തിരുവനന്തപുരം: നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2023 ലെ ഗോള്‍ഡ് പുരസ്കാരം കേരള ടൂറിസത്തിന് സമ്മാനിച്ചു. പാറ്റ ട്രാവല്‍ മാര്‍ട്ട്-2023 ന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തെ ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ (ഐഇസിസി) നടന്ന ചടങ്ങില്‍ പാറ്റ ചെയര്‍മാന്‍ പീറ്റര്‍ സെമോണെയില്‍ നിന്ന് കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പുരസ്കാരം ഏറ്റുവാങ്ങി. മാര്‍ക്കറ്റിംഗ് കാമ്പയിന്‍ (സ്റ്റേറ്റ് ആന്‍ഡ് സിറ്റി-ഗ്ലോബല്‍) വിഭാഗത്തിലാണ് പുരസ്കാരം.
കോവിഡിനു ശേഷം ടൂറിസം മേഖലയിലേക്ക് ആഭ്യന്തര വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള കേരളത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കുക, കേരളത്തിലേക്ക് വരിക’ എന്ന ആശയത്തില്‍ അച്ചടി, റേഡിയോ, വിഷ്വല്‍, ഒഒഎച്ച്, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ, വെബ് പോര്‍ട്ടല്‍ തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെയായിരുന്നു പ്രചാരണം.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കേരള ടൂറിസം നടപ്പാക്കിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ലക്ഷ്യസ്ഥാനങ്ങളിലൊന്നായ കേരളത്തിലേക്ക് വരാന്‍ സഞ്ചാരികളെ പ്രേരിപ്പിച്ചു. കേരളത്തിന്റെ ആകര്‍ഷകമായ പ്രകൃതിഭംഗിയില്‍ അവധിക്കാലം ചെലവിടാനും സാഹസിക വിനോദങ്ങളിലേര്‍പ്പെടാനും ക്ഷണിച്ചുകൊണ്ടുള്ള കാമ്പയിന് ചെറുപ്പക്കാരെ ആകര്‍ഷിക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ഉറപ്പാക്കുന്നതില്‍ കാമ്പയിന്‍ പ്രധാന പങ്ക് വഹിച്ചുവെന്നും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ഈ വര്‍ഷം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചേക്കുമെന്നും ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു.
ആഭ്യന്തര സഞ്ചാരികള്‍ക്കൊപ്പം ലോകമെമ്പാടുമുള്ള കേരളത്തിന്റെ പ്രധാന ടൂറിസം വിപണികളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണവും ക്രമാനുഗതമായി വര്‍ധിക്കുന്ന അവസരത്തിലാണ് ഈ പുരസ്കാര നേട്ടമെന്ന് ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് പറഞ്ഞു.
സാഹസിക വിനോദത്തില്‍ ഏര്‍പ്പെടുന്ന യുവദമ്പതികള്‍, സ്കേറ്റ്ബോര്‍ഡില്‍ ഗ്രാമീണ റോഡിലൂടെ പോകുന്ന പെണ്‍കുട്ടി, റോഡരികിലെ കടയില്‍ ചായ കുടിക്കുന്ന സഞ്ചാരികള്‍, മലയോരത്തെ ശാന്തമായ പ്രകൃതി ആസ്വദിക്കുന്ന കുടുംബം എന്നിവയടങ്ങിയ കേരള ടൂറിസത്തിന്റെ പ്രമോഷന്‍ വീഡിയോ സഞ്ചാരികളെ ഏറെ സ്വാധീനിച്ചിരുന്നു. ഇത് കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ വരവിനെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തല്‍.
ഹോങ്കോങ് ടൂറിസം ബോര്‍ഡ്, ഇന്‍ജിയോണ്‍ ടൂറിസം ഓര്‍ഗനൈസേഷന്‍, ജെജു ടൂറിസം ഓര്‍ഗനൈസേഷന്‍, കൊറിയ ടൂറിസം ഓര്‍ഗനൈസേഷന്‍, നേപ്പാള്‍ ടൂറിസം ബോര്‍ഡ്, സബാ ടൂറിസം ബോര്‍ഡ്, തായ്വാന്‍ ടൂറിസം ബ്യൂറോ, ടൂറിസം അതോറിറ്റി ഓഫ് തായ് ലാന്‍ഡ്, ടൂറിസം ഫിജി തുടങ്ങിയ രാജ്യാന്തര ടൂറിസം ലക്ഷ്യസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തിന്റെ നേട്ടമെന്നത് ഏറെ ശ്രദ്ധേയമാണ്.
ഏഷ്യ-പസഫിക് മേഖലയിലെ ട്രാവല്‍ വ്യവസായത്തില്‍ നിന്നുള്ള മികച്ച സംഭാവനകള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുന്ന പാറ്റ 1984 ലാണ് സ്ഥാപിതമായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: