സുകുമാര്‍ കാനഡ
കാനഡയിലെ ഖാലിസ്ഥാന്‍ വാദികളുടെ പ്രവര്‍ത്തനവും അവരുണ്ടാക്കുന്ന പ്രശ്നങ്ങളും ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ വലിയൊരു സംഭാഷണ വിഷയമാണല്ലോ. സിഖ് നേതാവായ നിജ്ജറിന്റെ കൊലപാതകത്തെപ്പറ്റി കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ പരാമര്‍ശിച്ചതിനെത്തുടര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ ചര്‍ച്ചയുണ്ടായത്. അതിന്റെ സത്യാവസ്ഥയെക്കുറിച്ച് പലതരത്തിലുള്ള വ്യാഖ്യാനങ്ങളും നടക്കുന്നുണ്ട്. അത് കുറച്ചുനാള്‍കൂടി തുടരാനാണ് സാധ്യത. ട്രൂഡോയുടെ പ്രസ്താവനകൊണ്ടുണ്ടായ ഒരേയൊരു ഗുണം, എയര്‍ ഇന്ത്യാ ദുരന്തത്തിനു ശേഷം ഒളിച്ചും പതുങ്ങിയും ആണെങ്കിലും വളരെ പ്രബലമായിത്തന്നെ കാനഡയില്‍ നിലനില്‍ക്കുന്ന ഖാലിസ്ഥാന്‍ പ്രശ്നം ഇപ്പോള്‍ പുറത്തു വന്നു എന്നതാണ്.
എങ്ങിനെയാണ് സിഖ് വംശജര്‍ കാനഡയില്‍ രാഷ്ട്രീയശക്തിയായി വളര്‍ന്നതെന്നതിനെക്കുറിച്ച് കഴിഞ്ഞ 36 വര്‍ഷങ്ങളായി കാനഡയില്‍ താമസിക്കുന്ന ആളെന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയാമെന്ന് കരുതുന്നു. കാനഡയിലെ സിഖ് ചരിത്രം നൂറു വര്‍ഷങ്ങളിലേറെ പഴക്കമുള്ളതാണ്. ബ്രിട്ടീഷ് കൊളംബിയയിലെ അബോട്സ്ബോര്‍ഡിലുള്ള ഗുരുദ്വാര സ്ഥാപിച്ചത് 1911ലാണ്. ബ്രിട്ടീഷ് കൊളംബിയയിലും ഒന്റാറിയോയിലുമാണ് സിഖുകാര്‍ ഏറെ കൂട്ടമായി വന്നു താമസിക്കുന്നത്. വലിയ വീടുകള്‍ പണിതു മിക്കവാറും കൂട്ടുകുടുംബമായി താമസമാക്കുന്ന അവര്‍ കനേഡിയന്‍ പൊതു ജവിതധാരയുമായി ഒത്തുപോകുന്ന ജീവിതമല്ല നയിക്കുന്നതെന്ന് പലരും പറയാറുണ്ട്.
ഇപ്പോള്‍ ഭാരതത്തില്‍ നിന്നും വരുന്ന വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരായ സിഖുകാര്‍ മിക്കവാറും പേര് മേല്‍പ്പറഞ്ഞ കൂട്ടരുടെ സ്വഭാവങ്ങള്‍ ഉള്ളവരല്ല. ഖാലിസ്ഥാനൊന്നും അവര്‍ക്ക് പ്രാധാന്യമുള്ള വിഷയങ്ങളുമല്ല. സിറ്റിബാങ്കിന്റെ എന്‍ആര്‍ഐ മാനേജരായി വാന്‍കൂവറില്‍ വന്ന ഹരിസിംഗ്, എംബിഎ എടുത്ത ചെറുപ്പക്കാരന്, ദല്‍ഹിയില്‍ നിന്നാണ് സ്ഥലം മാറി ഇവിടെ എത്തിയത്. അദ്ദേഹത്തിന് എന്നെക്കണ്ടതു തന്നെ ഒരാശ്വാസമായി എന്നാണ് പറഞ്ഞത്. ”ഇവിടെയുള്ള സര്‍ദാര്‍മാര്‍ സംസാരിക്കുന്ന ഭാഷ പോലും എനിക്കത്ര പരിചയം പോരാ. ഇത്ര ബാക് വേര്‍ഡാണ് ഇവരൊക്കെ എന്നെനിക്ക് അറിയില്ലായിരുന്നു. എന്റെ മാതാപിതാക്കന്മാര്‍ക്കു പോലും അവരുടെ പഞ്ചാബി മനസ്സിലാവുന്നില്ല. ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിതി അവര്‍ക്കൊന്നും അറിയില്ല. പലരും ഇംഗ്ലീഷ് സംസാരിക്കുന്നുപോലും ഇല്ല.” ഹരിസിംഗ് ആറുമാസം ഇവിടെ ജോലിചെയ്ത് ഭാരതത്തിലേക്ക് മടങ്ങിപ്പോയി.
കാനഡയിലെ സര്‍ക്കാരിലും പൊതുസ്ഥാപനങ്ങളിലും അധികം സിഖുമതക്കാര്ക്ക് ജോലി കിട്ടാറില്ല. അവരെ ‘സാദാ വെള്ളക്കാര്‍’ ജോലിക്ക് എടുക്കില്ല എന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്. ചില അപവാദങ്ങള്‍ ഉണ്ടാവാം. പ്രൈവറ്റ് കമ്പനികളിലാണ് അവര്‍ കൂടുതലും ഉള്ളത്. പിന്നെ അവരുടെതന്നെ കെട്ടിടനിര്‍മ്മാണം പോലുള്ള പണികളില്‍. വര്‍ണ്ണവിവേചനമൊക്കെ തുടച്ചു നീക്കപ്പെട്ടു എന്ന് പൊതുവേ പറയാമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ ഇമ്മിഗ്രന്റ് ആയി വന്നിട്ടുള്ളവര്‍ക്ക് (വെള്ളക്കാര്‍ അല്ലാത്തവര്‍ക്ക്) ഉയര്‍ന്ന ജോലികള്‍ കിട്ടാന്‍ പ്രയാസം തന്നെയാണ്. ഇക്കാരണങ്ങളാല്‍ പണം, അധികാരം, സ്വാധീനം എന്നിവയാണ് വിദ്യാഭ്യാസം, ഉയര്‍ന്ന ജോലികള്‍ എന്നിവയേക്കാള്‍ പ്രധാനമെന്ന് വളരെ നേരത്തേ തിരിച്ചറിഞ്ഞ ബുദ്ധിമാന്‍മാരാണിവര്‍. അവരില്‍ ചെറിയൊരു വിഭാഗമാണ് ഖാലിസ്ഥാന്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടരായി ഇപ്പോള്‍ ചര്‍ച്ചാവിഷയമായി നിറഞ്ഞു നില്‍ക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കാനഡയ്ക്ക് അധികം താമസിയാതെ തലവേദനയാകാന്‍ തുടങ്ങും. ഇപ്പോള്‍ത്തന്നെ ഇരുപതും മുപ്പതും മുറികളുള്ള മെഗാവീടുകള്‍ വച്ചു താമസിക്കുന്ന സിഖുകാര്‍ക്ക് എതിരായി സിറ്റികളിലും മറ്റും പരാതികള്‍ ഉണ്ടാവുന്നുണ്ട്. ലഹരിമരുന്ന്, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചെറുപ്പക്കാര്‍ ഗ്യാംഗുകളായി പരസ്പരം കൊല്ലുന്ന കേസുകളില്‍ മിക്കവാറും സിഖ് ചെറുപ്പക്കാര്‍ ഉണ്ട്.
1996ലോ മറ്റോ ആണെന്ന് തോന്നുന്നു എന്റെ ഓഫീസിലെ ജൂനിയര്‍ എന്‍ജിനിയര്‍ സത് വീന്ദര്‍ സിംഗ് പറഞ്ഞു. ”കേട്ടോ, ഞാന്‍ പറയാറില്ലേ? ഗുര്‍മീത്, അയാള്‍ റീഫോം (ഇപ്പോള്‍ കണ്‍സര്‍വേറ്റീവ്) പാര്‍ട്ടിയിലേക്ക് പോയി.” അധികം താമസിയാതെ അയാള്‍ക്ക് എംപി സീറ്റിലേക്ക് മത്സരിക്കാന്‍ സറിയില്‍ നിന്ന് ടിക്കറ്റ് കിട്ടി. ഉടനേ എംപിയും ആയി. ശേഷം ചരിത്രം. ഇദ്ദേഹം കാനഡയില്‍ വന്നിട്ട് കുറച്ചു കാലം ജോലിയൊന്നുമില്ലാതെയിരുന്നിട്ട് കിട്ടിയ ശമ്പളം, കിട്ടുന്ന ആദ്യത്തെ ജോലി കനേഡിയന്‍ എംപി ആയിട്ടാണ് എന്ന് പറയപ്പെടുന്നു!. അതായത്, തനിക്ക് കിട്ടാതിരുന്ന ജോലികളുടെയെല്ലാം അധികാരികളെ നയിക്കുന്ന ജോലി!
ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ കേരളത്തില്‍ നിന്നും മറ്റും കാനഡയിലേക്ക് വരുന്നുണ്ടല്ലോ. അവരില്‍ കുറച്ചുപേര്‍ക്ക് നല്ലനിലയില്‍ ജോലിയും മറ്റുമായി ഇവിടെ കഴിയാന്‍ ആവുമായിരിക്കും. പക്ഷേ വരുമാനം കുറഞ്ഞ ജോലികള്‍ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് പന്ത്രണ്ടാം ക്ലാസ്സ് പാസ്സായവര്‍ക്ക് ഇവിടെ പഠിക്കാന്‍ അവസരം കൊടുക്കുന്നത്. അതും വലിയ ഫീസ് (കനേഡിയന്‍ വിദ്യാര്ഥികളെക്കാള് മൂന്നിരട്ടി) വാങ്ങിയാണ് കേട്ടുകേള്‍വിപോലുമില്ലാത്ത ‘യൂണിവേഴ്സിറ്റി’കളിലേക്ക് ചെറുപ്പക്കാര്‍ കൂട്ടത്തോടെ വരുന്നത്. ഏതായാലും ഇമ്മിഗ്രന്റുകളുടെ കൂട്ടത്തില്‍ ഉയര്‍ന്ന ജോലികള്‍ക്കൊന്നും കാത്തു നില്‍ക്കാതെ രാഷ്ട്രീയത്തിലും ബിസിനസ്സിലും, കെട്ടിടനിര്‍മ്മാണത്തിലും, കൃഷിയിലും, ട്രക്കിങ്ങിലും അത്യാവശ്യം ‘മരുന്ന്’ കച്ചവടത്തിലും ഒക്കെയായി ഉയര്‍ന്ന വരുമാനമുള്ളവരാണ് പൊതുവേ കാനഡയിലെ സിഖുകാര്‍. ഇവിടുത്തെ യൂണിവേഴ്സിറ്റികളിലും മറ്റും വില കൂടിയ കാര്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ മിക്കവാറും ഇവിടുത്തെ രണ്ടാം തലമുറയിലുള്ള സിഖുകാരാണ്.
ഇവിടുത്തെ ഹിന്ദു സമൂഹമാകട്ടെ ഉയര്‍ന്ന വിദ്യാഭ്യാസം ആവശ്യമുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ കോര്‍പ്പറേറ്റ് ജോലികളിലാണ് പൊതുവേ എര്പ്പെടുന്നത്. അങ്ങിനെയുള്ള ജോലികള്‍ക്ക് പകരം ഉയര്‍ന്ന ജോലിയുള്ളവരെയെല്ലാം നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനവും അധികാരവും കയ്യാളുന്ന നിലയിലാണ് കാനഡയിലെ സിഖുകാര്‍ വളര്‍ന്നിരിക്കുന്നത്. സാമ്പത്തികമായി മറ്റേതുസമൂഹത്തെക്കാളും ഉയര്‍ന്ന തലത്തിലാണ് അവര്‍ ഉള്ളത്. മധുരമായ പ്രതികാരം! ഇവര്‍ എന്‍ഡിപി, ലിബറല്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളിലെല്ലാം ഉണ്ട്. അതായത് എല്ലാ പാര്‍ട്ടികളിലും അവരുടെ നിര്‍ണായക സാന്നിദ്ധ്യം ഉണ്ടെന്നര്‍ത്ഥം. സിഖുകാര്‍ അധികമുള്ള മണ്ഡലങ്ങളില്‍ എല്ലാ പാര്‍ട്ടിക്കാരും അക്കൂട്ടരെ മാത്രമേ സ്ഥാനാര്‍ത്ഥികള്‍ ആക്കുകയുള്ളൂ. ഇന്ത്യയില്‍ നിന്നും വന്നവര്‍ക്ക് ജാതി-മത രാഷ്ട്രീയം നന്നായി അറിയാമല്ലോ! വെള്ളക്കാര്‍ക്ക് അതിനെപ്പറ്റി അത്ര ധാരണയില്ല എന്നു തോന്നുന്നു. അമേരിക്കയിലും ബ്രിട്ടനിലും വെള്ളക്കാര്‍ തന്നെയാണ് ഋഷി സുനാക്കിനെയും കമലാ ഹരിസ്സിനെയും ഇപ്പോള്‍ വിവേക് രാമസ്വാമിയെയും ഉയര്‍ത്തിക്കൊണ്ടു വന്നത്. അവരൊന്നും വംശീയ വോട്ട് നേടിയല്ല നേതൃസ്ഥാനത്തു വന്നത്. പക്ഷേ കാനഡയിലെ രാഷ്ട്രീയം സിഖുകാര്‍ കളിക്കുന്നത് ഇന്ത്യയിലെപ്പോലെ തന്നെയാണ്. ഇപ്പോള്‍ 18 സിഖ് എംപിമാരുണ്ട് കാനഡയില്‍. (ഇന്‍ഡ്യയില്‍ 13 പേരെയുള്ളൂ സിഖ് എംപി മാര്‍) ജനസംഖ്യയനുസരിച്ചുള്ള അനുപാതത്തെക്കാള്‍ (2%) ഇരട്ടിയിലധികമാണ് അവരുടെ പ്രാതിനിധ്യം. ഇതില്‍ എല്ലാവരും ഖാലിസ്ഥാന്‍ വാദികളല്ല. ട്രൂഡോ കൂട്ട് സഭയിലെ എന്‍ഡിപിയുടെ തലപ്പത്തുള്ളയാള്‍ ഖാലിസ്ഥാന്‍ വാദിയായ ജഗമീത് സിങ് ആണ്. ട്രൂഡോയ്ക്ക് അവരുടെ സഹായമില്ലാതെ ഭരണം തുടരാന്‍ ആവുകയില്ല. അതുകൊണ്ട് ഖാലിസ്ഥാന്‍ വാദികള്‍ ആവശ്യപ്പെടുന്നതെല്ലാം നടപ്പിലാക്കാന്‍ ട്രൂഡോ ബാദ്ധ്യസ്ഥനുമായി. അങ്ങിനെയാണ് അദ്ദേഹം പാര്‍ലമെന്റില്‍ നിജ്ജര്‍ വിഷയം അവതരിപ്പിക്കാന്‍ ഇടയായത്. ഇന്ത്യയില്‍ അവതരിപ്പിച്ച കാര്‍ഷികബില്ലിനെതിരായും കാനഡയില്‍ ഇവര്‍ പ്രക്ഷോഭം നടത്തി; ട്രൂഡോ അവരെ പിന്താങ്ങുകയും ചെയ്തു.
മര്യാദയ്ക്ക് ഒരു ജോലിക്ക് അപേക്ഷിക്കുമ്പോള്‍ കാലാകാലങ്ങളായി മാറ്റി നിര്‍ത്തുന്നതുകൊണ്ട് സിഖുകാര്‍ രാഷ്ട്രീയ ശക്തി ഉപയോഗിച്ച് കാനഡയെ അവരുടെ വഴിക്ക് തിരിക്കുകയാണ്. ഇന്ത്യയില്‍ ഖാലിസ്ഥാന്‍ സ്ഥാപിക്കാന്‍ അവര്‍ക്കാവുമെന്ന് തോന്നുന്നില്ല. അതിനാല്‍ ഇനി കാനഡയില്‍ ഒരു പ്രത്യേക രാജ്യം തന്നെ അവര്‍ക്ക് വേണമെന്ന ആവശ്യം ഉന്നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. അവര്‍ മനപ്പൂര്‍വ്വം ‘പാവം’ കാനഡയെ പുലിവാല് പിടിപ്പിക്കുകയാണ്. അത് കാനഡയ്ക്ക് വലിയൊരു വയ്യാവേലിതന്നെയാവും. അതിനുവേണ്ടി പഞ്ചാബില്‍ നിന്നുള്ള ഏറെ പഴകിയ ഭാണ്ഡങ്ങളും താങ്ങിയാണല്ലോ അവരുടെ നടപ്പ്! തന്റെ ചിത്രരചനാ പാടവത്തെ നിഷ്ക്കരുണം തള്ളിക്കളഞ്ഞ സമൂഹത്തോട് ഹിറ്റ്ലര്‍ എങ്ങിനെയാണ് പ്രതികരിച്ചതെന്ന് കനേഡിയന്‍ സമൂഹം ഓര്‍ക്കുന്നത് നന്നായിരിക്കും!
(1987 മുതല്‍ കാനഡയില്‍ താമസിക്കുന്ന ഡോ. സുകുമാര്‍, വാന്‍കൂവറില്‍ ഒരു ബഹുരാഷ്ട്രകമ്പനിയില്‍ ചീഫ് എഞ്ചിനിയറാണ്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: