ഒരു പശ്ചാത്തലവും തീര്‍ത്തു. ശാന്തസുന്ദരമായ ഈ കുന്നിന്‍മുകളില്‍ വിശ്വാമിത്ര മഹര്‍ഷി കാളീപൂജ നടത്തിയിട്ടുണ്ടെന്നും ആ മഹാമുനിയാണ് ഇവിടെ ദേവീപ്രതിഷ്ഠ നടത്തിയതെന്നുമാണ് ഐതിഹ്യം.
നവരാത്രി ആഘോഷവേളകളില്‍ ദേവിയുടെ മുന്നില്‍ ഗര്‍ബ നൃത്തം ചവിട്ടാന്‍ ഗ്രാമത്തിലെ സ്ത്രീകള്‍ പതിവായി ഇവിടെയെത്തുമായിരുന്നു. അവരുടെ നിഷ്‌കളങ്കമായ ഭക്തിയിലും സ്‌നേഹത്തിലും ആകൃഷ്ടയായ ദേവി ഒരിക്കല്‍ ഒരു ഗ്രാമീണസ്ത്രീയുടെ വേഷത്തില്‍ ഗര്‍ബയില്‍ ചുവട് വയ്‌ക്കാനെത്തി. അന്ന് പാവഗഢ് മലയുടെ അടിവാരത്തുള്ള ചമ്പാനര്‍ രാജ്യം ഭരിച്ചിരുന്നത് പട്ടായി രാജവംശമായിരുന്നു. രാജകുടുംബാംഗങ്ങളും നവരാത്രി ആഘോഷത്തിന് നേതൃത്വം നല്‍കി ക്ഷേത്രത്തിലുണ്ടായിരുന്നു.
രാജാവായിരുന്ന ജയ് സിങ് മനോഹരമായി ചുവട് വച്ചാടുന്ന അതിസുന്ദരിയായ ദേവിയെ കണ്ട് വല്ലാതെ മോഹിച്ചു. രാജ്ഞിയാക്കാമെന്ന വാഗ്ദാനവുമായി അദ്ദേഹം ആ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. അത് നിരസിച്ച ദേവിയാകട്ടെ ഞാന്‍ നിനക്ക് മാതൃസ്ഥാനീയയാണെന്ന് രാജാവിനെ ഓര്‍മിപ്പിച്ചു. പക്ഷേ അതൊന്നും ചെവിക്കൊള്ളാന്‍ ദേവിയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചുപോയ ജയ്‌സിങ് തയാറായില്ല. അവസാനം കോപാകുലയായ ദേവി പട്ടായി രാജവംശം നശിച്ചുപോകട്ടെ എന്ന് ശപിച്ചു. ഇതിന് പിന്നാലെ മുഗള്‍ രാജാവായ മുഹമ്മദ് ബെഗദ ചമ്പാനര്‍ ആക്രമിച്ച് ജയ് സിങ്ങിനെ പരാജയപ്പെടുത്തി. അങ്ങനെ ചമ്പാനറില്‍ അഭിവൃദ്ധി പ്രാപിച്ചു കിടന്ന ആ രാജാവിന്റെ സാമ്രാജ്യം ദേവിയുടെ ശാപം കാരണം തകര്‍ച്ചയിലേക്ക് നീങ്ങി.
പാവഗഢ് പിടിച്ചെടുത്ത മുഹമ്മദ് ബെഗദ മഹാകാളികാ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ തകര്‍ത്ത് അതൊരു ദര്‍ഗയാക്കി. മുസ്ലീം സംന്യാസിയായിരുന്ന സദന്‍ ഷായുടെ പേരിലാണ് ഈ ദര്‍ഗ അറിയപ്പെട്ടിരുന്നത്. അങ്ങനെ കാളീമാതാവിനെ ഗ്രാമീണര്‍ക്ക് നഷ്ടമായി. അമ്മയുടെ കാല്‍ക്കല്‍ അര്‍പ്പിക്കാന്‍ പൂക്കളും പൂജാദ്രവ്യങ്ങളുമായെത്തുന്നവര്‍ക്ക് മുന്നില്‍ ആ ക്ഷേത്രം അടഞ്ഞുകിടന്നു. നൂറ്റാണ്ടുകളോളം കാളിമാതാവിന്റെ ഇരിപ്പിടമായിരുന്ന ശ്രീകോവില്‍ ശവകുടീരമായി. ദീപപ്രഭയില്‍ ചെമ്പട്ടില്‍ ജ്വലിച്ച് കാളിമാതാവ് ഇരുന്നിടം ശവകുടീരമായി മാറിയപ്പോള്‍ വ്രണപ്പെട്ടത് വിശ്വാസം മാത്രമായിരുന്നില്ല. ഓരോ ഹിന്ദുവിന്റെയും ആത്മാഭിമാനവും കൂടിയായിരുന്നു.
അങ്ങനെ ആ ദര്‍ഗയ്‌ക്കെതിരെ നിയമയുദ്ധമാരംഭിച്ചു. പക്ഷേ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ അന്ധരായിപ്പോയവരായിരുന്നില്ല പാവഗഢിലെ മുസ്ലീംങ്ങള്‍. നൂറ് കണക്കിന് വരുന്ന ഹിന്ദുക്കളുടെ സങ്കടത്തെ മാനിക്കാനും പ്രായശ്ചിത്തം ചെയ്യാനുമുള്ള മനസ് അവര്‍ക്കുണ്ടായിരുന്നു. അങ്ങനെ ദര്‍ഗ മാറ്റി സ്ഥാപിക്കപ്പെട്ടു. പത്തോ നൂറോ വര്‍ഷമല്ല തലമുറ തലമുറകളായി കാളീ ഭക്തര്‍ കാത്തിരുന്ന ആ സുന്ദരമുഹൂര്‍ത്തം ഒടുവില്‍ സംജാതമായി. മഹാകാളിക ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വീണ്ടും പണിതുയര്‍ത്തി. ആ ശ്രീകോവിലിന് മുകളിലായി ഭഗവദ് പതാക ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ വാസ്തുശില്‍പ്പികളടങ്ങുന്ന ഗുജറാത്തിലെ സോംപുര കുടുംബമായിരുന്നു പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
അഞ്ഞൂറാണ്ടിനിപ്പുറം പാവഗഢ് പഴയ പ്രൗഢി വീണ്ടെടുക്കുന്നു. ഇസ്ലാമിക ആക്രമണത്തില്‍ അറ്റുവീണ ചരിത്രം ഉയിര്‍ക്കുന്നു. പാവഗഢിലെ ശ്രീകാളീകാമന്ദിരത്തിന്റെ പവിത്ര ഭഗവ പതാക രാജ്യത്തിന്റെ പ്രധാനമന്ത്രി ഉയര്‍ത്തി. ഭാരതീയതയുടെ മഹോത്സവത്തിന്റെ കൊടിയേറ്റമായിരുന്നു അത്.
വഡോദരയ്‌ക്കുസമീപം പഞ്ച്മഹല്‍ ജില്ലയില്‍ 800 മീറ്റര്‍ ഉയരമുള്ള കുന്നില്‍പുറത്താണ് ഈ മഹാകാളികാ ക്ഷേത്രം. 51 ശക്തിപീഠങ്ങളില്‍ ഒന്നാണിത്. സതീദേവിയുടെ കാലിന്റെ ഭാഗം പതിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം. ഈ ക്ഷേത്ര സമുച്ചയം യുനെസ്‌കോയുടെ ലോക പൈതൃക പ്രദേശമായ ചമ്പാനര്‍-പാവഗഢ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കിന്റെ ഭാഗമാണ്. മണിക്കൂറുകളോളം സമയമെടുത്ത് പടിക്കെട്ടുകള്‍ കയറിയായിരുന്നു തീര്‍ത്ഥാടകര്‍ ഈ കുന്നിന്‍മുകളിലെ ക്ഷേത്രത്തിലെത്തിയിരുന്നത്. പിന്നീട് റോപ്പ് വേ സ്ഥാപിച്ചതോടെ ആ യാത്ര മിനിട്ടുകളിലേക്ക് ചുരുങ്ങി. കുത്തനെയുള്ള മല കയറി വരുന്നവര്‍ക്ക് അവരുടെ സഞ്ചാരം സുഗമമാക്കാനായി പടിക്കെട്ടുകളുടെ വീതി കൂട്ടിയിട്ടുണ്ട്. ജീവിതത്തില്‍ ഒറ്റത്തവണ പാവഗഢിലെത്തി അമ്മയെ തൊഴുതാല്‍ മതിയെന്നായിരുന്നു മുമ്പുണ്ടായിരുന്ന വിശ്വാസം.
നിബിഢവനത്തിനുള്ളിലെ ദേവീസങ്കേതത്തിലെത്തുക എന്നത് അത്രമേല്‍ ശ്രമകരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഴ്‌ച്ചയിലോ മാസത്തിലോ എത്ര തവണ വേണമെങ്കിലും കാളീ മാതാവിന്റെ ദര്‍ശനം സാധ്യമാക്കുന്ന വിധമാണ് ക്ഷേത്രം പുനര്‍നിര്‍മിക്കപ്പെട്ടത്. ദേവീഭക്തര്‍ക്ക് മാത്രമല്ല സഞ്ചാരികള്‍ക്കും പാവഗഢ് യാത്ര ഹൃദ്യമാകും. പര്‍വതങ്ങളും തടാകങ്ങളും പാറക്കെട്ടുകളും അവരുടെ കാഴ്‌ച്ചയെ സമ്പന്നമാക്കുന്നതാണ്. മഹാകാളിയുടെ ശക്തിപീഠത്തിന്റെ മറുഭാഗത്തായി ഒരു ജൈനക്ഷേത്രവും ഈ കുന്നിന്‍മുകളിലുണ്ട്. ആത്മീയത മാത്രമല്ല ചരിത്രവും പ്രകൃതിയും സംസ്‌കാരവും കലയുമൊക്കെ പാവഗഢിന്റെ പ്രത്യേകതയാണെന്ന് പറയുന്നത് അതിശയോക്തിയല്ലെന്ന് ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് ബോധ്യപ്പെടും.
മകന്റെയോ മകളുടെയോ വിവാഹം നടക്കുമ്പോള്‍ ക്ഷണക്കത്തുമായി ദേവീമന്ദിരത്തിലെത്തുന്ന അച്ഛനമ്മമാരുള്ള നാട് കൂടിയാണ് പാവഗഢ്. ആ ജഗദംബയുടെ കാല്‍ക്കല്‍ കല്യാണക്കുറി സമര്‍പ്പിച്ച് ദേവിയെ വിവാഹത്തിന് ക്ഷണിച്ചാണ് അവര്‍ മടങ്ങുന്നത്. ക്ഷേത്രപൂജാരി ക്ഷണക്കത്ത് ഭദ്രമായി സൂക്ഷിച്ച് വൈകുന്നേരം പൂജ കഴിഞ്ഞ് ദേവിക്കായി വായിച്ചുകൊടുക്കുന്നു. പാരസ്പര്യത്തിലൂന്നിയ ആ വിശ്വാസത്തിന്റെ കഥ അവിടെയും തീരുന്നില്ല. വിവാഹദിവസം ക്ഷേത്രത്തില്‍ നിന്ന് ദേവിയുടെ അനുഗ്രഹവും സാന്നിധ്യവും സൂചിപ്പിക്കുന്ന പാരിതോഷികം കല്യാണവീടുകളിലെത്തുന്നു. അതേ… മനുഷ്യര്‍ ചിലപ്പോഴെങ്കിലും ദൈവങ്ങളെപ്പോലെയാകും. ആ സംസ്‌കാരവും പാരമ്പര്യവുമാണ് തകര്‍ത്തെറിയപ്പെട്ട ഇത്തരത്തിലുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ നവീകരണത്തിലൂടെ നാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നത്.
അധിനിവേശ ശക്തികള്‍ തകര്‍ത്തെറിയാന്‍ നോക്കിയ സോമനാഥക്ഷേത്രത്തെയും ഗുജറാത്ത് വീണ്ടെടുത്തിരുന്നു. സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വവും മേല്‍നോട്ടവുമാണ് അന്നത് സാധ്യമാക്കിയതെങ്കില്‍ പാവഗഢിലെ ഓരോ നിര്‍മാണപ്രവര്‍ത്തനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കണ്ണുണ്ടായിരുന്നു. നഷ്ടപ്പെട്ടുപോകുന്നതല്ല ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവുമെന്ന് പട്ടേലിനെപ്പോലെ മോദിയും തെളിയിച്ചു. കടന്നുകയറ്റക്കാര്‍ക്ക് സ്പര്‍ശിക്കാനാകാത്ത വിധം വിശ്വാസവും പൈതൃകവും ആഴത്തില്‍ വേരോടി നില്‍ക്കുന്നുണ്ട് ഭാരതത്തില്‍. ചരിത്രം ആവര്‍ത്തിക്കുന്ന തെറ്റുകളോട് സമരസപ്പെടുന്നവനല്ല നല്ല ഭരണാധികാരി. മറിച്ച് അത് തിരുത്തിക്കുറിക്കാനുള്ള ചങ്കൂറ്റമുള്ളവനാകണം. മതവര്‍ഗീയവാദികളെ പ്രീതിപ്പെടുത്താനായി നിശബ്ദനാകുക എന്നതല്ല മതേതരത്വം. വിശ്വാസങ്ങളെയും ആചാരങ്ങളെയും ആദരിച്ച് അംഗീകരിച്ച് പരസ്പരബഹുമാനത്തോടെ വര്‍ത്തിക്കാനുള്ള മനസാണത്.
ഹിന്ദുധര്‍മ്മത്തിന്റെയും സംസ്‌കാരത്തിന്റെയും ദൃഢതയുടെ മറ്റൊരു ഉദാഹരണമാണ് പാവഗഢ് ക്ഷേത്രം. കാലവും പ്രകൃതിയും സമ്മാനിച്ച എല്ലാ നേട്ടങ്ങളും കോട്ടങ്ങളും ഏറ്റുവാങ്ങി മതാന്ധന്‍മാരുടെ ആക്രമണത്തില്‍ ഇരുട്ടിലായിപ്പോയ ശ്രീകോവിനുള്ളിലാണ് ഇന്ന് ആയിരംതിരി വെളിച്ചത്തില്‍ പ്രഭ ചൊരിഞ്ഞ് കാളീ മാ ഭക്തരെ കാത്തിരിക്കുന്നത്. ഇത് കാലം കാത്തുവച്ച മറുപടി. വിശ്വാസവും അനുഷ്ഠാനവും തപസ്സും ഫലവത്താകുമ്പോള്‍, ശക്തി അതിന്റെ പൂര്‍ണതേജസ്സില്‍ പ്രത്യക്ഷപ്പെടുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളാണ് ഇവിടെ സാര്‍ത്ഥകമാകുന്നത്.
തീര്‍ത്ഥാടനത്തിനൊപ്പം വിനോദസഞ്ചാരകേന്ദ്രമായും പാവഗഢ് മാറുമ്പോള്‍ അത് തീര്‍ക്കുന്ന അവസരങ്ങള്‍ അനവധിയായിരിക്കും. വഡോദരയിലെയും പഞ്ച്മഹലിലെയും വനമേഖലയിലെയും ഗോത്രവിഭാഗങ്ങളുടെ നവീകരണത്തിന് ഇത് വഴിയൊരുക്കും. പ്രകൃതി, പരിസ്ഥിതി, പാരമ്പര്യം, ആയുര്‍വേദം തുടങ്ങിയ മേഖലകളില്‍ വലിയ സംഭാവന നല്‍കാന്‍ പാവഗഢിനും പരിസരപ്രദേശങ്ങള്‍ക്കും കഴിയുമെന്നാണ് പ്രതീക്ഷപട്ടിണി കിടക്കുന്ന പച്ചമനുഷ്യരുള്ള നാട്ടില്‍ കോടികള്‍ മുടക്കി ക്ഷേത്രങ്ങള്‍ പണിയുന്നതിനെ അതിരൂക്ഷമായി വിമര്‍ശിക്കുന്നവരുണ്ട്. ജനക്ഷേമത്തിനൊപ്പം രാജ്യത്തിന്റ ആത്മീയവും സാംസ്‌കാരികവുമായ മഹത്വം സംരക്ഷിക്കുന്നതും ഭരണാധികാരികളുടെ ഉത്തരവാദിത്തം തന്നെയാണെന്നത് ഇവര്‍ മറക്കുന്നു.
അല്ലെങ്കില്‍ അവധിക്കാലത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിന് പോകുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃക കേന്ദ്രങ്ങള്‍ നിര്‍മിക്കപ്പെടുമ്പോഴും ഈ രാജ്യത്ത് പട്ടിണിക്കാര്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല എന്നത് മറന്നുപോകുന്നു. രാജ്യത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ മഹത്വം വീണ്ടെടുക്കപ്പെടുന്നതിന്റെ ഭാഗമായി, തകര്‍ത്തെറിഞ്ഞിട്ടിരിക്കുന്ന ക്ഷേത്രങ്ങള്‍ നവീകരിക്കപ്പെടട്ടെ. ഭൂമികുലുക്കത്തിലോ പ്രളയത്തിലോ ഇല്ലാതായവ അല്ല അവ. ഭാരതം എന്ന പൗരാണികദേശത്തിന്റെ യശസും സംസ്‌കാരവും കണ്ട് അമ്പരന്ന് ഇവിടേക്ക് കടന്നുവന്ന ചില ദുഷ്ടശക്തികള്‍ മനപ്പൂര്‍വ്വം ഇല്ലാതാക്കിയതാണെന്ന് ഒരു ചരിത്രവും നമ്മെ പഠിപ്പിക്കില്ല. അത് പഠിക്കണമെങ്കില്‍ ഭാരതം എന്തായിരുന്നു എന്ന അറിവുണ്ടായിരിക്കണം. അമൂല്യമായ രത്‌നങ്ങളും വജ്രങ്ങളുമടങ്ങുന്ന മഹാക്ഷേത്രങ്ങള്‍ എത്രയോ ഈ നാട്ടിലുണ്ടായിരുന്നു. അവയൊക്കെ ഇടിച്ചുനിരത്തി എണ്ണമില്ലാത്ത നിധി ശേഖരമൊക്കെ പൊതിഞ്ഞുകെട്ടി കട്ടുകൊണ്ട് പോയവരെക്കുറിച്ചറിയണം. വൈജ്ഞാനിക രംഗത്തെ ഭാരതത്തിന്റെ സംഭാവനകള്‍ ലോകത്തോട് വിളിച്ചു പറഞ്ഞ രണ്ട് സര്‍വകലാശാലകള്‍, ഇവിടെയുണ്ടായിരുന്നു. പകരം വയ്‌ക്കാനില്ലാത്ത ആ സരസ്വതിക്ഷേത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാനും ശരിയായ ചരിത്രത്തെ ആശ്രയിക്കാം. ആ ചരിതങ്ങളൊക്കെ അറിയുമ്പോള്‍ നഷ്ടപ്പെട്ടതിന്റെ മൂല്യം ബോധ്യമാകും. അത് തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകതയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: