ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്പൂരില് 12600 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. വീരാംഗന റാണി ദുര്‍ഗാവതി സ്മാരകത്തിന്റെ ഭൂമിപൂജയും അദ്ദേഹം നിര്‍വഹിച്ചു.
റാണി ദുര്‍ഗാവതിയുടെ സ്മരണയ്ക്കായി തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. മുന്‍ സര്‍ക്കാരുകള്‍ രാജ്യത്തെ മഹാരഥന്മാര്ക്കും ആദിവാസി സമൂഹത്തിനും ആദരവ് നല്കാന് മറന്നുപോയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണ് ആദ്യമായി ആദിവാസി മന്ത്രാലയം രൂപീകരിച്ചതെന്നും ആദിവാസി സമൂഹത്തിന് ആദരവ് കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു.
ഖജനാവ് കൊള്ളയടിക്കാന്‍ വഴിയൊരുക്കുന്ന സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്കുകളില്‍ നിന്ന് 11 കോടി വ്യാജ പേരുകള്‍ തന്റെ സര്‍ക്കാര്‍ നീക്കം ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. ജന്‍ധന്‍, ആധാര്‍, മൊബൈല്‍ എന്നിവയുടെ ഉപയോഗത്തിലൂടെ തന്റെ സര്‍ക്കാര്‍ 2.5 ലക്ഷം കോടി രൂപയിലധികം മോഷണത്തില്‍ നിന്ന് ലാഭിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
വികസനത്തിന്റെ വേഗത നിലച്ചാല്‍ അത് ദുരന്തത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു ഘട്ടത്തിലാണ് ഇന്ന് മധ്യപ്രദേശ് നില്‍ക്കുന്നതെന്ന് മോദി പറഞ്ഞു, അടുത്ത 25 വര്‍ഷം പ്രധാനമാണ്. വികസിത മധ്യപ്രദേശ് മാത്രമേ വികസിത ഇന്ത്യയിലേക്ക് നയിക്കൂ. കഠിനാധ്വാനം ചെയ്ത് ശരിയായ തീരുമാനമെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയെ അധിക്ഷേപിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഇന്ത്യയെ അധിക്ഷേപിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഈ പാര്‍ട്ടികള്‍ ഡിജിറ്റല്‍ ഇന്ത്യയെ ചോദ്യം ചെയ്തു. അവര്‍ കോവിഡ് വാക്സിനെയും സംശയമുനയില്‍ നിര്‍ത്തി. അമൃത് കാലിനെയും പരിഹസിച്ചെന്ന് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: