ന്യൂദൽഹി: ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുരകായസ്ഥക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ദൽഹി പോലീസിന്റെ റിമാൻ്റ് റിപ്പോർട്ട്. അരുണാചൽ പ്രദേശും കശ്മീരും ഇല്ലാതെ ഭാരതത്തിന്റെ ഭൂപടം സൃഷ്ടിക്കാൻ പ്രബീർ പദ്ധതിയിട്ടു. അമേരിക്കൻ വ്യാപാരിയും കോടീശ്വരനുമായ നെവിൽ റോയ് സിംഘവുമായി നടത്തിയ ഗൂഢാലോചനയ്‌ക്ക് ശേഷമായിരുന്നു ഇതിനായുള്ള നീക്കങ്ങൾ മാധ്യമ സ്ഥാപനം ആരംഭിച്ചതെന്നും കോടതിയ്‌ക്ക് മുൻപാകെ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
വികലമായ ഭൂപടം തയാറാക്കാനുള്ള തെളിവുകൾ കണ്ടെത്തിയതിനു ശേഷമാണു പ്രബീറിനെ അറസ്റ്റ് ചെയ്തത്. കശ്മീരും അരുണാചൽ പ്രദേശും ‘തർക്ക പ്രദേശങ്ങൾ’ എന്നു കാണിക്കുന്ന തരത്തിൽ ഭാരതത്തിന്റെ ഭൂപടം തയാറാക്കുന്നതിനെപ്പറ്റി പ്രബീറും നെവിലും ചർച്ച നടത്തി. ഇതിനായി 115 കോടിയിലേറെ രൂപ വിദേശഫണ്ട് സ്വീകരിച്ചു. ഇതിനായുളള തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ചയായിരുന്നു വ്യാജ വാർത്ത ചമയ്‌ക്കാൻ ചൈനയിൽ നിന്നും ധനസമാഹരണം നടത്തിയതിന് പ്രബിറിനെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദൽഹി പട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന പോലീസ് ആരോപണം നിഷേധിച്ച് ന്യൂസ് ക്ലിക്ക് രംഗത്തുവന്നിരുന്നു. ചൈനീസ് അജണ്ട നടപ്പാക്കിയിട്ടില്ലെന്നും, രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ചാണ് ഫണ്ട് കൈപ്പറ്റിയതെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: