കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ലഭിക്കാതെ ചികിത്സ മുടങ്ങിയ ഒരാള്‍കൂടി മരിച്ചിരിക്കുന്നു. ഇതോടെ ഈ രീതിയില്‍ മരിച്ചവരുടെ എണ്ണം മൂന്നും, നിക്ഷേപിച്ച പണം കിട്ടാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് ആത്മഹത്യ ചെയ്തവരുടെ എണ്ണം രണ്ടുമായിരിക്കുന്നു. മൊത്തം അഞ്ചുപേര്‍. ഇനി എത്ര പേര് മരിക്കുമെന്നോ ആത്മഹത്യ ചെയ്യുമെന്നോ പറയാനാവില്ല. സ്വന്തം സ്ഥലം വിറ്റുകിട്ടിയ പതിനാല് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ച ഭിന്നശേഷിക്കാരനായ ശശിയാണ് ചികിത്സക്ക് പണമില്ലാതെ ഒടുവിലായി മരിച്ചത്. പണം നല്‍കണമെന്ന് പലയാവര്‍ത്തി ആവശ്യപ്പെട്ടിട്ടും ബാങ്കുകാര് കൈമലര്‍ത്തുകയായിരുന്നു. വാര്‍ഡ് മെമ്പറും മറ്റും ഇടപെട്ടതിനെ തുടര്‍ന്ന് പലപ്പോഴായി രണ്ട് ലക്ഷത്തോളം രൂപ മാത്രമാണ് ലഭിച്ചത്. ഇത് മതിയാവാതെ കടം വാങ്ങിയും മറ്റും ചികിത്സ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. ഇതിനും കഴിയാതെ വന്നപ്പോള്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ പാലിയേറ്റീവ് കെയര്‍ സെന്ററിലേക്കു മാറ്റുകയും, അവിടെ മരണം സംഭവിക്കുകയുമായിരുന്നു. വന്‍തോതിലുള്ള കൊള്ളയും പണം തിരിമറികളും കള്ളപ്പണം വെളുപ്പിക്കലുമൊക്കെ അരങ്ങേറിയ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് പണം തിരിച്ചുനല്‍കുമെന്ന് ഇടതുമുന്നണി സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഒരു ഹതഭാഗ്യന്റെ കൂടി ജീവന് പൊലിഞ്ഞിരിക്കുന്നത്. അങ്ങേയറ്റം മനുഷ്യത്വരഹിതമായ സാഹചര്യമാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്നിട്ടും യാതൊരു കുലുക്കവുമില്ലാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രവുമായി മുന്നോട്ടുപോവുകയാണ്.
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപത്തില്‍നിന്ന് കോടാനുകോടി രൂപ കവര്‍ന്നതിനു പുറമെ പാവപ്പെട്ട മനുഷ്യരെ വഞ്ചിക്കുകയുമാണ് സിപിഎം നേതാക്കള്‍ ചെയ്യുന്നത്. അവിടുത്തെ എല്ലാത്തരം തിരിമറികള്‍ക്കും നേതൃത്വം കൊടുത്തത് സിപിഎമ്മുകാരായ ഭരണസമിതിക്കാരും അവരെ പിന്തുണയ്ക്കുന്ന പാര്‍ട്ടി നേതാക്കളുമാണ്. സിപിഎമ്മിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും ഇതില്‍ ബന്ധമില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാവുകയും, കേസില്‍ പ്രതികളാവുകയും എന്‍ഫോഴ്സ്മെന്റിന്റെ പിടിയിലാവുകയും ചെയ്തിട്ടുള്ളവരെല്ലാം സിപിഎമ്മിന്റെ സമുന്നത നേതാക്കളാണ്. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രൊഫഷണലായി യാതൊരു വൈദഗ്ദ്ധ്യവുമില്ലാത്ത ഇവരെ സഹകരണബാങ്കുകളുടെയും ജില്ലാ ബാങ്കുകളുടെയും കേരള ബാങ്കിന്റെയുമൊക്കെ തലപ്പത്ത് കയറ്റിയിരുത്തിയത് സിപിഎമ്മാണ്. ഇവര്‍ക്ക് ആകെ അറിയാവുന്ന പണി അഴിമതിയാണ്. തങ്ങള്‍ക്കുവേണ്ടിയും പാര്‍ട്ടിക്കു വേണ്ടിയും അത് അവര്‍ ഭംഗിയായി നടത്തുകയും, നേതാക്കള്‍ക്ക് വിഹിതം നല്‍കുകയും ചെയ്തിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നതുപോലെ ഇക്കൂട്ടര്‍ ചോറിലെ ചില കറുത്ത വറ്റല്ല, അവര്‍ കൊള്ളക്കാരാണ്. ഇവരെ നിയന്ത്രിക്കുന്നത് പ്രമുഖ സിപിഎം നേതാക്കളാണെന്ന വിവരവും പുറത്തുവന്നു കഴിഞ്ഞു. മുന്‍ മന്ത്രി എ.സി. മൊയ്തീനും ഇപ്പോഴത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനുമൊക്കെ കരുവന്നൂര്‍ തട്ടിപ്പിലെ വമ്പന്‍ സ്രാവുകളാണ്. മൊയ്തീനെപ്പോലുള്ളവര്‍ അറസ്റ്റിലാവുകയും ജയിലിനകത്താവുകയും ചെയ്താല്‍ മാത്രമേ അഴിമതിയില്‍ പങ്കുള്ള മറ്റുള്ളവര്‍ ആരൊക്കെയാണെന്ന് വെളിപ്പെടൂ. ഈ സാഹചര്യം ഒഴിവാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നത്.
കരുവന്നൂരിലെ ബാങ്ക് മറ്റെന്തെങ്കിലും കാരണത്താല്‍ പൊളിയുകയായിരുന്നില്ല. നിക്ഷേപിച്ച പണം തട്ടിയെടുക്കുകയായിരുന്നു. അവര്‍ ആരൊക്കെയെന്ന് സിപിഎമ്മിനും സര്‍ക്കാരിനും നാട്ടുകാര്‍ക്കും നന്നായറിയാം. കരുവന്നൂര്‍ മോഡല്‍ കവര്‍ച്ച ഒരു പാര്‍ട്ടി സംവിധാനമാണ്. കരുവന്നൂരില്‍ മാത്രമല്ല, സംസ്ഥാനത്തെ നിരവധി സഹകരണ ബാങ്കുകളിലും ഇത്തരം തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. പാവങ്ങളെ സഹായിക്കാനെന്ന പേരില്‍ അവരെ കൊള്ളയടിക്കുകയാണ് സിപിഎം ചെയ്തതെന്ന് വ്യക്തമായിരിക്കുന്നു. പാവങ്ങളോട് ലവലേശം സ്നേഹമില്ലാതെ അവരുടെ ചോര കുടിച്ചുവളരുന്ന അട്ടകളായി മാര്‍ക്സിസ്റ്റുകള്‍ മാറിയിരിക്കുന്ന കാഴ്ചയാണ് ജനങ്ങള്‍ കാണുന്നത്. എന്നിട്ടും ഇവര്‍ സഹകരണ പ്രസ്ഥാനത്തിന്റെ രക്ഷകര്‍ ചമയുകയാണ്! ഈ കൊള്ളക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്. ഇതിനാണ് മുന്‍ എംപി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി കരുവന്നൂര്‍ പദയാത്ര നടത്തിയത്. സിപിഎം വഞ്ചനയുടെ രക്തസാക്ഷിയായ ശശിയുടെ കുടുംബത്തെ സഹായിക്കാനും സുരേഷ് ഗോപി സന്നദ്ധനായിരിക്കുന്നു. ചികിത്സ കിട്ടാതെ മരിച്ച ശശിയുടെ വീട്ടിലെത്തിയ അദ്ദേഹം മൂന്നുലക്ഷം രൂപ സഹായമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പെരുങ്കള്ളന്മാരായ സിപിഎം നേതാക്കളെ സഹകരണ ബാങ്കുകളില്‍നിന്ന് പടിയിറക്കിയേ തീരൂ. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണങ്ങള്‍ ഈ ദിശയില്‍ മുന്നോട്ടുപോകണമെന്നാണ് സിപിഎമ്മിന്റെ തട്ടിപ്പിനിരയായവരും ജനങ്ങളും ആഗ്രഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: