കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ കോളിംഗ്, മെസേജിംഗ് ആപ്പുകളുടെ ഉപയോക്താക്കള്‍ക്ക് കെവൈസി നിര്‍ബന്ധമാക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ട് റിലയന്‍സ് ജിയോ. ജിയോയുടെ ആവശ്യം അംഗീകരിച്ചാല്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചുള്ള ഐഡി വെരിഫിക്കേഷന് വേണ്ടി വരും. ഇവ കേസ് അന്വേഷണത്തിനും മറ്റുമായി പോലീസ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളുമായി ആവശ്യമനുസരിച്ച് പങ്കുവയ്ക്കണമെന്നാണ് ജിയോയുടെ ആവശ്യം.
വ്യാജമായ പേരുകളില്‍ ഇത്തരം ആപ്പുകളില്‍ അക്കൗണ്ട് തുടങ്ങാമെന്നും ഇത് സൈബര്‍ തട്ടിപ്പുകള്‍ക്കു വഴിവയ്ക്കുമെന്നും ട്രായിക്കു നല്കിയ റിപ്പോര്‍ട്ടില്‍ ജിയോ വിശദീകരിക്കുന്നു. ഡിജിറ്റല്‍/ ഇന്റര്‍നെറ്റ് സേവനങ്ങളോട് ആളുകള്‍ക്ക് അവിശ്വാസം സൃഷ്ടിക്കാന്‍ ഇത്തരം തട്ടിപ്പുകള്‍ കാരണമാകും. ഇത് ടെലികോം കമ്പനികള്‍ക്കും നഷ്ടമുണ്ടാക്കുമെന്നും ജിയോ പറയുന്നു.ലൈസന്‍സിംഗ് ചട്ടക്കൂട് പ്രാബല്യത്തില്‍ വന്നാല്‍ വാട്സ്ആപ്പ്, ടെലിഗ്രാം പോലെയുള്ള സൗജന്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് ചാര്‍ജ് ഈടാക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് ടെക് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ടെലികോം കമ്പനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത കോളിംഗ്, മെസേജിംഗ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തേണ്ടതുണ്ടോയെന്ന വിഷയത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നടത്തുന്ന കൂടിയാലോചന പുരോഗമിക്കുകയാണ്. ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് തങ്ങള്‍ക്കുള്ള അതേ നിയന്ത്രണവും ചട്ടങ്ങളും ഏര്‍പ്പെടുത്തണമെന്നാണ് ടെലികോം കമ്പനികളും വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: