ഹൈദരാബാദ്: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാമങ്കം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന്. അണിനിരക്കുന്നത് പാകിസ്ഥാനും നെതര്‍ലന്‍ഡ്‌സും. വേദി ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ തങ്ങളുടെ ശക്തിപ്രകടനം കാഴ്ചവയ്‌ക്കാന്‍ പാകത്തിലുള്ള എതിരാളിയെ ആണ് പാകിസ്ഥാന് ലഭിച്ചിരിക്കുന്നത്. ഏറെ അനിശ്ചിതത്വത്തിനും ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ഒടുവിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഭാരതത്തില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ എത്തിയിരിക്കുന്നത്. വന്‍ സുരക്ഷാ സംവിധാനത്തിലാണ് പാകിസ്ഥാന്‍ ടീമിന് സന്നാഹമത്സരത്തിനും പരിശീലനത്തിനും അവസരമൊരുക്കിയത്. പ്രതിസന്ധികളെല്ലാം കഴിഞ്ഞു ഇനി കളിയെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് പാക് പട ഇറങ്ങാന്‍ കാത്തിരിക്കുകയാണ്.
സമീപകാലത്ത് മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിട്ടുള്ള പാകിസ്ഥാന്‍ ഇന്നിറങ്ങുമ്പോള്‍ സന്നാഹ മത്സരത്തില്‍ നേരിട്ട തിരിച്ചടികള്‍ മറക്കാനായിരിക്കും ശ്രമിക്കുക. ഷദാബ് ഖാനും ഫഖര്‍ സമാനും ഫോമിലല്ലെന്നത് പാക് ടീമിനെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. ബാബര്‍ അസമിന് കീഴില്‍ ഇറങ്ങുന്ന ടീമിന്റെ അന്തിമ 11നെ ഇന്നലെ വൈകീട്ട് വരെ പ്രഖ്യാപിച്ചിട്ടില്ല.
നെതര്‍ലന്‍ഡ്‌സ് നേരിടുന്ന വലിയ വെല്ലുവിളി മൂന്ന് മാസമായി ടീം ഒരു രാജ്യാന്തര ഏകദിനം പോലും കളിച്ചിട്ടില്ലെന്നതാണ്. വെസ്റ്റിന്‍ഡീസും സിംബാബ്‌വെയും അടങ്ങുന്നവരെ മറികടന്ന ലോകകപ്പിന് യോഗ്യത നേടിയ ടൂര്‍ണമെന്റിന് ശേഷം നെതര്‍ലന്‍ഡ് കളിച്ചിട്ടില്ല. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ടീമിന് കളിയുണ്ടായിരുന്നെങ്കിലും മഴ കാരണം ഒരു പന്ത് എറിയാനോ ബാറ്റ് ചെയ്യാനോ പോലും സാധിച്ചില്ല.
സാധ്യതാ ടീം
പാകിസ്ഥാന്‍: ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബബര്‍ അസം(നായകന്‍) മുഹമ്മദ് റിസ്വാന്‍(വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍/സല്‍മാന്‍ അലി അഘാ, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്
നെതര്‍ലന്‍ഡസ്: വിക്രംജിത്ത് സിങ്, മാക്‌സ് ഓദൗദ്, വെസ്ലി ബറേസി, ബാസ് ദെ ലീദെ, കോളിന്‍ അക്കെര്‍മാന്‍, സ്‌കോട്ട് എഡ്വാര്‍ഡ്‌സ്(നായകന്‍, വിക്കറ്റ് കീപ്പര്‍), റയാന്‍ ക്ലെയിന്‍, ലോകാന്‍ വാന്‍ ബീക്ക്, റീലോഫ് വാന്‍ ഡെര്‍ മെര്‍വ്, ഷെരീസ് അഹമ്മദ്, പോള്‍ വാന്‍ മീക്കെറെന്‍
പിച്ചും കാലാവസ്ഥയും
ഇന്ന് ഹൈദാരാബാദില്‍ വെയിലായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മനസ്സിലാക്കിയിട്ടുള്ളത്. പിച്ചിന്റെ സ്വഭാവമനുസരിച്ച് റണ്ണൊഴുകുന്ന വിക്കറ്റാണ് ഇവിടത്തേതെന്ന് പ്രവചിക്കപ്പെടുന്നത്.
26 പാക് നായകന്‍ ബാബര്‍ അസം ഇന്ന് വ്യക്തിഗത സ്‌കോര്‍ 26 റണ്‍സെടുത്താല്‍ ലോകകപ്പില്‍ 500 റണ്‍സ് പൂര്‍ത്തിയാകും. നിലവിലെ പാകിസ്ഥാന്‍ ടീമില്‍ 500 റണ്‍സെടുക്കുന്ന ആദ്യ താരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: