തിരുവനന്തപുരം: സിപിഎം നേതാവും സി ഐ ടി യു സംസ്ഥാന പ്രസിഡന്റുമായ
ആനത്തലവട്ടം ആനന്ദന് (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാനുമാണ്. ഭാര്യ ലൈല. മക്കൾ: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.
1937 ഏപ്രില്‍ 22 ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ വി.കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂർ എസ്.എസ്.പി.ബി എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദൻ 1950 കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു. കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
1956 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ആനത്തലവട്ടം, 1964 ൽ പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിലയുറപ്പിച്ചു. 1985 ൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായും 2008 ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 1979ൽ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് മൂന്നുവട്ടം എംഎല്‍എയായി.
ധാരാളം തൊഴിലാളിസമരങ്ങള്‍ക്കു നേതൃത്വം നല്കിയ ആനന്ദന് പലവട്ടം ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷത്തോളം ഒളിവില്‍ പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ ആനത്തലവട്ടം അടിയന്തരാവസ്ഥ അവസാനിച്ച ശേഷമാണ് ജയിൽമോചിതനായത്.
1954 ൽ ഒരണ കൂടുതൽ കൂലിക്കു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദൻ രാഷ്ട്രീയപ്രവർത്തനത്തിലെത്തുന്നത്. വർക്കലയിലെ ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. അക്കാലത്ത് ആനന്ദന് റെയിൽവേയിൽ ടിക്കറ്റ് എക്സാമിനർ ആയി ജോലി ലഭിച്ചെങ്കിലും സംഘടനാപ്രവർത്തനത്തിനു വേണ്ടി അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.
1987, 1996, 2006 കാലത്താണ് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് എംഎല്‍എയായി. 1987ലാണ് ആദ്യ വിജയം. 1991ൽ 316 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി ടി. ശരത്ചന്ദ്രപ്രസാദിനോട് പരാജയപ്പെട്ടു. 96ൽ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. 2006ൽ സി. മോഹനചന്ദ്രനെ തോൽപിച്ചു. 2006 മുതൽ 2011 വരെ ചീഫ് വിപ്പായിരുന്നു.
കേന്ദ്രസർക്കാരിന്റെ കയർമിത്ര പുരസ്കാരം, കയർ മില്ലനിയം പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ കയർ അവാർഡ്, സി.കേശവൻ സ്മാരക പുരസ്കാരം, എൻ.ശ്രീകണ്ഠൻ നായർ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: